റാഞ്ചി: ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ നിലവിലെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് പൊന്നണിഞ്ഞ ഡൈബി സെബാസ്റ്റിയന് ദേശീയ ഗെയിംസിനുള്ള കേരള ടീമില്‍ ഇടം നല്‍കാത്ത സെലക്ടര്‍മാരുടെ ധാര്‍ഷ്ട്യത്തിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്. ദേശീയ ഗെയിംസിനുള്ള സെലക്ഷന് ട്രയല്‍സില്‍ പല പ്രമുഖ താരങ്ങളെയും ഡൈബി പിന്തള്ളിയിരുന്നു. എന്നിട്ടും സ്വന്തക്കാരെ തിരുകികയറ്റാനായി ഡൈബിയെ ഒഴിവാക്കുകയായിരുന്നു.
ഇന്നലെ സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സിലാണ് നിലവിലെ റെക്കോര്‍ഡിനെ മറികടന്ന് ഡൈബി (14.5 സെക്കന്റ്) സ്വര്‍ണമണിഞ്ഞത്.
കേരളത്തിന്റെ തന്നെ ടി.സി. രാജി 2005 പൂനെ മീറ്റില്‍ സ്ഥാപിച്ച 14.56 സെക്കന്‍ഡ് സമയമാണ് ഡൈബി മറികടന്നത്.
ദേശീയ ഗെയിംസിനുള്ള അത്ലറ്റിക് ടീം തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ വിവാദമുയര്‍ന്നു. ട്രയല്‍സില്‍ മികവുകാട്ടിയ പല താരങ്ങളെയും ഒഴിവാക്കിയതാണ് വിവാദത്തിനിടയാക്കിയത്.കൊച്ചിയില്‍ നടന്ന സെലക്ഷന് ട്രയല്‍സില്‍ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ 14.7 സെക്കന്ററില്‍ ഒന്നാമതെത്തിയിട്ടും ഡൈബി ടീമിന് പുറത്താവുകയും ചെയ്തു. പകരം ട്രയല്‍സിന് വരാതിരുന്ന റെയില്വേതാരങ്ങളെ സെലക്ടര്‍മാര്‍ ടീമില്‍ കുത്തിനിറയ്ക്കുകയും ചെയ്തു.
കഴിഞ്ഞ വിജയവാഡ ദേശീയ ജൂനിയര്‍ മീറ്റില്‍ കുറിച്ച 14.4 സെക്കന്റാണ് ഡൈബിയുടെ ഏറ്റവും മികച്ചത്. ഇതിലും കൂടിയ സമയത്തില്‍ 100 മീറ്റര്‍ ഹര്‍ഡില്‍സ് ഓടുന്ന താരത്തിനാണ് സെലക്ടര്‍മാര്‍ ട്രയല്‍സ് പോലും പരിഗണന നല്‍കിയത്.
പഠനത്തിലും മിടുക്കിയായ ഡൈബി ദേശീയ ഗെയിംസിനുള്ള ടീമില്‍ ഇടം ലഭിക്കാത്തതില്‍ കടുത്ത നിരാശയിലാണ്. ഇന്നലെ റെക്കോര്‍ഡ് സമയത്തില്‍ സ്വര്‍ണമണിഞ്ഞ ശേഷവും ഇതേ ആശങ്കയാണ് ഡൈബി പങ്കുവച്ചത്.
ഭരണങ്ങാനം സെന്റ്മേരീസ് എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ഡൈബി. സ്പോര്‍ട്സ് കൗണ്‍സിലിനു കീഴിലുള്ള പാലാ സ്പോര്‍ട്സ് ഹോസ്റ്റലില്‍ കോച്ച് ജൂലിയസ് മനയാനിക്കു കീഴില്‍ പരിശീലനം നടത്തുന്ന ഡൈബിയുടെ ഇഷ്ട മത്സരയിനങ്ങള്‍ ഹൈജമ്പ്, 100 മീറ്റര്‍, 100 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയാണ്.
ഡൈബിയുടെ കാര്യത്തില്‍ മാത്രമല്ല. പ്രഹസന ട്രയില്‍സ് നടത്തിയെങ്കിലും പലയിനങ്ങളിലും അനര്‍ഹരെയാണ് തിരുകിക്കയറ്റിയിരിക്കുന്നത്. മെഡല്‍ പ്രതീക്ഷയില്ലാത്ത പല താരങ്ങളും മുന്‍കാല പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ടീമിലുണ്ട്.
വനിതകളുടെ ഹൈജമ്പില്‍ ടീമിലെത്തിയ മൂന്നുപേരും രാജ്യാന്തര താരങ്ങളല്ല. എന്നാല്‍ സെലക്ഷന് ട്രയല്‍സില്‍ ഒന്നാമതെത്തിയ ലിബിയ ഷാജി ടീമിലില്ല. പകരം രണ്ടാം സ്ഥാനത്തെത്തിയ എയ്ഞ്ചല്‍ പി. ദേവസ്യക്കാണ് ടീമിലിടം ലഭിച്ചത്. ലോംഗ്ജമ്പില്‍ രാജ്യാന്തര താരമായ എംഎ. പ്രജുഷക്കൊപ്പം മത്സരിക്കാന്‍ ട്രയല്‍സില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ അല്‍ഗ വിന്നിയ്ക്കും നയന ജെയിംസിനും അനുമതിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: