റാഞ്ചി: തുടര്‍ച്ചയായ പതിനെട്ടാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന കേരളം ഇന്ന് ലക്ഷ്യം വെക്കുന്നത് ആറ് സ്വര്‍ണ്ണം. ഇന്ന് നടക്കുന്ന ആറ് ഇനങ്ങളിലും സ്വര്‍ണ്ണം നേടുക എന്ന ലക്ഷ്യമാണ് കേരളത്തിന്റെ താരങ്ങള്‍ക്കുള്ളത്.
രാവിലെ 8.30ന് ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഫൈനലോടെയാണ് മേളക്ക് തുടക്കം കുറിക്കുക. തുടര്‍ന്ന് സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍, ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍, സീനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ട്, ലോങ്ജമ്പ്, ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പ് എന്നിവയും നടക്കും. ഇന്നത്തെ ആറ് ഫൈനലുകളിലും കേരളം സ്വര്‍ണ്ണമാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ദേശീയ സ്‌കൂള്‍ മീറ്റിലെ സ്വര്‍ണ്ണമെഡല്‍ ജേത്രിയും ഇക്കഴിഞ്ഞ സംസ്ഥാന മീറ്റിലെ സ്വര്‍ണ്ണമെഡല്‍ ജേതാവുമായ കോഴിക്കോട് ജില്ലയിലെ നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് എച്ച്എസിലെ കെ.ആര്‍. ആതിരയും വെള്ളിമെഡല്‍ നേടിയ കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസിലെ അനുമോള്‍ തമ്പിയും ഇന്ന് കേരളത്തിന് ആദ്യമെഡല്‍ സമ്മാനിക്കാനായി ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ഇറങ്ങും.
സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ ഇരുവരും ദേശീയ റെക്കോര്‍ഡിനെ മറികടന്ന പ്രകടനം നടത്തിയാണ് സ്വര്‍ണ്ണവും വെള്ളിയും കരസ്ഥമാക്കിയത്. ഇന്ന് കേരളത്തിന്റെ ആദ്യമെഡലും ഇവരിലൂടെയായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എം.വി. വര്‍ഷയും അലീഷ. പി.ആറും ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ബിബിന്‍ ജോര്‍ജും പി.എന്‍. അജിത്തും ഷോട്ട്പുട്ടില്‍ പാലക്കാടിന്റെ നിഖില്‍ നിതിനും സീനിയര്‍ ലോങ്ജമ്പില്‍ അബ്ദുള്ള അബൂബക്കറും ജോഫിന്‍.
കെ.ജെയും ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ ബി.എം. സന്ധ്യയും റുബീന കെ.എയും ആദ്യദിനം കേരളത്തിനായി മെഡല്‍ വേട്ടക്കായി കളത്തിലിറങ്ങും.
നാഡായും കാമറയുമില്ലാതെ
റാഞ്ചി: ഈ വര്‍ഷത്തെ ദേശീയ സ്‌കൂള്‍ മീറ്റില്‍ ഉത്തേജക മരുന്നുപയോഗം പരിശോധിക്കുന്ന ഏജന്‍സിയായ നാഡാ എത്തില്ല. അതേപോലെ മത്സര ഇനങ്ങളിലെ തര്‍ക്കങ്ങള്‍ക്കു പരിഹാരമായിരുന്ന ഫോട്ടോ ഫിനിഷിങ് സംവിധാനവുമില്ല. ഇതു രണ്ടും ഈ മീറ്റിനു മേല്‍ വിവാദങ്ങള്‍ക്കുള്ള സാധ്യത ഉയര്‍ത്തുന്നതാണ്.
















