റാഞ്ചി: കേരളത്തിന് പൊന്നണിയാന്‍ വേണ്ടി സ്മൃതിമോള്‍ വി. രാജേന്ദ്രനോട് കാട്ടിയത് തികഞ്ഞ ക്രൂരത. ഒരു അത്ലറ്റിനോടും കാണിക്കാന്‍ പാടില്ലാത്ത തികഞ്ഞ നീതികേടാണ് ഒരു മെഡലിന് വേണ്ടി സ്മൃതിമോളോട് ടീം അധികൃതര്‍ കാണിച്ചത്. ശ്വാസതടസ്സവും പനിയും നെഞ്ചുവേദനയുമടക്കം ഏറെ അസ്വസ്ഥതകളുണ്ടായിട്ടും ട്രാക്കിലിറങ്ങി സ്മൃതിമോള്‍ പൊന്നണിയുകയും ചെയ്തു.
മീറ്റിന്റെ ആദ്യദിവസം ശ്വാസതടസ്സമുണ്ടായിട്ടും 400 മീറ്ററില്‍ ഓടി വെള്ളി നേടിയിരുന്നു. ഓട്ടം പൂര്‍ത്തിയാക്കി ട്രാക്കില്‍ വീണുപിടഞ്ഞ സ്മൃതിമോളെ എടുത്താണ് പുറത്തേക്ക് കൊണ്ടുപോയത്. ആരോഗ്യം മോശമായ സ്ഥിതിയില്‍ തുടര്‍ന്ന സ്മൃതിമോളെ ഇന്നലെ 800 മീറ്ററിന്റെ സെമിയില്‍ ഓടേണ്ടി വന്നതിന് തൊട്ടുപിന്നാലെ 400 മീറ്റര്ഹര്ഡില്സിന്റെ ഹീറ്റ്സിലും ഓടിച്ചു. രണ്ടിടത്തും ഫൈനലിലേക്ക് യോഗ്യത നേടി. ഇതിന് പിന്നാലെയാണ് 4-400 മീറ്റര്‍ റിലേയുടെ ഫൈനലില്‍ മൂന്നാം ലാപ്പില്‍ സ്മൃതിമോളെ അധികൃതര്‍ ഓടാനിറക്കിയത്. തളര്‍ന്നു വീഴുന്ന സ്ഥിതിയിലെത്തിയിട്ടും ആത്മാര്‍ഥമായി തന്നെ ട്രാക്കിലോടി സ്വര്‍ണ നേട്ടത്തില്‍ സ്മൃതിമോള്‍ പങ്കാളിയായി.
ഓട്ടം പൂര്‍ത്തിയാക്കി ശ്വാസതടസവുമായി ട്രാക്കില്‍ കുഴഞ്ഞു വീണ സ്മൃതി ചികിത്സയിലാണ്. കോതമംഗലം സെന്റ് ജോര്‍ജ് സ്കൂളിലെ താരമായ സ്മൃതിമോള്‍ വി.രാജേന്ദ്രന് ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഓടേണ്ടി വന്നത്. ഒരിക്കലും ഒരു അത്ലറ്റിനോടും ഇത്രയും ക്രൂരത ഒരുകാരണവശാലും കാണിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് മത്സരം കാണാനെത്തിയ മുന്‍താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: