റാഞ്ചി: തിരുവനന്തപുരത്ത് നടന്ന കഴിഞ്ഞ സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായ അഞ്ജലി. പി.ഡി. തന്റെ ആദ്യദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിലും പൊന്നണിഞ്ഞു. ദുരന്തങ്ങള്‍ക്ക് നടുവില്‍ നിന്ന് വന്നാണ് അഞ്ജലിയുടെ സ്വപ്നനേട്ടം.
അമ്മാവനായ ശ്രീജിത്തിന്റെ തണലിലാണ് അഞ്ജലി ജീവിക്കുന്നത്. അഞ്ജലിയേയും കുടുംബത്തേയും അച്ഛന് ഉപേക്ഷിച്ചുപോവുകയും പിന്നീട് അമ്മ കാന്‍സര്‍ ബാധിച്ച് ഒരുവര്‍ഷം മുമ്പ് മരിക്കുകയും ചെയ്തതോടെയാണ് അഞ്ജലിയെ ശ്രീജിത്ത് ഏറ്റെടുത്തത്.
തൃശൂര്‍ ജില്ലയിലെ നാട്ടിക ഫിഷറീസ് സ്കൂളിലെ പി.ഡി. അഞ്ജലി സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തിലാണ് തന്നേക്കാള്‍ ഏറെ തടിമിടുക്കുള്ള മഹാരാഷ്ട്രയുടെയും തമിഴ്നാടിന്റെയും പഞ്ചാബിന്റെയും താരങ്ങളെ അനായാസം പിന്തള്ളി കരിയറിലെ ഏറ്റവും മികച്ച സമയത്തോടെ ഇന്നലെ പൊന്നണിഞ്ഞത്. മൂന്നാം ട്രാക്കിലൂടെയായിരുന്നു അഞ്ജലിയുടെ പ്രയാണം.
2013 മുതല്‍ ട്രാക്കിലിറങ്ങിയ അഞ്ജലിക്ക് ആ വര്‍ഷം സംസ്ഥാന സ്കൂള്‍ മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. പിന്നീട് 2014ലാണ് നാട്ടിക സ്പോര്‍ട്സ് അക്കാദമിയില്‍ എത്തിയത്. അവിടന്നങ്ങോട്ട് കോച്ച് കണ്ണന്റെ നേതൃത്വത്തിലുള്ള പരിശീലനമാണ് അഞ്ജലിയെ ഉയരങ്ങളിലെത്തിച്ചത്.
400 സെമി ഫൈനല്‍, 100, മീറ്റര്‍ ഹീറ്റ്സും ഓടിയ ശേഷമാണ് അഞ്ജലി അന്തിമ പോരാട്ടത്തില്‍ ജേത്രിയാവാന് ഓടിയത്.
സ്വര്‍ണം നേടിയ പിന്നാലെ 4-100 മീറ്റര്‍ റിലേയുടെ ഹീറ്റ്സിലും കേരളത്തെ ഒന്നാമതെത്തിച്ചാണ് അഞ്ജലി ഇന്നലെ ട്രാക്കില്‍ നിന്നും കയറിയത് ഇന്ന് 100 മീറ്ററില്‍ മത്സരത്തിനിറങ്ങുന്ന അഞ്ജലി 200, 4-100 മീറ്റര്‍ റിലേയിലും കേരളത്തെ പൊന്നണിയിക്കാനായി ട്രാക്കിലിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: