റാഞ്ചി: ഫഌഡ് ലൈറ്റിന്റെ വെളിച്ചത്തിലും അരിച്ചിറങ്ങിയ തണുപ്പിലും നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 4-400 മീറ്റര്‍ റിലേയില്‍ ട്രാക്കിനെ പ്രകമ്പനം കൊള്ളിച്ച് കേരളം പൊന്നണിഞ്ഞു.
പെണ്‍കുട്ടികളുടെ പോരാട്ടത്തില്‍ അന്‍സ ബാബു, ഷഹര്‍ബാന സിദ്ദീഖ്, സ്മൃതിമോള്‍ വി. രാജേന്ദ്രന്, തെരേസ ജോസഫ് എന്നിവരാണ് തങ്കം വിളയിക്കാന്‍ ഇറങ്ങിയത്. ആദ്യ ലാപ്പിലോടിയ അന്‍സ ബാബുവിന് ലീഡ് നേടാന്‍ കഴിഞ്ഞില്ലെങ്കിലും മറ്റ് എതിരാൡകള്ക്കൊപ്പം തന്നെ രണ്ടാം ലാപ്പിലോടിയ ഷഹര്‍ബാന സിദ്ദിഖിന് ബാറ്റണ്‍ കൈമാറാന്‍ കഴിഞ്ഞു. പിന്നീട് ഷഹര്‍ബാനയുടെ ഉജ്ജ്വലമായ കുതിപ്പാണ് ബിര്‍സമുണ്ട സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് കണ്ടത്.
എതിരാളികളെ മീറ്ററുകളോളം പിന്നിലാക്കി ലാപ്പ് പൂര്‍ത്തിയാക്കിയ ഷഹര്‍ബാന മൂന്നാം ലാപ്പിലോടിയ സ്മൃതിമോള്‍ വി. രാജേന്ദ്രന് ബാറ്റണ്‍ കൈമാറി. പനിയുടെ ക്ഷീണത്തിലും ബാറ്റണുമായി കുതിച്ച സ്മൃതിമോള്‍ ലീഡ് കൈവിടാതെ ബാറ്റണ്‍ അവസാന ലാപ്പിലോടിയ തെരേസ ജോസഫിന് കൈമാറി.
ബാറ്റണ്‍ കൈമാറിയശേഷം ട്രാക്കില്‍ തളര്‍ന്നുവീണ സ്മൃതിമോളെ ഉടന്‍ തന്നെ ബാറ്റണ്‍ ഏറ്റുവാങ്ങിയ തെരേസ പന്തയക്കുതിരകണക്കെ പറന്ന് ഫിനിഷ് ലൈന്‍ കടന്നതോടെ കേരളത്തിന് സ്വര്‍ണ്ണം സ്വന്തമായി. സമയം: മൂന്ന് മിനിറ്റ് 53.9 സെക്കന്റ്. 4 മിനിറ്റ് 01.8 സെക്കന്റില്‍ ഫിനിഷ് ചെയ്ത കര്‍ണാടക വെള്ളിയും 4 മിനിറ്റ് 02.4 സെക്കന്റില്‍ ദല്‍ഹി വെങ്കലവും നേടി.
ആണ്‍കുട്ടികളുടെ മത്സരത്തില്‍ കേരളത്തിനായി ബാറ്റണേന്തിയത് മുഹമ്മദ് ബാദുഷ, അനസ് ബാബു, ജിതേഷ്. സി, സനു സാജന് എന്നിവരാണ്.
ആദ്യ ലാപ്പില്‍ ഓടിയ മുഹമ്മദ് ബാദുഷ രണ്ടാമതായാണ് അനസ് ബാബുവിന് ബാറ്റണ്‍ കൈമാറിയത്. പിന്നീട് ബാറ്റണുമായി കുതിച്ച അനസ് ബാബു ലീഡ് നേടിയശേഷം ജിതേഷിന് നല്കി. അതിവേഗം കുതിച്ച ജിതേഷ് മികച്ച ലീഡുമായി അവസാന ലാപ്പോടിയ സനു സാജന് ബാറ്റണ്‍ കൈമാറി.
സനു തന്റെ മുഴുവന്‍ ഊര്‍ജവും കാലുകളിലേക്ക് ആവാഹിച്ച് എതിരാളികളെ മീറ്ററുകളോളം പിന്തള്ളി സ്വര്‍ണത്തിലേക്ക് കുതിച്ചപ്പോള്‍ മികച്ച വെല്ലുവിളി ഉയര്‍ത്തിയ തമിഴ്നാട് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. മൂന്ന് മിനിറ്റ് 16.1 സെക്കന്റിലാണ് കേരളം പൊന്നണിഞ്ഞത്. മൂന്ന് മിനിറ്റ് 17.7 സെക്കന്റാണ് തമിഴ്നാട് ഫിനിഷ് ചെയ്തത്. മൂന്ന് മിനിറ്റ് 21.7 സെക്കന്റില്‍ ഓടിയെത്തി ദല്‍ഹി വെങ്കലവും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: