യാഥാര്‍ത്ഥ്യബോധത്തോടുകൂടി പ്രവര്‍ത്തിക്കുക. ആരേയും വെറുക്കരുത്. മറ്റുള്ളവരുമായുള്ള ബന്ധവും പെരുമാറ്റവും മുന്‍വിധിയോടുകൂടി ആയിരിക്കുയുമരുത്. എല്ലാവരോടും ഒരുപോലെ സൗഹൃദം വളര്‍ത്തുക. ഈശ്വരപ്രേമം വികസിപ്പിക്കുക. ചിത്തം നിര്‍മ്മലമാക്കുക. എങ്കില്‍മാത്രമേ ആത്മജ്ഞാനം ഉദയം ചെയ്യുകയുള്ളൂ.
മറ്റുള്ളവരെ തിരുത്താന്‍ പോകരുത്. ആദ്യം സ്വന്തം തെറ്റുകള്‍ കണ്ടെത്തുക. ശിശുപ്രായത്തില്‍ത്തന്നെ അമ്മയില്‍ ആത്മജ്ഞാനം പ്രകാശിച്ചിരുന്നു. ആത്മജ്ഞാനത്തിന്റെ മഹത്വവും തേജസ്സും ശക്തിയും വിശദീകരിക്കുവാന്‍ സമര്‍ത്ഥമായ ഭാഷ എവിടെയാണുള്ളത്! താരാലാകൃതമായ നഭോമണ്ദലത്തിലെ സംഖ്യാതീതങ്ങളായ തേജോഗോളങ്ങളും സമഗ്രപ്രപഞ്ചവും ആത്മതേജസ്സിലാണു വിളങ്ങുന്നത്. അതിന്റെ ശക്തിയില്‍ അഗ്നി ജ്വലിക്കുന്നു. സൂര്യന്‍ പ്രകാശിക്കുന്നു. അതിന്റെ ആജ്ഞയനുസരിച്ച് കാറ്റ് വീശുന്നു. സര്‍വ്വാധാരമായ ആത്മജ്ഞാനം പരാനാദമായി അമ്മയുടെ ഹൃദയത്തില്‍ എപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നു.
ഏറ്റവും മഹത്തായ ധാര്‍മ്മികാദര്‍ശവും അത്യുല്‍കൃഷ്ടമായ തത്ത്വചിന്തയും അനുഭൂതിസാദ്ധ്യമായ പരമലക്ഷ്യവും നിങ്ങളുടെ മുമ്പില്‍ അമ്മ ഉയര്‍ത്തിയിരിക്കുകയാണ്. പക്ഷേ നിങ്ങള്‍ നിങ്ങളുടെ ഹൃദയവും ആത്മാവും ഈ ഉപദേശങ്ങളില്‍ പ്രതിഷ്ഠിച്ച് ഉപരി ഉപരി ഉയരാന്‍ ശ്രമിക്കണം. നിങ്ങള്‍ ഗാഢമായി ചിന്തിക്കണം. ഗാഡമായി ധ്യാനം ചെയ്യണം. ആന്തിരികമായ ഉറവിടത്തിലേക്ക് ഇറങ്ങിച്ചെല്ലണം. അപ്പോള്‍ മാത്രമേ അമ്മയുടെ ഉപദേശങ്ങളുടെ പൊരുള്‍ നിങ്ങള്‍ക്ക് അനുഭവവേദ്യമാകയുള്ളൂ.
ആത്മാര്‍ത്ഥതയുള്ള സാധകരാകുവിന്‍. ആത്മസംയമനം ശീലിക്കുവിന്‍. അമിതമായി സംസാരിക്കുന്നവര്‍, ആഹാരം കഴിക്കുന്നവര്‍ അമിതമായി ഉറങ്ങുന്നവര്‍ ഇവര്‍ക്ക് ഈശ്വരസാക്ഷാത്കാരം എളുപ്പമല്ല. ആഹാരത്തിലും നിദ്രയിലും സംഭാഷണത്തിലും മിതത്വം ശീലിക്കേണ്ടത് യോഗപഥത്തിലുള്ള പുരോഗതിക്ക് എത്രയും അനിവാര്യമാണ്. തമസ്സാണ് ഏറ്റവും വലിയ പ്രതിബന്ധം. തമസ്സില്‍ നിന്നു വിസ്മൃതിയുണ്ടാവുന്നു. അനുസ്യുതമായ ഈശ്വരാവബോധം നിരന്തരമായ ഈശ്വരസ്മരണ താമസികമാന്ദ്യത്തെയും രാജസവൃത്തികളേയും അകറ്റുന്നതിന് അനുപേക്ഷണീയമാണ്.
നിങ്ങളുടെ ഹൃദയാന്തര്‍ഭാഗത്ത് പ്രേമസാഗരം ഇരമ്പുന്നുണ്ട്. പക്ഷേ അഹങ്കാരം എപ്പോള്‍ അവിടെ പ്രവേശിക്കുന്നുണ്ടോ തല്‍ക്ഷണം ഈ സാഗരം വറ്റിപ്പോകുന്നു. പിന്നെ അനുഭവമാകുന്നത് സ്‌നേഹശൂന്യതയാണ്.
















