സിഡ്നി: ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. ഇന്ത്യന്‍ സമയം രാവിലെ 8.50ന് മത്സരാരംഭം. ആദ്യ രണ്ടു കളികളും തോറ്റ ധോണിപ്പടയ്ക്ക് ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ കങ്കാരുക്കളെ വധിച്ചേ മതിയാകു. ഇതിനകം ഫൈനല്‍ ഉറപ്പിച്ച ഓസീസ് ടീമിന്റെ ഘടനയില്‍ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നേക്കും.
ബാറ്റിംഗിലും ബൗളിംഗിലും ടീം ഇന്ത്യയ്ക്ക് ഏറെ ആകുലതകളുണ്ട്.
ഓപ്പണര്‍മാരായ ശിഖര്‍ ധവാനും അജിന്‍ക്യ രഹാനെയുമൊന്നും താളം കണ്ടെത്തിയിട്ടില്ല. പുത്തന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ സ്ഥിതിയും സമാനം തന്നെ. രോഹിത് ശര്‍മ്മയുടെ അഭാവം മറ്റൊരു പ്രശ്നം. അതേസമയം, പന്തേറുകാരില്‍ ഇഷാന്ത് ശര്‍മ്മ മടങ്ങിവരുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ബൗളിംഗിന്റെ ശക്തികൂടും. രവീന്ദ്ര ജഡേജയും തിരിച്ചുവരുമെന്നു പറയപ്പെടുന്നു. മറുവശത്ത് ഓസീസിനെല്ലാം ഭദ്രം. മൂന്നു തുടര്‍ ജയങ്ങളുടെ ആത്മവിശ്വാസവും താരങ്ങളുടെ ഉജ്ജ്വല ഫോമും കങ്കാരുക്കള്‍ക്ക് മുന്‍തൂക്കം നല്കുന്നു.
















