റാഞ്ചി: രാജ്യത്തിന്റെ കൗമാരകായിക പ്രതിഭകളെ കണ്ടെത്താനുള്ള ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിന് ഇന്ന് തുടക്കം. പുതിയ ദൂരവും ഉയരവും വേഗവും കണ്ടെത്താനായി മൂവായിരത്തോളം കായിക പ്രതിഭകളാണ് ഇനിയുള്ള അഞ്ച് ദിവസങ്ങളില്‍ ട്രാക്കിലും ഫീല്‍ഡിലുമായി കൊമ്പുകോര്‍ക്കുന്നത്.
ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിന്റെ 60-ാംപിറന്നാള്‍ ആഘോഷിക്കുന്ന ഇത്തവണ കേരളത്തിന്റെ ചുണക്കുട്ടികള്‍ എത്തുന്നത് തുടര്‍ച്ചയായ 18-ാം കിരീടം ലക്ഷ്യമാക്കി.
കഴിഞ്ഞ വര്‍ഷം 38 സ്വര്‍ണ്ണവും 28 വെള്ളിയും 16 വെങ്കലവുമടക്കം 351 പോയിന്റ് നേടിയാണ് കൗമാര കായികതാരങ്ങള്‍ കേരളത്തിന് തുടര്‍ച്ചയായ 17-ാം കിരീടം സമ്മാനിച്ചത്. ഇത്തവണ അതിലും മികച്ച പ്രകടനമാണ് കേരളാസംഘം ലക്ഷ്യമിടുന്നത്.
114 അംഗ സംഘമാണ് കേരളത്തിനായി ഇറങ്ങേണ്ടതെങ്കിലും ഒരു താരം അസുഖം കാരണം വിട്ടുനിന്നതോടെ അംഗസംഖ്യ 113 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 117 പേരുടെ സംഘമായിരുന്നു കേരളത്തിനായി ട്രാക്കിലും ഫീല്‍ഡിലും പൊന്ന് കൊയ്തുവാരാന് ഇറങ്ങിയത്. കോഴിക്കോട് ജില്ലയിലെ മണിയൂര്‍ പഞ്ചായത്ത് എച്ച്എസ്എസിലെ അശ്വതി വി.പിയാണ് അസുഖംകാരണം മീറ്റില്‍ നിന്ന് പിന്മാറിയത്.
കേരളത്തിന്റെ രണ്ടാം സംഘം ഇന്നലെ രാവിലെ റാഞ്ചിയിലെത്തി. തുടര്‍ന്ന് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയ കേരള ടീം ഇന്നലെ രാവിലെയും ഉച്ചകഴിഞ്ഞും ബിര്‍സമുണ്ട സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി.
ടീമിന് സഹായവുമായി രണ്ട് ആയുര്‍വേദ ഡോക്ടര്‍മാരും റാഞ്ചിയിലെത്തി. ഡോക്ടര്‍മാരായ രാജേഷും ബിമലുമാണ് ടീമിനൊപ്പം ചേര്‍ന്നത്.
സബ്ജൂനിയര് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 10 പേരും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 11 പേരും ജൂനിയര്‍ വിഭാഗത്തില്‍ 18 ആണ്‍കുട്ടികളും 23 പെണ്‍കുട്ടികളും സീനിയര്‍ വിഭാഗത്തില്‍ 25 ആണ്‍കുട്ടികളും 27 പെണ്‍കുട്ടികളുമാണ് കേരളത്തിന് വേണ്ടി മെഡല്ക്കൊയ്ത്തിനിറങ്ങുക.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കേന്ദ്രീയ വിദ്യാലയം, നവോദയ, സിബിഎസ്ഇ സ്കൂളകള്‍ ഉള്‍പ്പടെ 36 ടീമുകളാണ് കരുത്തുതെളിയിക്കാനായി പോരാട്ടത്തിനിറങ്ങുന്നത്.
164 അംഗ കായിക താരങ്ങളുമായി എത്തിയ കര്‍ണാടകയാണ് ഏറ്റവും വലിയ ടീം. 136 അംഗ ടീമുമായി എത്തിയ തെലങ്കാനയാണ് മേളയിലെ നവാഗതര്‍. ഉച്ചകഴിഞ്ഞ് മേളയുടെ ഉദ്ഘാടനം ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുവര്‍ദാസ് നിര്‍വഹിക്കും. താരങ്ങള്‍ അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റിന് ശേഷം റാഞ്ചിയുടെ തനത് കലാരൂപങ്ങളും അവതരിപ്പിക്കും.
പതാകയേന്താന്‍ മുഹമ്മദ് അഫ്സല്
റാഞ്ചി: ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിന്റെ മാര്‍ച്ച് പാസ്റ്റില്‍ കേരളത്തിന്റെ പതാകയേന്തുന്നത് സുവര്ണ്ണമുത്ത് മുഹമ്മദ് അഫ്സല്. തന്റെ അവസാന സ്കൂള്‍ മീറ്റിനിറങ്ങുന്ന മുഹമ്മദ് അഫ്സല് പാലക്കാട് ജില്ലയിലെ പറൡ സ്കൂളിന്റെ മിന്നും താരമാണ്. ഇത്തവണ റാഞ്ചിയില്‍ നിന്നും മൂന്ന് സ്വര്‍ണ്ണം നേടി രാജകീയമായി സ്കൂള്‍ മീറ്റിനോട് വിടപറയാനൊരുങ്ങുകയാണ് താരം. 5000, 1800, 800 മീറ്ററുകളിലാണ് അഫ്സല് മല്‍സരിക്കുന്നത്. ദേശീയ ഗെയിംസില്‍ പോരാടാനുള്ള തയ്യാറെടുപ്പ് കൂടിയാണ് അഫ്സലിന് ദേശീയ സ്കൂള്‍ കായിക മേള പൊന്നിന് പ്രതീക്ഷകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: