പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ വെസ്റ്റിന്‍ഡീസിന് കന്നിജയം. നാലാം മത്സരത്തില്‍ ഒരു വിക്കറ്റിന് കരീബിയന്‍ സംഘം ആതിഥേയരെ കീഴടക്കി.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുത്തു. ഡേവിഡ് മില്ലറുടെ (130 നോട്ടൗട്ട്) സെഞ്ച്വറിയാണ് അവര്‍ക്ക് ഭേദപ്പെട്ട സ്കോര്‍ ഒരുക്കിയത്. മില്ലര്‍ പതിനൊന്നു ഫോറുകളും മൂന്നു സിക്സറുകളും പറത്തി. ജെപി ഡുമിനി (43) തരക്കേടില്ലാത്ത സംഭാവന നല്കി. വിന്‍ഡീസ് ക്യാപ്ടന് ജാസന്‍ ഹോള്‍ഡര്‍ക്ക് നാലു വിക്കറ്റ്. ഷെല്‍ഡന്‍ കോര്‍ട്ടല്‍ രണ്ടുപേരെ പുറത്താക്കി.
ചേസ് ചെയ്ത വിന്‍ഡീസ് ഡെയ്ന്‍ സ്മിത്ത് (0), ക്രിസ് ഗെയ്ല് (10), ലിയോണ്‍ ജോണ്സന് (18), ദിനേശ് രാംദിന് (3), ജൊനാതന്‍ കാര്‍ട്ടര്‍ (5) എന്നിവരെ നഷ്ടപ്പെട്ട് ഒരുഘട്ടത്തില്‍ 5ന് 73 എന്ന നിലയില്‍ പതറി. എന്നാല്‍ മര്‍ലോണ്‍ സാമുവല്‍സും (68) ഡാരെന്‍ സമ്മിയും (51) ചേര്‍ന്ന് വിന്‍ഡീസിനെ കരകയറ്റി.
ഒടുവില്‍ 40 പന്തുകളില്‍ അഞ്ചു ബൗണ്ടറികളും അത്രതന്നെ സിക്സറുകളും ഉള്‍പ്പെടെ 64 റണ്‍സോടെ പുറത്താകാതെ നിന്ന ആന്ദ്ര റസലും വാലറ്റവും ചേര്‍ന്ന് സന്ദര്‍ശകര്‍ക്ക് ആവേശകരമായ ജയമൊരുക്കുകയും ചെയ്തു.
















