റാഞ്ചി: പുതിയതായി രൂപം കൊണ്ട തെലങ്കാന ദേശീയ സ്കൂള്‍ അത്ലറ്റിക്മീറ്റില്‍ മത്സരിക്കാനെത്തിയത് വന്‍ സംഘവുമായി.
65 പെണ്‍കുട്ടികളും 61 ആണ്‍കുട്ടികളുമടക്കം 126 അംഗ സംഘമാണ് തങ്ങളുടെ പ്രഥമ ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ മാറ്റുരയ്ക്കാന്‍ റാഞ്ചിയിലെത്തിയിരിക്കുന്നത്. മിക്കവാറും എല്ലാ ഇനങ്ങളിലും അവര്‍ മത്സരിക്കുന്നുമുണ്ട്.
ആന്ധ്രാപ്രദേശിനെ വിഭജിച്ച് തെലങ്കാന രൂപംകൊണ്ടിട്ടു ഒരുവര്‍ഷംപോലും തികഞ്ഞിട്ടില്ല. പക്ഷെ അതൊന്നും സ്കൂള്മീറ്റിനുള്ള ഒരുക്കങ്ങളെ ബാധിച്ചിട്ടില്ല. സര്‍ക്കാര്‍ എല്ലാ കാര്യത്തിനും മുന്‍പന്തിയില്‍ തന്നെയുണ്ട്.
മേളയുടെ തിയതി പ്രഖ്യാപിച്ചപ്പോള്‍ തന്നെ പരിശീലനക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ പങ്കെടുത്ത 160 പേരില്‍ നിന്നാണ് 126 അംഗ സംഘത്തെ തെരഞ്ഞെടുത്തത്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ മത്സരിക്കുന്ന നിത്യയാണ് തെലുങ്കുപടയിലെ ഗ്ലാമര്‍താരം. ജൂനിയര്‍ ഏഷ്യന്‍ അത്ലറ്റിക് മീറ്റ്, സബ് ജൂനിയര്‍ ദേശീയ സ്കൂള്‍ മീറ്റ് എന്നിവയില്‍ ഈ കൊച്ചുമിടുക്കി സ്വര്‍ണം നേടിയിട്ടുണ്ട്.
സീനിയര്‍ ആണ്‍കുട്ടികളില്‍ 100, 200 മീറ്ററുകളില്‍ ജി. അയ്യപ്പയും മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: