റാഞ്ചി: ഏറെ പ്രതീക്ഷകളുമായാണ് ജോഫിന്‍ എന്ന ലോങ്ജമ്പ് താരം റാഞ്ചിയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ മത്സരിക്കാനെത്തിയത്. എന്നാല്‍ ട്രാക്കിനെ പ്രണമിച്ചശേഷം ഇറങ്ങിയ ജോഫിന്‍ വിധി എതിരായിനിന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജമ്പ് മത്സരത്തിന് തൊട്ടുമുമ്പായി പരിശീലനത്തിനെന്നോണം ഒരു ചാട്ടം. അവിടെ ജോബിന് പിഴച്ചു. ജോബിന്റെ ഇടങ്കാല് പിറ്റിന്റെ ബോര്‍ഡിലിടിച്ചു. തുടര്‍ന്ന് അതികഠിനമായ പേശീവലിവും. അനങ്ങാന്‍ വയ്യാതെ ജോഫിന്‍
തരിച്ചുകിടന്നു. വേദനയില്‍ പുളഞ്ഞു. ആദ്യ രണ്ടു ചാട്ടങ്ങളും പാസ് പറഞ്ഞ് ജോബിന് മൂന്നാം ചാട്ടത്തിനായി ഒരുങ്ങി. എന്നാല്‍ ജമ്പ് പൂര്‍ത്തിയാക്കും മുമ്പേ പാതിയോട്ടത്തില് ജോബിന് എല്ലാം അവസാനിപ്പിച്ച് കാല്മുടന്തി, കണ്ണീരുമായി കളംവിട്ടു. ഇതോടെ കേരളത്തിന്റെ ഉറച്ച മെഡല്‍ നഷ്ടമാകുകയും ചെയ്തു. 7.51 മീറ്ററായിരുന്നു സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ ജോബിന് താണ്ടിയത്. റാഞ്ചിയില്‍ ഇന്നലെ സ്വര്‍ണ്ണം നേടിയ താരം താണ്ടിയത് 7.26 മീറ്ററും.
റെക്കോഡ് പ്രകടനത്തെക്കാള്‍ ഒരു മില്ലിമീറ്റര്‍ മാത്രം പിന്നിലായാണ് തിരുവനന്തപുരത്ത് ജോഫിന്‍ ചാടിയെത്തിയത്. അന്നുതന്നെ ജോബിന് പരിക്ക് ഭീഷണിയായിരുന്നു. അതിനുശേഷം ദേശീയ ഗെയിംസിനുള്ള ക്യാമ്പില്‍ ചെന്നെങ്കിലും പ്രകടനം മികച്ചതായിരുന്നില്ല. മീറ്റിനുള്ള ക്യാമ്പില്‍വച്ച് പരിക്ക് പിന്നെയും കൂടി. ഇതൊന്നും വകവയ്ക്കാതൊയിരുന്നു റാഞ്ചിയിലെത്തിയത്. എന്നാല്‍ ഇന്നലെ നിര്‍ഭാഗ്യം ജോഫിനെ വീണ്ടും പിടികൂടുകയായിരുന്നു.
ജോഫിന്റെ പരിക്ക് മാത്രമല്ല കേരളത്തെ അലട്ടുന്നത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹീറ്റ്സില്‍ മത്സരിക്കാന്‍ ഇറങ്ങുന്ന ഓംകാര്‍ നാഥും പിടിയിലുള്ളത്. പരിശീലനത്തിനിടെ കാല്പാദത്തില് കടുത്ത വേദന നേരിട്ട ഓംകാര്‍നാഥ് ആയുര്‍വേദ ചികിത്സയിലാണ്. എങ്കിലും ഇന്ന് ഓംകാര്‍ വേദന മറന്ന് ഓടിത്തെളിയിക്കുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: