റാഞ്ചി: 60-ാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിന്റെ രണ്ടാം ദിനത്തിലും കേരളത്തിന്റെ മികച്ച പ്രകടനം. നാല് വീതം സ്വര്‍ണ്ണവും വെള്ളിയും മൂന്ന് വെങ്കലവും ഇന്നലെ കേരളം സ്വന്തമാക്കി. ഇതോടെ കേരളത്തിന്റെ മെഡല്‍ സമ്പാദ്യം 7 സ്വര്‍ണ്ണവും 7 വെള്ളിയും നാല് വെങ്കലവും ഉള്‍പ്പെടെ പതിനെട്ടായി.
39 പോയിന്റ് കേരളം അക്കൗണ്ടിലെത്തിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മെഡല്‍ നേട്ടത്തില്‍ കുറവുവന്നിട്ടുണ്ട്. മൂന്ന് സ്വര്‍ണ്ണവും രണ്ട് വെള്ളിയുമടക്കം 13 പോയിന്റുള്ള മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും ഉള്‍പ്പെടെ 11 പോയിന്റുള്ള തമിഴ്നാട് മൂന്നാമത്. പ്രതീക്ഷിച്ച ചില ഇനങ്ങൡ സ്വര്‍ണ്ണം നഷ്ടപ്പെട്ടെങ്കിലും നടത്തത്തില്‍ കെ.ടി. നീനയുടെകനക നേട്ടവും പെണ്‍കുട്ടികളുടെ 400 മീറ്ററിലെ ട്രിപ്പിള്‍ സ്വര്‍ണവും കേരളത്തിന്റെ കുതിപ്പിന് കരുത്തേകി.
ഇന്നലെ രണ്ട് പുതിയ ദേശീയ റെക്കോര്‍ഡുകള്‍ക്കും റാഞ്ചിയിലെ ബിര്‍സമുണ്ട സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. മലയാളി താരം ജിസ്ന മാത്യുവും നിലവിലെ റെക്കോര്‍ഡ് തിരുത്തിയെങ്കിലും റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചില്ല. ഇലട്രോണിക് ടൈമര്‍ മത്സരവേദിയില്‍ സജ്ജമാക്കിയിട്ടില്ലാത്തതിനാല് എത്ര മികച്ച പ്രകടനം നടത്തിയാലും ട്രാക്ക് ഇനങ്ങളില്‍ റെക്കോര്‍ഡായി പരിഗണിക്കില്ല.
സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പിലും സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്കസ്ത്രോയിലുമാണ് പുതിയ റെക്കോര്‍ഡുകള്‍ പിറവിയെടുത്തത്. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ 1.97 മീറ്റര്‍ ചാടി ദല്‍ഹിയുടെ ഷാനവാസ്ഖാന് ആദ്യ റെക്കോര്‍ഡ് കൈക്കലാക്കി. കഴിഞ്ഞവര്‍ഷം ഇതേ വേദിയില്‍ കേരളത്തിന്റെ കെ.എസ്. അനന്തു സ്ഥാപിച്ച 1.89 മീറ്ററിന്റെ റെക്കോര്‍ഡാണ് ഷാനാവാസ് തിരുത്തിക്കുറിച്ചത്. 1.89 മീറ്റര്‍ അനായാസം മറിക്കടന്ന ഷാനവാസ് പിന്നീട് 1.93, 1.95, 1.97 എന്നിങ്ങനെ പുതിയ ഉയരങ്ങള്‍ കണ്ടെത്തി. എന്നാല്‍ 1.99 മീറ്റര്‍ എന്ന ലക്ഷ്യം ഷാനവാസിന് താണ്ടാനായില്ല.
സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്കസ്ത്രോയിലായിരുന്നു രണ്ടാം റെക്കോര്‍ഡ്. 53.43 മീറ്റര്‍ ദൂരത്തേക്ക് ഡിസ്ക് പറത്തി മഹാരാഷ്ട്രയുടെ കൃതികുമാര് ബെനാകേ പുതിയ റെക്കോര്‍ഡിന് അവകാശിയായി. കഴിഞ്ഞവര്‍ഷം ഉത്തര്‍പ്രദേശിന്റെ ക്ഷേത്രപാല്‍ സ്ഥാപിച്ച 49.65 മീറ്ററിന്റെ റെക്കോര്‍ഡ് ഇതോടെ മായ്ക്കപ്പെട്ടു.
പെണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തിലൂടെയായിരുന്നു കേരളം ഇന്നലെ സ്വര്‍ണ്ണവേട്ടക്ക് തുടക്കമിട്ടത്. 25 മിനിറ്റ് 57.9 സെക്കന്റില്‍ ഫിനിഷ്ചെയ്ത പാലക്കാട് പറളി സ്കൂളിലെ നീന കേരളത്തിന്റെ പോക്കറ്റില്‍ കനകപ്പതക്കമെത്തിച്ചു. ഹരിയാനയുടെ പുഷ്പ (28 മിനിറ്റ് 26.3 സെക്കന്റ്) വെള്ളിയും രാജസ്ഥാന്റെ റാണി സുഖ്വാല് വെങ്കലവും കരസ്ഥമാക്കി.
ഉച്ചയ്ക്കുശേഷം നടന്ന 400 മീറ്റര്‍ ഫൈനലില്‍ പെണ്‍കുട്ടികളില്‍ അഞ്ജലി പി.ഡിയും ജിസ്ന മാത്യുവും ഷഹര്‍ബാന സിദ്ദിഖും പൊന്നണിഞ്ഞപ്പോള്‍ ആണ്‍കുട്ടികളില്‍ സനു സാജന് വെള്ളിമെഡല്‍ കൊണ്ട് തൃപ്തിപ്പെട്ടു. പെണ്‍കുട്ടികളില്‍ സ്മൃതിമോള്‍ വി. രാജേന്ദ്രനും ലിനറ്റ് ജോര്‍ജ് വെങ്കലവും സ്വന്തമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ് ജമ്പില്‍ വിനിജ വിജയന്, സീനിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ ഗോപിക നാരായണന് എന്നിവര്‍ വെള്ളിയും ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ മേഘ മറിയം മാത്യു, ജൂനിയര്‍ ആണ്‍കുട്ടികളുടെ ഇതേ വിഭാഗത്തില്‍ അമല്‍ പി. രാഘവ് എന്നിവര്‍ വെങ്കലവും സ്വന്തമാക്കി.
സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ കഴിഞ്ഞ സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റിലെ മിന്നുംതാരമായി മാറിയ അഞ്ജലി ഒരുമിനിറ്റില്‍ താഴെ സമയംകൊണ്ട് മത്സരം പൂര്‍ത്തിയാക്കി തന്റെ ആദ്യ ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ തന്നെ പൊന്നണിഞ്ഞു. മഹാരാഷ്ട്രയുടെ തായി ബംഹാനെ 1 മിനിറ്റ് 00.3 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെള്ളിയും തമിഴ്നാടിന്റെ വി. പവിത്ര 1 മിനിറ്റ് 00.7 സെക്കന്റില്‍ ഓടിയെത്തി വെങ്കലവും സ്വന്തമാക്കി.
ജൂനിയര്‍ പെണ്‍കുട്ടികളില്‍ ഉഷ സ്കൂളിന്റെ ജിസ്ന മാത്യു (54.9 സെക്കന്റ്) സ്വര്‍ണ്ണം നേടി. വെള്ളിമെഡല്‍ ഉറപ്പിച്ച പശ്ചിമബംഗാൡന്റെ റിയ ഹസ്റ മൂന്ന് സെക്കന്റോളം പിന്നിലായാണ് ഫിനിഷ് ചെയ്തത്. 2006ലെ പൂനെ മീറ്റില്‍ കേരളത്തിന്റെ അഭിമാനതാരം ടിന്റു ലൂക്ക സ്ഥാപിച്ച 55.61 സെക്കന്റിനേക്കാളും മികച്ച സമയം കുറിക്കാനും ജിസ്നക്കു കഴിഞ്ഞു. കേരളത്തിന്റെ തന്നെ ലിനറ്റ് ജോര്‍ജിനാണ് വെങ്കലം, 57.7 സെക്കന്റ്.
സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ 56.2 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ഉഷ സ്കൂളിന്റെ ഷഹര്‍ബാന സിദ്ദിഖ് സ്വര്‍ണ്ണം നേടി. 57.4 സെക്കന്റില്‍ ഓടിയെത്തിയ സ്മൃതിമോള്‍ വി. രാജേന്ദ്രനിലൂടെ വെള്ളിയും കേരളത്തിനു കരഗതമായി. പഞ്ചാബിന്റെ വീര്‍പാല്‍ കൗര്‍ (58.3 സെക്കന്റ്) വെങ്കല നേട്ടക്കാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: