മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗത്തില്‍ ഒരു മുഖാമുഖം അല്‍പ്പം നേരത്തെയായിപ്പോയി. രണ്ടാം റൗണ്ടില്‍ മല്ലിട്ടത് മുന്‍ ലോക ഒന്നാം നമ്പറുകളായ ഡെന്മാര്ക്കിന്റ കരോലിന വൊസ്നിയാക്കിയും ബെലാറസിന്റെ വിക്ടോറിയ അസരെങ്കയും. എട്ടാം സീഡായ വൊസ്നിയാക്കിയെ പുറത്തേക്കടിച്ച് അസരെങ്ക ഏറ്റവും അപകടകാരിയായ സീഡില്ലാ താരമാണ് താനെന്ന് അടിവരയിട്ടു. ഏകപക്ഷീയമായ അങ്കത്തില്‍ 6-4, 6-2 എന്ന സ്കോറിന് അസരെങ്കയുടെ ജയം.
പുരുഷവിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ച്, നിലവിലെ ജേതാവ് സ്വിറ്റ്സര്‍ലന്റിന്റെ സ്റ്റാനിസ്ലാസ് വാവ്റിങ്ക എന്നിവരും മൂന്നാം റൗണ്ടില്‍ ഇടം ഉറപ്പിച്ചു. ഡോക്കോ റഷ്യയുടെ ആന്ദ്രെ കുസ്നെറ്റ്സോവിനെ തോല്‍പ്പിച്ചു (6-0, 6-1, 6-4); വാവ്റിങ്ക റൊമാനിയയുടെ മാരിയസ് കോപ്പിലിനെയും (7-6, 7-6, 6-3).
വനിതകളില്‍ അമേരിക്കന്‍ പ്രതിനിധികളായ വില്യംസ് സഹോദരിമാരും കുതിപ്പ് തുടര്‍ന്നു. ലോക ഒന്നാം നമ്പര്‍ സെറീന വില്യംസ് റഷ്യയുടെ വെര സ്വെനരേവയെ മറികടന്നപ്പോള്‍ (7-5, 6-0) വീനസ് സ്വന്തം നാട്ടില്‍ നിന്നുള്ള ലൗറന്‍ ഡേവിസിന്റെ വെല്ലുവിളിയെ അതിജീവിച്ചു (6-2, 6-3).
പുരുഷന്മാരില് ഫ്രാന്‍സിന്റെ ഗില്ലര്‍മോ സിമോണും സ്പാനിഷ് സാന്നിധ്യങ്ങളായ ഫെര്‍ണാണ്ടോ വെര്‍ഡാസ്കോയും ഡേവിഡ് ഫെററും ജപ്പാന്റെ കെയ് നിഷികോരിയും കാനഡയുടെ മിലോസ് റാവോണിച്ചുമൊക്കെ രണ്ടാം കടമ്പ താണ്ടിയവരില്പ്പെടുന്നു.
അതേസമയം, ആതിഥേയ പ്രതീക്ഷയായിരുന്ന വെറ്ററന്‍ ലെയ്ട്ടണ്‍ ഹെവിറ്റ് ജര്‍മനിയുടെ ബെഞ്ചമിന്‍ ബെക്കറുടെ മുന്നില്‍ മുട്ടുകുത്തി (2-6, 1-6, 6-3, 6-4, 6-2). വനിതാ വിഭാഗത്തില്‍ ഫ്രാന്‍സിന്റെ അലീസ കോര്‍നറ്റ്, ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവ, പോളണ്ടിന്റെ ആഗ്നിയേസ്ക റഡവാന്സ്ക തുടങ്ങിയവര്‍ മൂന്നാം റൗണ്ടിലേക്ക് ചുവടുവച്ചു.
ഓസ്ട്രേലിയന്‍ സ്റ്റാര്‍ സാമന്ത സ്റ്റോസര്ക്ക് രണ്ടാംവട്ടത്തില്‍ അടിതെറ്റി. പുരുഷ ഡബിള്‍സില്‍ സൈപ്രസിന്റെ മാര്‍കോസ് ബാഗ്ദാതീസ്- ബോസ്നിയ ഹെര്‍സഗോവിനയുടെ മാരിന്കോ മറ്റോസേവിച്ച് ജോടിയെ വീഴ്ത്തിയ രോഹന് ബൊപ്പണ്ണയും കാനഡയുടെ ഡാനിയേല്‍ നെസ്റ്ററും പ്രയാണം ആരംഭിച്ചു (7-6, 7-5). എന്നാല്‍ മഹേഷ് ഭൂപതി- യൂര്‍ഗന്‍ മെല്‍സര്‍ ജോടി പുറത്തേക്കു വഴിതേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: