റാഞ്ചി: ദുരിതങ്ങളെ വകഞ്ഞുമാറ്റി ഷാനവാസ് ഖാന് ഉയര്‍ന്നു ചാടിയത് റെക്കോര്‍ഡിലേക്ക്. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പിലായിരുന്നു ഷാനവാസ് ഖാന്റെ അത്ഭുതപ്രകടനം. ഷാനവാസിന്റെ ഉശിരന്‍ പ്രകടനം കാണാന്‍ നിലവിലെ റെക്കോര്‍ഡ് ജേതാവായ മലയാൡതാരം കെ.എസ്. അനന്തുവും എത്തിയിരുന്നു.
ദല്‍ഹി മയൂര്‍വിഹാര്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷാനവാസ് ഖാന് അനന്തുവിന്റെ പേരിലുള്ള 1.89 മീറ്ററിന്റെ റെക്കോര്‍ഡാണ് തിരുത്തിക്കുറിച്ചത്. പുതിയ ഉയരം 1.97 മീറ്റര്‍. 1.89 മീറ്റര്‍ അനായാസം മറികടന്ന ഷാനവാസ് പിന്നീട് 1.93, 1.95, 1.97 ഉയരങ്ങള്‍ കീഴടക്കി. ക്രോസ്ബാര്‍ 1.99 ലേക്ക് ഉയര്‍ത്തി ചാടിയെങ്കില്‍ മറിക്കടക്കാനായില്ല.
ദാരിദ്ര്യത്തിന്റെ ഇടയില്‍ നിന്നാണ് യാമീന്ഖാന് – ലഖിനഖാന് ദമ്പതികളുടെ മൂന്നു മക്കളില്‍ ഇളയവനാണ് ഷാനവാസ് വരുന്നത്. യമുന വിഹാറിലെ ചുമട്ടുതൊഴിലാളിയാണ് യാമീന്. ട്രക്കുകളിലെ കയറ്റിറക്ക് തൊഴിലില്‍ നിന്നും ലഭിക്കുന്ന തുശ്ചമായ തുകയാണ് അഞ്ചംഗ കുടുംബത്തിന്റെ വരുമാനം. യമുന വിഹാര്‍ ജിവിഎസ്ബി സ്കൂളിലെ പരിശീലകനായ കര്‍ത്താര്‍ സിംഗാണ് ഷാനവാസിലെ പ്രതിഭയെ കണ്ടെടുത്തത്. വിജയവാഡയില്‍ നടന്ന ജൂനിയര്‍ ദേശീയ മീറ്റില്‍ ഷാനവാസ് വെള്ളിമെഡല്‍ നേടിയിരുന്നു. ഒളിമ്പിക്സില്‍ രാജ്യത്തിനായി ഹൈജമ്പില്‍ ഒരു മെഡല്‍ നേടുകയെന്നതാണ് ഷാനവാസ് ഖാന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: