മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ മുന്‍നിര താരങ്ങളുടെ സുഗമ പ്രയാണം. പുരുഷന്മാരില് ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ചും നിലവിലെ ചാമ്പ്യന്‍ സ്വിറ്റ്സര്‍ലന്റിന്റെ സ്റ്റാനിസ്ലാസ് വാവ്റിങ്കയും പ്രീ-ക്വാര്‍ട്ടറിലേക്ക് കുതിച്ചു. വനിതകളില്‍ വില്യംസ് സഹോദരിമാരും ബെലാറസിന്റെ വിക്ടോറിയ അസരെങ്കയും വിജയികളുടെ പട്ടികയില്‍ ഇടംനേടി.
കരിയറില്‍ തന്നെ നാലു തവണ തോല്പ്പിച്ചിട്ടുള്ള സ്പാനിഷ് പ്രതിയോഗി ഫെര്‍ണാണ്ടോ വെര്‍ഡാസ്കോയെ 7-6, 6-3, 6-4 എന്ന സ്കോറിന് തുരത്തിയാണ് ഡോക്കോവിച്ച് അവസാന നാലില്‍ കടന്നത്. 43 വിന്നറുകള്‍ തൊടുത്ത ഡോക്കോ നെറ്റിനരുകിലും കസറിയപ്പോള്‍ നേരിട്ടുള്ള സെറ്റുകളില്‍ വെര്‍ഡാസ്കോ റാക്കറ്റ് താഴ്ത്തി. വാവ്റിങ്ക ഫിന്‍ലന്‍ഡിന്റെ ജാര്‍ക്കോ നെയ്മിനനെ പരാജയപ്പെടുത്തി (6-4, 6-2, 6-4). ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ സഹവോവയ്ക്കുമേല് അസരെങ്കയുടെ ജയം (6-4, 6-4). സെറീന വില്യംസ് ഉക്രൈന്റെ എലിന സ്വിറ്റോലിനയുടെയും (4-6, 6-2, 6-0) വീനസ് വില്യംസ് ഇറ്റലിയുടെ കാമില ജോര്‍ജിയുടെയും വെല്ലുവിളികളെ അതിജീവിച്ചു (6-4, 6-7, 1-6).
പുരുഷ വിഭാഗത്തില്‍ ജപ്പാന് കെയ് നിഷികോരി, കാനഡയുടെ മിലോസ് റാവോണിച്ച്, സ്പെയിനിന്റെ ഡേവിഡ് ഫെറര്‍, ഫെലിസിയാനോ ലോപ്പസ് തുടങ്ങിയവരും അവസാന പതിനാറിലെത്തി. വനിതാ വിഭാഗത്തില്‍ ആഗ്നിയേസ്ക റഡവാന്സ്ക (പോളണ്ട്), ഡൊമിനിക്ക സിബുല്‍ക്കോവ (സ്ലൊവാക്യ) മൂന്നാം റൗണ്ട് താണ്ടി.
പക്ഷേ, അമേരിക്കയുടെ മാഡിസന്‍ കെയിസിനോട് തോറ്റ ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവ പുറത്തായി (6-4, 7-5).
മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി – ഓസ്ട്രേലിയയുടെ ജാര്‍മില ഗജ്ഡോസോവ ജോടിക്കും ആദ്യ റൗണ്ടില്‍ അടിതെറ്റി. ഹാവോ ചിങ് ചാനും ജാമി മുറെയും ചേര്‍ന്ന ചൈനീസ് തായ്പെയ്- ബ്രിട്ടീഷ് കൂട്ടുകെട്ടാണ് ഭൂപതി സഖ്യത്തിന്റെ വഴിമുടക്കിയത് (6-4, 6-7, 8-10)
പ്രതികരിക്കാൻ ഇവിടെ എഴുതുക: