കോട്ടയം: തങ്ങളുടെത് തൊഴിലാളിവര്‍ഗ പാര്‍ട്ടിയാണെന്നും അത്തരം ഒരു പാര്‍ട്ടിയുടെ മുഖ്യമന്ത്രിക്ക് ഇത്രയും ധാര്‍ഷ്ട്യം വേണ്ടെന്നും സിപിഎം ചങ്ങനാശ്ശേരി ഏരിയ സമ്മേളനത്തില്‍ വിമര്‍ശനം. പ്രസംഗിക്കുന്നതിനിടയില്‍ മൈക്ക് കേടായതിന്റെ പേരില്‍ മൈക്ക് ഓപ്പറേറ്ററോട് അപമര്യാദയായി പെരുമാറിയ മുഖ്യമന്ത്രിയുടെ നടപടിയെ പരാമര്‍ശിച്ചായിരുന്നു ഈ വിമര്‍ശനം. പി പി ദിവ്യയുടെ ധിക്കാരത്തെ കുറിച്ചും സമ്മേളനം രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ഉദ്യോഗസ്ഥനെ തിരുത്താന്‍ മറ്റു പല മാര്‍ഗങ്ങള്‍ ഉണ്ടെന്നും പരസ്യമായി അധിക്ഷേപിക്കുകയല്ല ചെയ്യേണ്ടതെന്നും സമ്മേളനത്തില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. ചില മുതിര്‍ന്ന നേതാക്കളുടെ പെരുമാറ്റ രീതികള്‍ അനുചിതമാണ്.അച്ചടക്ക നിബന്ധനകള്‍ താഴെത്തട്ടില്‍ മാത്രമല്ല മുകള്‍ത്തട്ടിലും ബാധകമാണ്. പാര്‍ട്ടിക്കുള്ളില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം ഇല്ലാതാവുകയാണെന്ന ആക്ഷേപമാണ് മുഖ്യമായി ഉയര്‍ന്നത്. അഭിപ്രായ സ്വാതന്ത്ര്യ പ്രകടിപ്പിക്കുന്ന വരെ ഒറ്റപ്പെടുത്തുന്നു. നേതൃസ്ഥാനത്തേക്ക് എത്തുന്നവരില്‍ പലരും ചില കോക്കസുകളില്‍ അംഗമാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ചങ്ങനാശ്ശേരി വെസ്റ്റ് ലോക്കല്‍ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തിനെതിരെ വിമതന് ജയിച്ച സംഭവത്തില്‍ നടക്കുന്ന അന്വേഷണവും ചര്‍ച്ചയായി. വിജയിച്ച എം ആര് ഫസലിനു പാര്‍ട്ടി ഏരിയ കമ്മിറ്റിയംഗം പിന്തുണ നല്‍കിയെന്നും ആരോപണമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: