റാഞ്ചി: ജൂനിയര്‍ ആണ്‍കുട്ടികളുടെ സ്പ്രിന്റില്‍ കേരളത്തിന് ഉറച്ച മെഡല്‍ നഷ്ടമായി. ഇന്നലെ നടന്നജൂനിയര് ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹീറ്റ്സിനിടെ വെള്ളം കുടിക്കാനായി ഓംകാര്‍ പോയതാണ് കേരളത്തിന് തിരിച്ചടിയായത്. ഇതിനിടെ ഓംകാര്‍ ഇല്ലാതെ ഹീറ്റ്സ് പൂര്‍ത്തിയാക്കുകയും ചെയ്തു.
ഇന്നലെ ഹീറ്റ്സിനായി ഒരുങ്ങി വന്ന ഓംകാറിനെ സബ് ജൂനിയര്‍ വിഭാഗത്തിന്റെ മത്സരങ്ങള്‍ തീരാനായി ഒഫീഷ്യലുകള്‍ മാറ്റിനിര്‍ത്തുകയായിരുന്നു. ഇതിനിടെ ദാഹം തീര്‍ക്കാന്‍ അല്പം മാറിയ ഓംകാറിന് ജൂനിയര്‍ വിഭാഗത്തിന്റെ ഹീറ്റ്സിനായി ചെസ്റ്റ് നമ്പര്‍ വിളിച്ചത് കേള്‍ക്കാനായില്ല.
ആദ്യമായി ദേശീയ മീറ്റിനെത്തുന്ന ഓംകാറിന് അധികൃതര്‍ ഹിന്ദിയില്‍ക്കൂടി നടത്തിയ അനൗണ്‍സ്മെന്റ് മനസ്സിലായതുമില്ല. ഒടുവില്‍ മത്സരം പൂര്‍ത്തിയായപ്പോഴാണ് ഓംകാര്‍ എത്തുന്നത്. ഇതോടെ നിരാശയും പരിഭ്രാന്തിയും ഒന്നിച്ച് അലട്ടിയ താരം കരഞ്ഞു പറഞ്ഞിട്ടും അധികൃതര്‍ ചെവിക്കൊണ്ടില്ല. പിന്നീട് കേരള ടീമിന്റെ ഒഫീഷ്യലുകള്‍ എത്തി ഏറെ അപേക്ഷിച്ചിട്ടും അധികൃതര്‍ മുഖംതിരിച്ചതോടെയാണ് കേരളം ഉറപ്പിച്ച ഒരു സ്വര്‍ണം നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: