വെല്ലിങ്ടണ്‍: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ന്യൂസിലാന്റിന് (4-1). ആറാം മത്സരത്തില്‍ കിവികള്‍ 120 റണ്‍സിന്റെ ഗംഭീര ജയം നേടിയെടുത്തു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സെടുത്തു. കെയ്ന്‍ വില്യംസണ്‍ (97), റോസ് ടെയ്‌ലര്‍ (96) എന്നിവര്‍ മിന്നിത്തിളങ്ങി. കോറി ആന്‍ഡേഴ്‌സന്റെ (28 പന്തില്‍ 40) ബിഗ് ഹിറ്റുകളും ബ്ലാക്ക് ക്യാപ്‌സിനെ തുണച്ചു. ലങ്കയ്‌ക്ക് വേണ്ടി ധമിക പ്രസാദ് രണ്ട് വിക്കറ്റ് വീഴ്‌ത്തി.
ചേസ് ചെയ്ത സിംഹളവീരരില്‍ കുമാര്‍ സംഗക്കാര (81) ഒഴികെ മറ്റാരും പ്രതീക്ഷ കാത്തില്ല. ലാഹിരു തിരിമ്മന്നെ (29), തിലകരത്‌നെ ദില്‍ഷന്‍ (21) മഹേല ജയവര്‍ധനെ (9) തുടങ്ങിയവരെല്ലാം അതിവേഗം കൂടാരം പൂകി. വാലറ്റവും അമ്പേപാളി. അതോടെ ലങ്ക 40.3 ഓവറില്‍ 195 റണ്‍സിന് ഇടറിവീണു. കോറി ആന്‍ഡേഴ്‌സന്‍ നാലിരകളെ കണ്ടെത്തി.
ആന്‍ഡേഴ്‌സന്‍ തന്നെ കളിയിലെ കേമനും. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കുന്ന വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡ് സംഗക്കാരയ്‌ക്ക് കൈവന്നത് മാത്രം ലങ്കയ്‌ക്ക് ആശ്വാസമേകി. 472പേരെ പുറത്താക്കിയ സംഗ ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റിനെ ഒപ്പംപിടിച്ചു. 396 ഏകദിനങ്ങളില്‍ നിന്നാണ് സംഗക്കാരയുടെ റെക്കോര്‍ഡ് നേട്ടം.
















