റാഞ്ചി: ഹര്‍ഡിലുകള്‍ക്ക് മീതെ പറന്ന് കേരളത്തിന്റെ കൗമാരതാരങ്ങള്‍ വെട്ടിപ്പിടിച്ചത് മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവും. തമിഴ്നാടിന്റെയും ഒഡീഷയുടെയും കനത്ത വെല്ലുവിളി മറികടന്നാണ് കേരളം ഹര്‍ഡില്‍സില്‍ മെഡല്‍വേട്ട നടത്തിയത്. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെയും സീനിയര്‍ പെണ്കുട്ടകികളുടെയും സീനിയര്‍-ജൂനിയര്‍ ആണ്‍കുട്ടികളുടെയും വിഭാഗത്തിലാണ് കേരളത്തിന്റെ മെഡല്‍ നേട്ടം. മെഡല്‍ ലഭിക്കാതിരുന്നത് സബ്ജൂനിയര് ആണ്‍കുട്ടികളൂടെ വിഭാഗത്തില്‍ മാത്രം.
പെണ്‍കുട്ടികളൂടെ സബ്ജൂനിയര് വിഭാഗം 80 മീറ്ററില്‍ കേരളം സ്വര്‍ണവും വെള്ളിയും നേടി. 12.7 സെക്കന്റില്‍ പറന്നെത്തിയ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്എസിലെ അപര്ണറോയി സ്വര്‍ണവും പാലക്കാട് പറളി സ്കൂളിന്റെ റിഥിക. കെ 12.8 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെള്ളിയും നേടി. മഹാരാഷ്ട്രയുടെ അന്യ ഹെഗ്ഡെയ്ക്കാണ് വെങ്കലം.
സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോട്ടയം ഭരണങ്ങാനം സെന്റ് മേരീസ് എച്ച്എസ്എസിലെ ഡൈബി സെബാസ്റ്റിയന് 14.5 സെക്കന്റില്‍ ഫിനിഷ് ചെയ്ത് പൊന്നണിഞ്ഞപ്പോള്‍ കുറുമ്പനാട് സെന്റ് പീറ്റേഴ്സ് എച്ച്എസ്എസിലെ സൗമ്യ വര്‍ഗീസ് 14.9 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെങ്കലം നേടി. തമിഴ്നാടിന്റെ മോഹന. ജിയ്ക്കാണ് വെള്ളി.
സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡിസില്‍ തമിഴ്നാടിന്റെ ടി. സന്തോഷ്കുമാറിനെ പിന്തള്ളി തിരുവനന്തപുരം സായിയിലെ മുഹമ്മദ് ഹഫ്സീര്‍. പി.പി ഒന്നമനായി. ഇരുവരും 14.5 സെക്കന്റിലാണ് ഫിനിഷ് ലൈന്‍ കടന്നത്. ഡി. ശ്രീകാന്ത് 14.6 സെക്കന്റില്‍ ഫിനിഷ് ചെയ്ത് കേരളത്തിന് വെങ്കലവും സമ്മാനിച്ചു.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആദ്യമൂന്ന് സ്ഥാനക്കാരും ഒരേസമയത്തിലാണ് (13.4 സെക്കന്റ്) ഫിനിഷ് ലൈന്‍ കടന്നതെങ്കിലും കേരളത്തിന് വെള്ളിയും വെങ്കലവും കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഒഡീഷയുടെ പുംഗ സോറന് സ്വര്‍ണവും മലയാളികളായ ഓംകാര്‍നാഥും കെ. ഷംനാസുമാണ് യഥാക്രമം വെള്ളിയും വെങ്കലവും നേടിയത്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ 15.5 സെക്കന്റില്‍ ഫിനിഷ് ചെയ്ത് മുംതാസ്. സി.എസ് ആണ് കേരളത്തിന് മറ്റൊരു വെങ്കലം സമ്മാനിച്ചത്.
ഒഡീഷയുടെ റായിബരി തിരിയ 15.3 സെക്കന്റില്‍ സ്വര്‍ണവും തമിഴ്നാടിന്റെ നന്ദിനി. കെ (15.3) വെള്ളിയും നേടി. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന് മെഡല്‍പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: