മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ഇന്നലെ വന്‍ അട്ടിമറികള്‍ സൃഷ്ടിക്കപ്പെട്ടേനെ. പക്ഷേ, പുരുഷവിഭാഗത്തിലെ വമ്പന്‍ സ്പെയിനിന്റെ റാഫേല്‍ നദാലും വനിതകളിലെ കേമത്തിയായ റഷ്യന്‍ സുന്ദരി മരിയ ഷറപ്പോവയുമൊക്കെ കടുത്ത പോരാട്ടങ്ങള്‍ക്കൊടുവില്‍ മുന്നോട്ടുനീങ്ങി.
പരിക്കിന്റെ ആകുലതകളുള്ള ലോക മൂന്നാം നമ്പര്‍ നദാലിന്റെ അതിജീവനമായിരുന്നു മെല്‍ബണ്‍ പാര്‍ക്കിലെ ഏറ്റവും വലിയ വിശേഷം. രണ്ടാം റൗണ്ടില്‍ അമേരിക്കന്‍ ക്വാളിഫയര്‍ ടീം സ്മൈസെക്കിനെ നേരിട്ട റാഫയ്ക്ക് ജയിക്കാന്‍ അഞ്ചു സെറ്റ് വിയര്‍പ്പൊഴുക്കേണ്ടിവന്നു (6-3, 3-6, 6-7, 6-3, 7-5). നാലേകാല്‍ മണിക്കൂറോളം നീണ്ട മത്സരത്തിനിടെ ഉദരസംബന്ധമായ പ്രശ്നങ്ങളാല്‍ വലഞ്ഞ നദാല്‍ മരുന്നുകളുടെ ബലത്തിലാണ് റാക്കറ്റ് വീശിയത്. ഇറ്റലിക്കാരന് സിമോണെ ബൊലേലിയെ മറികടന്ന് മൂന്നാം റൗണ്ടില്‍
ഇടം ഉറപ്പിക്കാന്‍ സ്വിറ്റ്സര്‍ലന്റ് ഇതിഹാസം റോജര്‍ ഫെഡററിന് നാലു സെറ്റുകള്‍ കോര്‍ട്ടില്‍ ചെലവിടേണ്ടിവന്നത് മറ്റൊരു വാര്‍ത്ത. ആദ്യ സെറ്റ് കൈവിട്ടെങ്കിലും സ്വതസിദ്ധമായ ശൈലിയിലേക്കുയര്‍ന്ന ഫെഡറര്‍ ബൊലേലിയെ പുറത്തേക്കടിച്ചു (3-6, 6-3, 6-2, 6-2). അതേസമയം, ബ്രിട്ടീഷ് സ്റ്റാര്‍ ആന്‍ഡി മുറെ ആതിഥേയ പ്രതീക്ഷയായിരുന്ന മാരിന്കോ മറ്റോസെവിച്ചിനെ അനായാസം തുരത്തി (6-1, 6-3, 6-2).
തോല്വിക്കരുകില് നിന്ന് ഷറപ്പോവ തടിതപ്പിയെന്നു പറയാം, സ്കോര്‍:6-1, 4-6, 7-5. സ്വന്തം നാട്ടുകാരിയായ അലെക്സാന്ദ്ര പനോവ ഷറപ്പോവയെ വെള്ളംകുടിപ്പിച്ചുകളഞ്ഞു. ആദ്യ സെറ്റ് ഷറപ്പോവ കൈക്കലാക്കിയെങ്കിലും രണ്ടാം സെറ്റ് പിടിച്ചെടുത്ത് പനോവ മടങ്ങിവന്നു. നിര്‍ണായക മൂന്നാം സെറ്റില്‍ ഉഗ്രന്‍ ഫോര്ഹാന്ഡുകളിലൂടെ രണ്ട് മാച്ച് പോയിന്റുകളെ നിര്‍വീര്യമാക്കിയ ഷറപ്പോവ ജയം ഉറപ്പിച്ചു.
പുരുഷന്മാരില് ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവ്, ഫ്രാന്‍സിന്റെ റിച്ചാര്‍ഡ് ഗാസ്കറ്റ്, സൈപ്രസിന്റെ മാര്‍ക്കോസ് ബാഗ്ദാതിസ,് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ച് തുടങ്ങിയവരും മൂന്നാം റൗണ്ടിലേക്കു ഗമിച്ചു. വനിതകളില്‍ കാനഡയുടെ യൂജിന്‍ ബൗച്ചാര്‍ഡും ഇറ്റലിയുടെ സാറാ എറാനിയും റഷ്യയുടെ എകാതറീന മക്കറോവയുമെല്ലാം മുന്നേറി.
പുരുഷ ഡബിള്‍സില്‍ ലിയാണ്ടര്‍ പേസും രാവന്‍ ക്ലാസെനും ചേര്‍ന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക കൂട്ടുകെട്ട് ആദ്യകടമ്പ കടന്നു. അമേരിക്കയുടെ സ്കോട്ട് ലിപ്സ്കൈ- രാജീവ് റാം ജോടിയെയാണ് 6-4, 7-6 എന്ന സ്കോറിന് പേസ് സഖ്യം വീഴ്ത്തിയത്. വനിതാ ഡബിള്‍സില്‍ അര്‍ജന്റീനയുടെ മരിയ ഇരിഗോയന്-സ്വിറ്റ്സര്‍ലന്റിന്റെ റോമിന ഒപ്രാന്ഡി ടീമിന് മടക്കടിക്കറ്റ് നല്കി സാനിയ മിര്‍സയും ചൈനീസ് തായ്പെയിയുടെ ഹെയ് സുവെയും പ്രയാണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: