ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പിലെ ഹൈടെക്ക് അങ്കം സമാസമം. ആദ്യപാദ സെമിയില്‍ ലിവര്‍പൂളും ചെല്‍സിയും ഓരോ ഗോള്‍ വീതം പങ്കിട്ട് പിരിഞ്ഞു. ഈഡന് ഹസാര്‍ഡിന്റെ പെനാല്‍റ്റി സ്ട്രൈക്കിലൂടെ ആധിപത്യം സ്ഥാപിച്ച നീലപ്പടയെ റഹീം സ്റ്റെര്‍ലിങ്ങിന്റെ ഉജ്ജ്വലമൊരു സോളോവഴി ലിവര്‍പൂള്‍ മെരുക്കുകയായിരുന്നു. ഇനി സ്റ്റാന്‍ഫോര്‍ഡ് ബ്രിഡ്ജിലെ രണ്ടാം പാദം ചെല്‍സിയുടെയും റെഡ്സിന്റെയും വിധി നിര്‍ണയിക്കും.
ലിവര്പൂളീന്റെ തട്ടകമായ ആന്‍ഫീല്‍ഡിലെ ആദ്യ നിമിഷങ്ങളില്‍ ചടുല നീക്കങ്ങളേറെ പിറന്നു. അപ്പോഴെല്ലാം ചെല്‍സി ഗോള്‍ മുഖത്ത് ലിവര്‍ നിരന്തരം സമ്മര്‍ദ്ദം സൃഷ്ടിച്ചുകൊണ്ടിരുന്നു. 16-ാം മിനിറ്റില്‍ സ്റ്റീവന്‍ ജെറാഡിന്റെ ലോങ് റേഞ്ച് തട്ടിത്തെറിപ്പിച്ചതടക്കം ചെല്‍സി ഗോളി തിബൂട്ട് കോര്‍ട്ടോയിസിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഗാലറി കണ്ടിരുന്നു. പക്ഷേ, മത്സരഗതിക്കു വിരുദ്ധമായി ചെല്‍സി മുന്നില്‍ക്കടന്നു.
18-ാം മിനിറ്റില്‍ ഹസാര്‍ഡിനെ എമ്രെ കാന്‍ ബോക്സിനുള്ളില്‍ ഫൗള്‍ ചെയ്തു. റഫറി പെനാല്‍റ്റി സ്പോട്ടിലേക്ക് തുറിച്ചുനോക്കി. ഹസാര്‍ഡിന്റെ കിക്ക് ലിവറിന്റെ വലയില്‍ കുഴിച്ചുമൂടപ്പെട്ടു (1-0). ആദ്യ പകുതിയില്‍ പിന്നെ ഗോളൊന്നും വന്നില്ല.
രണ്ടാം ഘട്ടത്തില്‍ തിരിച്ചടി ലക്ഷ്യമിട്ട് ലിവര്‍പൂള്‍ കളംതൊട്ടു. 59-ാം മിനിറ്റില്‍ ചെല്‍സിയുടെ പകുതിയില്‍ നിന്ന് പന്തുമായി കുതിച്ച സ്റ്റെര്‍ലിങ് നെമാന്‍ജ മാറ്റിച്ചിന്റെ ശ്രദ്ധതെറ്റിച്ചശേഷം ഗ്യാരി കാഹിലിനെ മറികടന്ന് നിലംപറ്റെയുള്ള ഇടംകാല് ഷോട്ടിലൂടെ ചെല്‍സിയുടെ വലചലിപ്പിച്ചു (1-1). പിന്നെ ലിവര്‍പൂള്‍ കത്തിയാളി.
വിജയ ഗോളിനുവേണ്ടി ആതിഥേയര്‍ അക്ഷീണം യത്നിച്ചു. ജെറാഡും ഫിലിപ്പ് കൗട്ടീഞ്ഞോയും ചെല്‍സിയുടെ ഹൃദയം ഭേദിക്കുന്നതിന് അരുകിലെത്തി.
പിന്നെ ജോര്ഡാന് ഹെന്‍ഡേഴ്സനും സ്റ്റെര്‍ലിങ്ങിനും ആദം ലല്ലാനയ്ക്കുമെല്ലാം കോര്‍ട്ടോയിസ് ഗോള്‍ നിഷേധിച്ചു. അവസാന നിമിഷങ്ങളില്‍ ലിവര്‍പൂള്‍ സമ്മര്‍ദ്ദം വര്‍ധിപ്പിച്ചെങ്കിലും ചെല്‍സി പ്രതിരോധം പിടിച്ചുനിന്നതോടെ സമനിലയുമായി ഇരുകൂട്ടരും കരകയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: