തിരുവനന്തപുരം: ദേശീയ ഗെയിംസ് സംഘാടനത്തിലെ അഴിമതി കേരളത്തിന് അപമാനമാകുന്ന അവസ്ഥയിലേക്കാണ് പോകുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍.
ഗെയിംസിന്റെ ഉദ്ഘാടനവേദിയായ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയവും ഗെയിംസ് വില്ലേജും ബിജെപി സംഘത്തോടൊപ്പം സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ബസ് ടെര്‍മിനലിന്റെ അവസ്ഥയിലാണ് മത്സരം നടക്കേണ്ട സ്റ്റേഡിയങ്ങളെല്ലാം. പണിപൂര്‍ത്തിയാക്കാതെ തട്ടിക്കൂട്ടി ഉദ്ഘാടനം നടത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയോ രാഷ്‌ട്രപതിയോ എത്താത്തത്് കേരള സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ്.
മത്സരത്തിന് ആവശ്യമുള്ള ഉപകരണങ്ങള്‍ ഇതുവരെയും എത്തിച്ചേര്‍ന്നിട്ടില്ല. റസ്‌ലിംഗ്, കബഡി, ഖൊ-ഖോ എന്നിവയുടെ മാറ്റുകള്‍ എന്ന് എത്തുമെന്നുപോലും സംഘാടകര്‍ക്കറിയില്ല.
ദേശീയ ഗെയിംസുകൊണ്ട് കേരളത്തിലെ കായിക താരങ്ങള്‍ക്ക് എന്തുഗുണമാണ് ഉണ്ടായതെന്ന് പരിശോധിക്കണം. റണ്‍കേരള റണ്ണിനായി 14 കോടിയും ഉദ്ഘാടനത്തിനായി 15 കോടിയും ധൂര്‍ത്തടിച്ച സര്‍ക്കാര്‍ കായികതാരങ്ങളുടെ പരിശീലനത്തിനായി അനുവദിച്ചത് വെറും രണ്ടുകോടി മാത്രമാണ്.
ഒമ്പത് വര്‍ഷങ്ങള്‍ക്കുമുമ്പ് അനുവദിച്ച നാഷണല്‍ ഗെയിംസ് മൂന്ന് തവണ മാറ്റിവെച്ചിട്ടും ശരിയായ രീതിയില്‍ നടത്താന്‍ശ്രമിക്കുന്നില്ല. ഇഷ്ടക്കാരെ കമ്മിറ്റികളില്‍ തിരുകിക്കയറ്റി തോന്നിയതുപോലെ ചെലവാക്കി അഴിമതി നടത്തി പോക്കറ്റ് നിറയ്‌ക്കുന്ന രാഷ്‌ട്രീയ- ഉദ്യോഗസ്ഥ ലോബി ദേശീയ ഗെയിംസ് അട്ടിമറിക്കും. ഇതിന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ മൗനാനുമതി നല്‍കിയിരിക്കുകയാണ്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അഴിമതി കാണിച്ച ഷീലാ ദീക്ഷിതിന്റെ അവസ്ഥയാകും കേരളത്തിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെന്നും ഇതിനൊക്കെ കേരളജനതോയോട് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ ഗെയിംസിലെ അഴിമതി ശരിയായ ഏജന്‍സിയെക്കൊണ്ട് അന്വേഷിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
വി.വി. രാജേഷ്, ജില്ലാപ്രസിഡന്റ് എസ്. സുരേഷ്, ബിജെപി സ്‌പോര്‍ട്‌സ് സെല്‍ കണ്‍വീനര്‍ അഖിലേഷ്, കരമന ജയന്‍, ചെന്നിത്തല ഗോപന്‍, അജിത്ത്, എസ്.ആര്‍. വിപിന്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
















