റാഞ്ചി: ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിന്റെ ആദ്യദിനം കേരളത്തിന് കരുത്തുപകര്‍ന്നത് മൂവായിരം മീറ്റര്‍ ഓട്ടമത്സരം. ഇന്നലെ നടന്ന മൂന്ന് ഇനങ്ങളിലും കേരളം പൊന്നുവാരി. സീനിയര്‍ പെണ്‍കുട്ടികളുടെയും ജൂനിയര്‍ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ഓട്ടത്തിലാണ് കേരളം പൊന്നുവാരിയത്.
അതില്‍ തന്നെ ഏറെ ആവേശകരമായത് ജൂനിയര്‍ ആണ്‍കുട്ടികളുടെ പോരാട്ടം. ആദ്യ നാല് ലാപ്പിലും അഞ്ചാമതായിരുന്നു ഈയിനത്തില്‍ സ്വര്‍ണ്ണം നേടിയ ബിബിന്‍ ജോര്‍ജ്. ഇതിനിടെ ബിബിന്റെ കോച്ച് ലീഡ് എടുക്കണമെന്ന് പറഞ്ഞ് ബിബിനെ ഏറെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഒപ്പം ഓടിയ മറ്റൊരു മലയാളിതാരമായ അജിത്തിനോടും പരിശീലകന് ഇത്തരത്തില്‍ കുതിച്ചുപായാന്‍ പരിശീലകന് ആവശ്യപ്പെടുന്നുണ്ടായിരുന്നു.
എന്നാല്‍ ചെവിയില്‍ പഞ്ഞിതിരുകിവച്ച് ഓടിയ ഇവര്‍ അതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. പിന്നീട് ആംഗ്യഭാഷയിലൂടെ പരിശീലകന് താരങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. ആദ്യലാപ്പ് മുതല്‍ അജിത്തായിരുന്നു ലീഡ് ചെയ്തിരുന്നത്. എന്നാല്‍ അഞ്ചാം ലാപ്പു മുതല്‍ കുതിപ്പ് തുടങ്ങിയ ബിബിന്‍ ഇടയ്ക്ക് മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയെങ്കിലും പിന്നീട് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഒടുവില്‍ അവസാന ലാപ്പ് ആരംഭിച്ചപ്പോഴും ബിബിന്‍ നാലാമതുതന്നെയായിരുന്നു. അപ്പോഴും അജിത്ത് തന്നെയായിരുന്നു ലീഡ് ചെയ്തിരുന്നത്. എന്നാല്‍ മത്സരത്തിന്റെ അവസാന 80 മീറ്ററായപ്പോഴേക്കും പന്തയക്കുതിരയുടെ കരുത്ത് തന്റെ കാലുകളിലേക്ക് ആവാഹിച്ച് പറന്ന ബിബിന്‍ അജിത്തിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി പൊന്നണിഞ്ഞു.
ബിബിന്‍ 8 മിനിറ്റ് 49.3 സെക്കന്റിലും അജിത് 8മിനിറ്റ് 50.2 സെക്കന്റിലുമാണ് ഫിനിഷ് ചെയ്തത്.ഹരിയാനയുടെ രാകേഷിനാണ് വെങ്കലം.കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബിബിന്‍ തൊടുപുഴ മണക്കാട് മാപ്ലിശ്ശേരി ജോര്‍ജ്-റെജീന ദമ്പതികളുടെ മകനാണ്. കഴിഞ്ഞ റാഞ്ചി മീറ്റില്‍ 1500 മീറ്ററില്‍ വെങ്കലം നേടിയിരുന്നു. ഇനി 1500, 800 മീറ്ററുകളിലും ബിബിന്‍ ട്രാക്കിലിറങ്ങുന്നുണ്ട്.
വെള്ളി നേടിയ അജിത് പറളി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്.കഴിഞ്ഞ സ്കൂള്‍ മീറ്റുകളിലെ പ്രകടനം ആവര്‍ത്തിച്ചാണ് കോഴിക്കോട് നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് എച്ച്എസിലെ ആതിര കെ.ആര്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പൊന്നണിഞ്ഞത്. സമയം 10 മിനിറ്റ് 05.05 സെക്കന്റ്. കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റിലും 2013ലെ ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിലും മിന്നുന്ന പ്രകടനത്തിലെ ആതിര പൊന്നണിഞ്ഞിരുന്നു.
അനുമോള്‍ തമ്പിയുടെ കനത്ത വെല്ലുവിളി മറികടന്നാണ് ആതിര ഇന്നലെ സ്വര്‍ണ്ണം നേടിയത്. ഇക്കഴിഞ്ഞ സംസ്ഥാന സ്കൂള്‍ മീറ്റില്‍ 9 മിനിറ്റ് 58.51 സെക്കന്റിലായിരുന്നു ആതിര സ്വര്‍ണ്ണം നേടിയിരുന്നത്. ആ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സ്വര്‍ണ്ണനേട്ടത്തില്‍ ഏറെ സന്തോഷമുണ്ടെന്നും ആതിര പറഞ്ഞു. ഇനി 1500, 800, ക്രോസ് കണ്ട്രി എന്നീ ഇനങ്ങളിലും സ്വര്‍ണ്ണം ലക്ഷ്യമിട്ട് ആതിര ഇറങ്ങുന്നുണ്ട്. മിനീഷിന്റെ കീഴിലാണ് ആതിര പരിശീലനം നടത്തുന്നത്.
കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമായ നെല്ലിപ്പൊയില്‍ ഉമ്മംകോട്ട് കൂലിപ്പണിക്കാരായ രവി-തങ്കമണി ദമ്പതികളുടെ മകളാണ് 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആതിര. സഹോദരന് അനൂപ്. രാവിലെ നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ പി.ആര്. അലീഷ എറണാകുളത്തെ തേവര സേക്രട്ട് ഹാര്‍ട്ട് സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.
സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ രണ്ടാം സ്ഥാനത്തായിരുന്ന അലീഷ പറളി സ്കൂളിന്റെ എം.വി. വര്‍ഷയെ വെള്ളിമെഡലിലേക്ക് പിന്തള്ളിയാണ് സ്വര്‍ണ്ണനേട്ടം സ്വന്തമാക്കിയത്. സംസ്ഥാന സ്കൂള്‍ മീറ്റില്‍ വര്‍ഷക്കായിരുന്നു സ്വര്‍ണ്ണം. 10 മിനിറ്റ് 20.9 സെക്കന്റില്‍ പറന്നെത്തിയാണ് അലീഷ ഇന്നലെ കേരളത്തിന്റെ ആദ്യ സ്വര്‍ണ്ണം കഴുത്തിലണിഞ്ഞത്. വെള്ളി നേടിയ വര്‍ഷ 10 മിനിറ്റ് 27.2 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. ഛത്തീസ്ഗഡിന്റെ ബിമല പട്ടേല്‍ 10 മിനിറ്റ് 37.3 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെങ്കലവും നേടി. ദേശീയ സ്കൂള്‍ മീറ്റില്‍ ഇതു രണ്ടാം തവണയാണ് അലീഷ മെഡല്‍ നേടുന്നത്.
മലപ്പുറം ജില്ലയിലെ വെറ്റിലപ്പാറ പനച്ചിക്കല്‍ രാജുവിന്റെയും സുശീലയുടെയും മൂന്നുമക്കളില്‍ രണ്ടാമത്തെയാളായ അലീഷ മേഴ്സിക്കുട്ടന്‍ അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. ഇല്ലായ്മകളുടെ നടുവില്‍ നിന്നാണ് അലീഷ റാഞ്ചിയില്‍ സുവര്‍ണ നേട്ടത്തിന് ഉടമയായത്. അലീഷയുടെ അച്ഛനും അമ്മയും ടാപ്പിംഗ് തൊഴിലാളികളാണ്.ടാപ്പിംഗ് ജോലിയില്ലാത്ത സമയങ്ങളില്‍ കൂലിപ്പണിയെടുത്താണ് മൂന്നു മക്കളുടെ പഠനത്തിനും അലീഷയുടെ കായിക പരിശീലനത്തിനും ഉള്‍പ്പെടെയുള്ള പൈസ കണ്ടെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: