കോര്പ്പറേഷന് സ്റ്റേഡിയം പണി പൂര്‍ത്തിയാകാത്ത നിലയില്‍
തൃശൂര്‍: ദേശീയ ഗെയിംസിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ വേദികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴും ഒച്ചിന്റെ വേഗത. അവലോകന യോഗങ്ങള്‍ മാത്രം തടസമില്ലാതെ മുന്നോട്ടുപോകുന്നു.
അഞ്ചിനങ്ങള്‍ അരങ്ങേറുന്ന തൃശൂരില്‍ വികെഎന്‍ ഇന്‍ഡോര്‍ സ്റ്റേഡിയവും കോര്പ്പറേഷന് സ്റ്റേഡിയവുമാണ് തുറന്നുകൊടുത്തിരിക്കുന്നത്. ഇതില്‍ വനിതാ ഫുട്ബോളിന്റെ വേദിയായ കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. സ്റ്റേഡിയത്തിലേക്കുള്ള റോഡുകളും പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നു. മറ്റൊരു പ്രധാന വേദിയായ പോലീസ് അക്കാദമിയില്‍ ഷൂട്ടിങ് മത്സരം നടക്കും.
17ന് മാത്രമെ ഷൂട്ടിങ് റേഞ്ച് തുറന്നുകൊടുക്കാന്‍ സാധിക്കുവെന്നാണ് അറിയുന്നത്. 31ന് ഗെയിംസ് ആരംഭിക്കും. 27ന് എത്തിത്തുടങ്ങുന്ന കായിക താരങ്ങള്‍ക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ പരിശീലനം നടത്താന്‍പോലും വേദി സജ്ജമാകില്ലെന്ന് വിലയിരുത്തപ്പെടുന്നു. ഷുട്ടിംഗ് മത്സരത്തിന് വേണ്ട ഉപകരണങ്ങള്‍ ഇനിയും എത്തിക്കാന്‍ സാധിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെയും സ്പോര്‍ട്സ് മന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന്, മന്ത്രി സി.എന്‍.ബാലകൃഷ്ണന് എന്നിവരുടെയും നേതൃത്വത്തില്‍ കഴിഞ്ഞദിവസം തൃശൂരില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ എല്ലാം സജ്ജമെന്നു ഉറപ്പിച്ചു പറയാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞിരുന്നില്ല.
നിതാ ഫുട്ബോള്‍, ഭാരദ്വേഹനം, ഷുട്ടിംഗ്, ജൂഡോ, ബോക്സിംഗ് എന്നി ഇനങ്ങള്‍ക്കാണ് തൃശൂര്‍ അരങ്ങരൊക്കുക. ഇതില്‍ ബോക്സിംഗ് മാത്രം നഗരത്തിന് പുറത്ത് തൃപ്രയാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. തൃപ്രയാറിലെ സ്റ്റേഡിയവും 27ന് മാത്രമെ പൂര്‍ണ്ണമായും സജ്ജമാകുകയുള്ളു. രാമവര്‍മ്മപുരം പോലീസ് അക്കാദമിയിലെ ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മ്മിച്ച ഷുട്ടിംഗ് റേഞ്ചില്‍ ഗെയിംസ് കഴിഞ്ഞാല്‍ താരങ്ങള്‍ക്ക് പരിശീലനത്തിന് തുറന്നുകൊടുക്കാന്‍ കഴിയില്ലെന്നതും മറ്റൊരുകാര്യം. ഇതിന് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിട്ടില്ല. തുടര്‍ പരിശീലനത്തിന് അനുമതി നിഷേധിക്കാനുള്ള നീക്കത്തിനെതിരെ കായിക പ്രേമികളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: