ഹൊബാര്‍ട്ട്: ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റിന്റെ ഫൈനലില്‍ ഇടംതേടി ആതിഥേയരായ ഓസ്ട്രേലിയ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. രണ്ടു ജയങ്ങളുമായി പോയിന്റ് ടേബിളില്‍ തലപ്പത്തുള്ള കങ്കാരുക്കള്‍ക്ക് ഇംഗ്ലണ്ടിനെ വീഴ്ത്തിയാല്‍ കലാശക്കളത്തിലേക്ക് കുതിക്കാം.
മുന്നോട്ടുള്ള പ്രയാണത്തിന് ഇംഗ്ലണ്ടിനും ജയം അനിവാര്യം. ഇന്ത്യന്‍ സമയം രാവിലെ 8.50ന് മത്സരാരംഭം.
ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്ലി, പരിചയ സമ്പന്നനായ ഓള് റൗണ്ടര്‍ ഷെയ്ന് വാട്സന്, വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ അഭാവമാണ് ഓസീസ് നേരിടുന്ന പ്രധാന പ്രശ്നം. എങ്കിലും സ്റ്റീവ് സ്മിത്തും ആരോണ്‍ ഫിഞ്ചും ബ്രാഡ് ഹാഡിനുമൊക്കെ അടങ്ങുന്ന ബാറ്റിംഗ് നിരയെ എഴുതിത്തള്ളാനാവില്ല.
പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഓസീസ് ബൗളിംഗ് ലൈനപ്പും ഫോമില്‍ തന്നെ. മറുവശത്ത് ഇന്ത്യയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്.
ഓസീസ് ടീമിലെ ചില പ്രമുഖരുടെ അഭാവം മുതലെടുക്കാന്‍ ഇംഗ്ലണ്ട് ശ്രമിക്കും. ബാറ്റ്സ്മാന്മാരില് ഇയാന്‍ ബെല്‍ അവരുടെ പ്രതീക്ഷയേറ്റുന്നു.
പേസര്‍മാരായ സ്റ്റീവന്‍ ഫിന്നും ജെയിംസ് ആന്‍ഡേഴ്സനും മൂര്ച്ചകാട്ടിയതും സന്ദര്‍ശക സംഘത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: