റാഞ്ചി: ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ ട്രാക്കിലും ഫീല്‍ഡിലും അരങ്ങുവാണ കേരളത്തിന് സ്വന്തമായത് ചരിത്രനേട്ടം. തുടര്‍ച്ചയായ പതിനെട്ടാം തവണയാണ് ഓവറോള്‍ കിരീടത്തില്‍ കേരളം മുത്തമിട്ടത്.
സ്പ്രിന്റ് റിലേയില്‍ പ്രതീക്ഷിച്ച മെഡല്‍ക്കൊയ്ത്തിന് കഴിഞ്ഞില്ലെങ്കിലും ട്രാക്കിലെ മറ്റിനങ്ങളിലും ജമ്പിങ് പിറ്റിലും ത്രോ ഇനങ്ങളിലും കത്തിക്കയറിയതോടെ കേരളത്തിന് എതിരാളികള്‍ ഇല്ലാതായി.
പുതിയ വേഗങ്ങള്‍ക്കും ദൂരങ്ങള്‍ക്കും കനത്ത ക്ഷാമം നേരിട്ട മീറ്റില്‍ ആകെ 9 റെക്കോര്‍ഡുകള്‍ മാത്രമാണ് പിറന്നത്. മീറ്റിന്റെ അവസാന ദിവസവും ഒരു റെക്കോര്‍ഡ് വന്നു. സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ 3.40 മീറ്റര്‍ ചാടിയ കേരളത്തിന്റെ മരിയ ജയ്സണ്‍ അതിനുടമ.
രേഷ്മ രവീന്ദ്രനിലൂടെ (3.30 മീറ്റര്‍) ഈയിനത്തിലെ വെള്ളിയും കേരളം സ്വന്തമാക്കി.
100 മീറ്ററിലെ ഫലങ്ങള്‍ക്കു സമാനമായി ഇന്നലെ നടന്ന 200 മീറ്ററിലും കേരളത്തിന് തിരിച്ചടിനേരിട്ടു. ആറ് വിഭാഗങ്ങളില്‍ നിന്നായി രണ്ട് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമാണ് നേടാന്‍ കഴിഞ്ഞത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 25 സെക്കന്റില്‍ പറന്നെത്തി ജിസ്ന മാത്യു, സബ്ജൂനിയര് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 26.5 സെക്കന്റില്‍ ഫിനിഷ് ചെയ്ത് സൂര്യമോള്‍ ടി. എന്നിവരാണ് 200 മീറ്ററില്‍ പൊന്നണിഞ്ഞത്.
200 മീറ്ററിലെ സ്വര്‍ണനേട്ടത്തോടെ ജിസ്ന ട്രിപ്പിള്‍ തികയ്ക്കുകയും ചെയ്തു. സബ്ജൂനിയര് വിഭാഗത്തില്‍ അഞ്ജലി. പി.ഡി.യിലൂടെ വെള്ളിയും കേരളം അക്കൗണ്ടിലെത്തിച്ചു. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഷഹര്‍ബാന സിദ്ദീഖ്, ആണ്‍കുട്ടികളില്‍ ടി.കെ. ജ്യോതിപ്രസാദ് എന്നിവര്‍ വെങ്കലത്തിന് ഉടമകള്‍.
സീനിയര്‍ പെണ്‍കുട്ടികളുടെ മൂന്ന് കിലോമീറ്റര്‍ ക്രോസ് കണ്ട്രിയില് എം.വി. വര്‍ഷയിലൂടെയാണ് അവസാന ദിവസം കേരളം മെഡല്‍വാരല്‍ ആരംഭിച്ചത്. 10:08.5 സെക്കന്റില്‍ ഫിനിഷ് ചെയ്ത വര്‍ഷ കനകംചൂടി. നേരത്തെ 5000 മീറ്ററിലും വര്‍ഷ സ്വര്‍ണം നേടിയിരുന്നു. 10:10.2 സെക്കന്റില്‍ മത്സരം പൂര്‍ത്തിയാക്കിയ കേരളത്തിന്റെ അലീന മരിയ സ്റ്റാന്റ്ലിക്കാണ് വെള്ളിമെഡല്‍.
സീനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ കെ.ആര്. സുജിത്തിലൂടെയായിരുന്നു കേരളം രണ്ടാം സ്വര്‍ണം കൈക്കലാക്കിയത്. 21 മിനിറ്റ് 24.9 സെക്കന്റില്‍ സുജിത്തിന്റെ ഫിനിഷ്. സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ കേരള ടീം നായകന് മുഹമ്മദ് അഫ്സല് (1: 53.8 സെക്കന്റ്) ഒന്നാമനായി. നേരത്തെ 1500 മീറ്ററിലും സുവര്ണനേട്ടത്തിലെത്തിയിരുന്ന അഫ്സല് ഡബിള്‍ തികയ്ക്കുകയും ചെയ്തു.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ സി. ബബിത, സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തെരേസ ജോസഫ്, ഹാമര്‍ത്രോയില്‍ ദീപ ജോഷി, സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം.പി. ജാബിര്‍, ട്രിപ്പിള്‍ ജമ്പില്‍ അബ്ദുള്ള അബൂബക്കര്‍, സബ്ജൂനിയര് പെണ്‍കുട്ടികളുടെ 600 മീറ്ററില്‍ മിന്നു പി. റോയ് എന്നിവരും പൊന്തിളക്കമേറ്റി.
കൂടാതെ സ്പ്രിന്റ് റിലേയിലും രണ്ട് സ്വര്‍ണം പിടിച്ചെടുത്തു. സബ്ജൂനിയര് പെണ്‍കുട്ടികളുടെ വിഭാഗത്തിലും സീനിയര്‍ ആണ്‍കുട്ടികളുമാണ് 4-100 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയത്.
സബ് ജൂനിയര്‍ വിഭാഗത്തില്‍ ആന്‍സി സോജന്, സൂര്യമോള്‍. ടി, അപര്‍ണ റോയി, അഞ്ജലി പി.ഡി എന്നിവരടങ്ങിയ ടീമാണ് 51.1 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ജേതാക്കളായത്.
സീനിയര്‍ ആണ്‍കുട്ടികളുടെ റിലേയില്‍ കെ.എസ്. പ്രണവ്, അശ്വിന്. കെ.പി, രാഖില്‍. എ.ജി, ജ്യോതിപ്രസാദ് എന്നിവരടങ്ങിയ ടീം (41.9 സെക്കന്റ്) സ്വര്‍ണം നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഫാത്തിമ. പി.പി, അഞ്ജലി ജോണ്സണ്, വിനി. പി.വി, ജിസ്ന മാത്യു എന്നിവരടങ്ങിയ ടീം വെള്ളി നേടി. സീനിയര്‍ പെണ്‍കുട്ടികളിലും കേരളം വെള്ളികൊണ്ട് തൃപ്തിപ്പെട്ടു.
ഷഹര്‍ബാന സിദ്ദീഖ്, സൗമ്യവര്‍ഗീസ്, നിത്യമോള്‍. എഎം, ഡൈബി സെബാസ്റ്റിയന് എന്നിവര്‍ രജതപ്പതക്കമണിഞ്ഞ സംഘം,.
ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സനീഷ്. പി.എസ്, അലന്. കെ.ജെ, അമല്‍. ടി.പി, ഓംകാര്‍നാഥ് എന്നിവരടങ്ങിയ ടീമും സബ് ജൂനിയര്‍ വിഭാഗത്തില്‍ അഭിനവ്. സി, പ്രണവ്. എസ്, അല്ബിന് ബോസ്, അഖില്‍ പി.എസ് എന്നിവരുടെ ടീമും വെങ്കലം സ്വന്തമാക്കി.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ സി.വി. സുഗന്ധ്കുമാര്‍, ജൂനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ പി.ആര്. ഐശ്വര്യ, സീനിയര്‍ പെണ്‍കുട്ടികളുടെ ഇതേയിനത്തിനും 400 മീറ്റര്‍ ഹര്‍ഡില്‍സിലും സ്മൃതിമോള്‍ വി. രാജേന്ദ്രന് എന്നിവരും ഇന്നലെ വെള്ളി മെഡല്‍ സ്വന്തമാക്കി.
സീനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ സനല്‍ സ്കറിയ, 3 കി.മീറ്റര്‍ ക്രോസ് കണ്ട്രിയില് പി.എന്‍. അജിത്ത്, ജൂനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ ഡെല്‍ന തോമസ്, സീനിയര്‍ വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പി.ഒ. സയന തുടങ്ങിയവരും വെങ്കലം കേരളത്തിന്റെ മെഡല്‍ ഷീറ്റിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: