ഇന്ന് യുഡിഎഫ് യോഗം
തിരുവനന്തപുരം: ബാര്‍കോഴ, ബാലകൃഷ്ണപിള്ളയുടെ രാജി, പി.സി. ജോര്‍ജ്ജ് സൃഷ്ടിച്ച പ്രകോപനം -യുഡിഎഫ് കുഴഞ്ഞുമറിയുന്നു. ബാലകൃഷ്ണപിള്ളക്കെതിരെ നടപടിയടക്കം ഇന്ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ കടുത്ത തീരുമാനങ്ങളുണ്ടാകുമെന്നായിരുന്നു വാര്‍ത്തകള്‍. ധനമന്ത്രി കെ.എം. മാണിക്കെതിരെ മൂന്ന് മാസത്തോളമായി ചര്‍ച്ചചെയ്യപ്പെടുന്ന അഴിമതി ആരോപണത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പ്രതിവിധിതേടിയും ഇന്നലെ യുഡിഎഫ് നേതാക്കള്‍ മാരത്തോണ്‍ ചര്‍ച്ച നടത്തി. ഇതിന് പിന്നാലെ മാണിയുടെ വാര്‍ത്താ സമ്മേളനവും. ബാര്‍ കോഴ ആരോപണങ്ങള്‍ക്ക് വിശദീകരണം നല്കി. വിശദീകരണത്തില്‍ രാജിവയ്ക്കില്ലെന്നു വ്യക്തമാക്കുകയും ബാലകൃഷ്ണപിള്ളയ്ക്കെതിരായ നിലപാട് മയപ്പെടുത്തുകയും ചെയ്തു.
സരിതയുടെ കത്ത് പുറത്ത് വിടുമെന്ന ബാലകൃഷ്ണപിള്ളയുടെ ഭീഷണിക്ക് പുറമെ പിള്ളയോട് സിപിഎം മൃദുനയം സ്വീകരിച്ചതും അഴിമതിക്കെതിരെ നില്‍ക്കുന്നവരെ മുന്നണിയിലേക്ക് ക്ഷണിക്കുമെന്ന വി.എസ്. അച്യുതാനന്ദന്റെ നിലപാടുമാണ് യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയത്. ഇതോടെ ബാലകൃഷ്ണപിള്ളയ്ക്കെതിരെ കടുത്ത നടപടി വേണമെന്ന മാണിയുടെ വാശി ഒഴിവാക്കണമെന്നവ്യവസ്ഥയില് ബാര്‍കോഴ വിവാദത്തില്‍ യുഡിഎഫിന്റെ പിന്തുണ മാണിക്ക് നല്കി പ്രശ്നപരിഹാരം കാണാന്‍ ധാരണയാവുകയായിരുന്നു. ബാര്‍കോഴ വിവാദത്തിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പ്രശ്നം ചര്‍ച്ചചെയ്യാന്‍ ഇന്ന് വൈകിട്ട് ആറിന് ക്ലിഫ്ഹൗസിലാണ് അടിയന്തര യോഗം ചേരുന്നത്. ബിജു രമേശിനെ പിന്തുണച്ച് കേരളാകോണ്‍ഗ്രസ്(ബി) ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള മാണിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ യുഡിഎഫില്‍ വലിയ ആഭ്യന്തര കലഹത്തിന് വഴിയിട്ടിരുന്നു. പിള്ളയ്ക്കെതിരായ നടപടി ലക്ഷ്യമിട്ടാണ് ഇന്നത്തെ യോഗമെങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കടുത്ത നടപടിയുണ്ടാവില്ല.
വിവാദങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ഇന്ദിരാഭവനിലെത്തി കെപിസിസി പ്രസിഡന്റ് വി.എം. സുധീരനുമായും കൂടിക്കാഴ്ച നടത്തി. മാണിക്ക് പിന്തുണ നല്‍കുമെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. അതിനിടെ, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് സെക്രട്ടറിയേറ്റിലെത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും കണ്ടു. ഉച്ചയ്ക്ക് ശേഷം ക്ലിഫ് ഹൗസില്‍ കക്ഷിനേതാക്കളും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്, രമേശ് ചെന്നിത്തല എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. മുന്നണിയില്‍ പ്രതിസന്ധിയുണ്ടാവാത്ത തരത്തില്‍ നടപടികള്‍ സ്വീകരിക്കാനാണ് ധാരണ. വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ പിള്ളയോട് ആവശ്യപ്പെടും. തല്ക്കാലം ഖേദപ്രകടനത്തില്‍ പ്രശ്നങ്ങള്‍ ഒതുക്കിത്തീര്‍ക്കാനാണ് ശ്രമം.
വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ പിള്ളയ്ക്കെതിരെ നടപടിയുണ്ടായാല്‍ പി.സി. ജോര്‍ജിനെതിരേയും നടപടി വേണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ പി.സി. ജോര്‍ജ്ജിനെതിരെയും നടപടിയുണ്ടാവില്ല. പുതിയ സാഹചര്യങ്ങളെക്കുറിച്ച് മുന്നണി യോഗത്തിന് ശേഷം പ്രതികരിക്കാമെന്നാണ് പിള്ളയും, ജോര്‍ജും പറഞ്ഞിരിക്കുന്നത്. ഇന്നത്തെ യുഡിഎഫ് യോഗത്തിന് ശേഷം കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതിയും തിരുവനന്തപുരത്ത് യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: