തിരുവനന്തപുരം: ശാസ്ത്രത്തേയും ആത്മീയതയേയും സമന്വയിപ്പിച്ച് നൂതനമായ ഒരു പ്രവർത്തനശൈലി സ്വീകരിച്ചതുകൊണ്ടാണ് അന്തർദേശീയ തലത്തിൽ ഈശാ സ്വാമി പ്രശസ്തനായതെന്ന് ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദ ബോസ്. പ്രപഞ്ചത്തിന് നിദാനമായ എനർജിയെ കുറിച്ചും വികസനത്തിന് അനിവാര്യമായ വിദ്യാഭ്യാസത്തെ കുറിച്ചും സ്വാമി ആവിഷ്കരിച്ച സിദ്ധാന്തങ്ങൾ അക്കാദമിക്ക് ലോകം അംഗീകരിച്ചിട്ടുണ്ടെന്നും, മനുഷ്യന്റെ ആന്തരിക ലോകവും ബാഹ്യലോകവും ഒന്നാണെന്ന് സ്വാമിജി സ്ഥാപിച്ചിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.
സ്വാമി ഈശയുടെ എഴുപതാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രപഞ്ചത്തിന്റെ ഉത്പത്തിയേയും നിലനില്പിനേയും കുറിച്ചുള്ള അന്വേഷണമാണ് ശാസ്ത്രമെന്നും പ്രപഞ്ചത്തിനു നിദാനമായ ശക്തിയെ കുറിച്ചുള്ള അന്വേഷണമാണ് ആത്മീയതയെന്നും അനുഗ്രഹ പ്രഭാഷണത്തിൽ സ്വാമി പറഞ്ഞു. പ്രപഞ്ചത്തിന് അടിസ്ഥാനമായ എനർജിയെ ഹിതകരമായ കാര്യങ്ങൾക്ക് വിനിയോഗിച്ചാൽ ഇന്നത്തെ ദുരന്തങ്ങൾ എല്ലാം പരിഹരിക്കാമെന്നും സ്വാമി ഈശാ പ്രസ്താവിച്ചു.
ഒരു ലക്ഷം രൂപയും ശില്പവും കീർത്തിപത്രവും അടങ്ങുന്ന ഈ വർഷത്തെ G.E.P എനർജി അവാർഡ് സംഗീത സംവിധായകനായ ശരത്തിന് ഡോക്ട്ർ സി. വി. ആനന്ദ ബോസ് സമ്മാനിച്ചു. രബീന്ദ്ര സർവ്വകലാശാല വൈസ് ചാൻസലർ സുബ്രോ കുമാർ മുക്കർജി, ഈശാ ട്രസ്സ് സെക്രട്ടറി ഡോ എം ആർ തമ്പാൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ഈശാ സ്വാമി രചിച്ച് ശരത്ത് സംഗീത സംവിധാനം ചെയ്ത് കെ.എസ് ചിത്രയും മധു ബാലകൃഷ്ണനും ആലപിച്ച ‘പ്രകൃതിയാണമ്മ’ എന്ന ഗാന ചിത്രീകരണ ഓഡിയോവിഷൻ ഗവർണർ പ്രകാശനം ചെയ്തു.
സ്വാമിജി രചിച്ച ‘സ്പന്ദനം’ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനവും ഗവർണറാണ് നിർവ്വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: