റാഞ്ചി: ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിന്റെ മൂന്നാം നാള് പിറന്നത് നാല് റെക്കോര്‍ഡുകള്‍. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പ്, ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്വോള്ട്ട,് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ ത്രോ, സീനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ത്രോ എന്നിവയിലാണ് പുതിയ ദൂരങ്ങളും ഉയരങ്ങളും സൃഷ്ടിക്കപ്പെട്ടത്. ഇതോടെ ആകെ റെക്കോര്‍ഡുകളുടെ എണ്ണം ഏഴായി. അവയെല്ലാം ജമ്പിങ്ങിലും ത്രോയിനങ്ങളിലുമാണ്.
ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ ഒപ്പത്തിനൊപ്പം പോരാടിയാണ് സ്വര്‍ണ്ണം നേടിയ ദല്‍ഹിയുടെ തേജസ്വിന് ശങ്കറും മലയാളി താരം കെ.എസ്. അനന്തുവും നിലവിലെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചത്. 2011ലെ പൂനെ നാഷണല്‍സില്‍ ഹരിയാനയുടെ സിക്കന്ദര്‍ സ്ഥാപിച്ച 2.05 മീറ്ററിന്റെ റെക്കോര്‍ഡാണ് ഇരുവരും 2.07 മീറ്റര്‍ ചാടി തകര്‍ത്തത്.
2.09 മീറ്റര്‍ മറികടക്കാനായി രണ്ടുപേരും നടത്തിയ മൂന്ന് ശ്രമങ്ങളും പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ ആദ്യ ശ്രമത്തില്‍ തന്നെ തേജസ്വിന് ശങ്കര്‍ 2.07 മീറ്റര്‍ മറികടന്ന് സ്വര്‍ണ്ണം നേടിയപ്പോള്‍ അനന്തു രണ്ടാം ശ്രമത്തിലാണ് ഈ ദൂരം താണ്ടിയത്. 1.94 മീറ്റര്‍ ചാടിയ ദല്‍ഹിയുടെ നിഷാന്ത് വെങ്കലവും നേടി. ഈയിനത്തില്‍ മത്സരിച്ച മറ്റൊരു മലയാളിതാരം കെ.കെ. ദില്ഷന് (1.80 മീറ്റര്‍) ആറാം സ്ഥാനത്താണ് എത്തിയത്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ മലയാളി താരം നിവ്യ ആന്റണി റെക്കോര്‍ഡ് സ്ഥാപിച്ചു. 3.21 മീറ്റര്‍ ഉയരം താണ്ടിയാണ് നിവ്യയുടെ പൊന്‍തിളക്കം. 2013-ല്‍ ഇറ്റാവ സ്കൂള്‍ നാഷണല്‍സില്‍ മലയാളിയായ മരിയ ജയ്സണ്‍ സ്ഥാപിച്ച 3.21 മീറ്ററിന്റെ റെക്കോര്‍ഡാണ് നിവ്യ പഴങ്കഥയാക്കിയത്. 2.95 മീറ്റര്‍ ചാടിയ കേരളത്തിന്റെ തന്നെ ദിവ്യമോഹന്‍ വെള്ളിയും 2.90 മീറ്റര്‍ ചാടിയ പഞ്ചാബിന്റെ രേണു റാണി വെങ്കലവും നേടി.
ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ രാജസ്ഥാന്റെ പ്രദീപ്കുമാര്‍ 66. 96 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് റെക്കോര്‍ഡ് കുറിച്ചത്. 2013-ല്‍ വിദ്യാഭാരതിയുടെ സബീല്‍ അഹമ്മദ് സ്ഥാപിച്ച 61.49 മീറ്ററിന്റെ റെക്കോര്‍ഡ് പ്രദീപ്കുമാര്‍ മായ്ച്ചുകളഞ്ഞു. പഞ്ചാബിന്റെ ദംനീത് സിംഗ് വെള്ളിയും വിദ്യാഭാരതിയുടെ അന്‍ഷു ത്രിപാഠി വെങ്കലവും നേടി.
സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹരിയാനയുടെ ആശിഷ് ഝക്കര്‍ 64.40 മീറ്റര്‍ എറിഞ്ഞാണ് റെക്കോര്‍ഡിന് അവകാശിയായത്. 2013-ല്‍ പഞ്ചാബിന്റെ ഗുര്‍മീത് സിംഗിന്റെ പേരിലുള്ള 60.35 മീറ്ററിന്റെ റെക്കോര്‍ഡ് ഇതോടെ ചരിത്രത്തിന്റെ പിന്നാമ്പുറത്ത്. ദല്‍ഹിയുടെ രാകേഷ് വെള്ളിയും സുഭാഷ് ചന്ദ്ര യാദവ് (യുപി) വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: