വെലിങ്ടണ്: ശ്രീലങ്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ന്യൂസിലാന്റ് മുന്‍തൂക്കം വര്‍ധിപ്പിച്ചു. അഞ്ചാം മത്സരത്തില്‍ 108 റണ്‍സിന് സിംഹളവീരരെ നിലംപരിശാക്കിയ കിവികള്‍ പരമ്പരയില്‍ 3-1ന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 5ന് 360 എന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ ലങ്ക 43.4 ഓവറില്‍ 252ല്‍ ചിറകറ്റുവീണു.
ലൂക്ക് റോഞ്ചിയുടേയും (99 പന്തില്‍ 170 നോട്ടൗട്ട്) ഗ്രാന്റ് എലിയോട്ടിന്റെയും (104 നോട്ടൗട്ട്) സെഞ്ച്വറികളാണ് ബ്ലാക്ക് ക്യാപ്സിനെ കൈപിടിച്ചുയര്‍ത്തിയത്.
മാര്ട്ടിന് ഗുപ്റ്റില്‍ (0), ബ്രണ്ടന്‍ മക്കല്ലം (25), ക്യാപ്ടന് കെയ്ന്‍ വില്യംസണ് (26), റോസ് ടെയ്ലര് (20), കോറി ആന്ഡേഴ്സന് (8) എന്നിവരെ നഷ്ടപ്പെട്ട ന്യൂസിലാന്റ് ഒരുഘട്ടത്തില്‍ 5ന് 93 എന്ന നിലയിലായിരുന്നു. എന്നാല്‍ പിന്നീട് ഒത്തുചേര്‍ന്ന റോഞ്ചിയും എലിയോട്ടും ലങ്കന്‍ ബൗളര്‍മാരെ കശാപ്പുചെയ്തു. പതിനാല് ഫോറുകളും ഒമ്പത് സിക്സറുകളും അടങ്ങുന്നതായിരുന്നു റോഞ്ചിയുടെ ഇന്നിംഗ്സ്. ഒരു ഏഴാം നമ്പറുകാരന്റെ ഉയര്‍ന്ന സ്കോറിനും റോഞ്ചി ഉടമയായി. ഇന്ത്യന്‍ ക്യാപ്ടന് എം.എസ്. ധോണിയുടെ (139*) എന്ന റെക്കോര്‍ഡാണ് റോഞ്ചി മറികടന്നത്.
എലിയോട്ട് ഏഴു തവണ പന്ത് അതിര്‍ത്തി കടത്തി; രണ്ടുവട്ടം ഗ്യാലറിയിലെത്തിച്ചു. വേര്‍പിരിയാത്ത ഈ ജോടി 267 റണ്‍സ് വാരി. ആറാംവിക്കറ്റില്‍ ഇതുവരെ കണ്ട ഏറ്റവും മികച്ച സഖ്യവും ഏതു വിക്കറ്റിലും കിവികളുടെ ഉയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ടും ഇതു തന്നെ. ലങ്കയ്ക്കുവേണ്ടി നുവാന്‍ കുലശേഖരയും ലാഹിരു തിരിമ്മന്നെയും രണ്ടുവിക്കറ്റുകള്‍ വീതം പിഴുതു.
കൂറ്റന്‍ ലക്ഷ്യംപിന്തുടര്ന്ന ലങ്കയ്ക്കുവേണ്ടി തിലകരത്നെ ദില്ഷന് (116, പതിനേഴ് ഫോര്‍, ഒരു സിക്സ്) പൊരുതിയെങ്കിലും ഫലമുണ്ടായില്ല. തിരിമ്മന്നെ (45) തരക്കേടില്ലാത്ത സംഭാവന നല്കി. പക്ഷേ, കുമാര്‍ സംഗക്കാര (9), മഹേല ജയവര്‍ധനെ (30) എന്നിവരുടെ വീഴ്ച്ച ലങ്കന്‍ വിജയപ്രതീക്ഷയെ തല്ലിക്കെടുത്തിക്കളഞ്ഞു. ട്രന്റ് ബൗള്‍ട്ടിന് നാല് വിക്കറ്റ്. ടിം സൗത്തി മിച്ചല്‍ മക്ക്ലനാഗന്‍, എലിയോട്ട് എന്നിവര്‍ രണ്ടുപേരെ വീതം മടക്കിയയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: