റാഞ്ചി: ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിന്റെ ആദ്യദിനം കേരളം മൂന്നുസ്വര്ണ്ണം നേടി കിരീടത്തിലേക്കുള്ള കുതിപ്പിന് തുടക്കമിട്ടെങ്കിലും ചില അപ്രതീക്ഷിത തിരിച്ചടികളും നേരിട്ടു.
സീനിയര്‍ ആണ്‍കുട്ടികളൂടെ ലോങ്ജമ്പിലും ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പിലുമാണ് കേരളത്തിന് തിരിച്ചടിനേരിട്ടത്.
ലോങ്ജമ്പില്‍ കേരളത്തിന്റെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന ജോഫിന്‍ കെ.ജെക്ക് പരിക്കേറ്റത് കനത്ത തിരിച്ചടിയായി. പരിശീലനത്തിനിടെ പരിക്കേറ്റ ജോഫിന്‍ അതവഗണിച്ച് മത്സരിക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യ ജമ്പ് പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഈയിനത്തില്‍ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന അബ്ദുള്ള അബൂബക്കറിനും മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞില്ല. 6.79 മീറ്റര്‍ ചാടിയ അബ്ദുള്ള അബൂബക്കര്‍ അഞ്ചാം സ്ഥാനമാണ് നേടിയത്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ കേരളത്തിനായി ഇറങ്ങിയ കെ.എ. റുബീന വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടെങ്കിലും മറ്റൊരു താരമായ ബി.എം. സന്ധ്യക്ക് മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞില്ല. റുബീനയും സന്ധ്യയും 1.58 മീറ്റര്‍ ദൂരമാണ് പിന്നിട്ടത്. എന്നാല്‍ 1.55 മറികടക്കാനുള്ള ശ്രമം റുബീന ആദ്യശ്രമത്തില്‍ വിജയം കണ്ടപ്പോള്‍ സന്ധ്യ രണ്ടാം ശ്രമത്തിലാണ് ഉയരം മറികടന്നത്. ഇതോടെയാണ് റുബീനക്ക് വെങ്കലം ലഭിച്ചത്.
സീനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ 7.26 മീറ്റര്‍ ദൂരം താണ്ടിയ മഹാരാഷ്ട്രയുടെ അമര്‍ ഷിന്‍ഡെക്കാണ് സ്വര്‍ണ്ണം. 7.22 മീറ്റര്‍ ചാടിയ പശ്ചിമ ബംഗാളിന്റെ ബിപുല്‍ ഒറോണ്‍ വെള്ളിയും 6.97 മീറ്റര്‍ ചാടി ഝാര്‍ഖണ്ഡിന്റെ രാംദിയോ ടിഗ്ഗ വെങ്കലവും കരസ്ഥമാക്കി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ ആസാമിന്റെ ലെയ്മന്‍ നര്‍സാരി തന്റെ ആദ്യ ദേശീയ സ്കൂള്‍ മീറ്റിലാണ് സ്വര്‍ണ്ണം നേടിയത്. 1.67 മീറ്റര്‍ ചാടി പുതിയ റെക്കോര്‍ഡോടെയായിരുന്നു ലെയ്മന്‍ നര്‍സാരിയുടെ കുതിപ്പ്.
കഴിഞ്ഞ വര്‍ഷം കേരളത്തിന്റെ സംഗീത സ്ഥാപിച്ച 1.66 മീറ്ററിന്റെ റെക്കോര്‍ഡാണ് ലെയ്മന്‍ നര്‍സാരിയുടെ കുതിപ്പില്‍ പഴങ്കഥയായത്. രാജസ്ഥാന്റെ പായല്‍ കന്‍വര്‍ ചൗഹാന് 1.63 മീറ്റര്‍ ചാടി വെള്ളിയും കരസ്ഥമാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ വിദ്യാഭാരതിയുടെ മുഹമ്മദ് അരിസ് 15.81 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണ്ണവും പഞ്ചാബിന്റെ ജസ്ഹന്ദീപ് സിംഗ് 15.60 മീറ്റര്‍ എറിഞ്ഞ് വെള്ളിയും ദല്‍ഹിയുടെ രോഹിത് തക്രന് 15.16 മീറ്റര്‍ എറിഞ്ഞ് വെങ്കലവും സ്വന്തമാക്കി.
സീനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്ക്കസ് ത്രോയില്‍ സ്വര്‍ണ്ണവും വെങ്കലവും പഞ്ചാബ് സ്വന്തമാക്കി. 43.46 മീറ്റര്‍ ദൂരത്തേയ്ക്ക് ഡിസ്ക് എറിഞ്ഞ് കമല്‍പ്രീത് കൗര്‍ സ്വര്‍ണ്ണവും 39.50 മീറ്റര്‍ എറിഞ്ഞ് കിരണ്‍ദീപ് കൗര്‍ വെങ്കലവും സ്വന്തമാക്കിയപ്പോള്‍ കര്‍ണാടകയുടെ നിവേദിത സാവന്ത് 40 മീറ്റര്‍ എറിഞ്ഞ് വെള്ളി കരസ്ഥമാക്കി. മീറ്റിന്റെ രണ്ടാം ദിവസമായ ഇന്ന് 16 ഫൈനലുകള്‍ നടക്കും. കേരളത്തിന് ഏറെ പ്രതീക്ഷയുള്ള 400 മീറ്റര്‍ ഫൈനലുകളും ലോംഗ്ജമ്പ് ഹൈജമ്പ് മത്സരങ്ങളുമാണ് ഇന്ന് അരങ്ങേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: