ഇവിടെ ഈ ആദര്‍ശത്തില്‍ മതമാത്സര്യമില്ല. ജാതിമതഭേദചിന്തയില്ല. ഏകഭാവത്തോടുകൂടിയ സന്തോഷം മാത്രമാണ് ഇവിടെയുള്ളത്. വെള്ളത്തില്‍ ഉപ്പു കഴുകി ശുദ്ധമാക്കുവാന്‍ ശ്രമിച്ചാല്‍ ഉപ്പ് വെള്ളത്തില്‍ ലയിച്ചുപോകുന്നതുപോലെ ആത്മബോധമുള്ളവരായ ഇവിടുത്തെ യഥാര്‍ത്ഥ ഭക്തന്മാര്‍ ഏകത്വത്തില്‍ ലയിച്ചുചേരുന്നു.
നമ്മുടെ (അമ്പോറ്റിയുടെ) വാഴ്ചക്കാലത്തു സന്തോഷം കാണാത്തവര്‍, ചെറുപയര്‍ വേവിച്ച് എടുത്തുകഴിക്കുമ്പോള്‍ അതില്‍ കിടക്കുന്ന കല്ല് വേവാത്തതുപോലെയുള്ളവരാണ്. അങ്ങനെ സന്തോഷമില്ലാത്തവര്‍ തളര്‍വാതം പിടിച്ചവരെപ്പോലെയുള്ളവരാണ്. സന്തോഷത്തിന്റെ പൂര്‍ണരൂപം ശുഭാനന്ദരൂപമാണ്. ആ രൂപം നിങ്ങളുടെ ഉപദേഷ്ടാവും രക്ഷകനുമാണ്.
ഒരുകാലത്ത് മുന്‍ശരീരത്തില്‍ പാസ്സാക്കിയിരുന്ന നിയമങ്ങള്‍ നടത്തിയും നടന്നുകൊണ്ടുമിരുന്നു. അന്നു കല്‍പിച്ചതനുസരിച്ചുള്ള ആദര്‍ശാശ്രമം സ്ഥാപിച്ചു തരുന്നതിന് ക്ഷമയോടുകൂടി ഇരിക്കൂ. നിഷ്‌കളങ്കരായി കരുതി ജീവിക്കുക. എല്ലാപേരുമായി സത്യത്തില്‍ സഹകരിച്ചു ജീവിക്കുന്നതാണ് നിത്യാനന്ദം.
















