ജോഹനാസ്ബര്‍ഗ്: ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി ഇനി ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എ.ബി. ഡിവില്ലിയേഴ്സിന് സ്വന്തം.
വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ വെറും 31 പന്തുകളില്‍ നിന്ന് സെഞ്ചുറി തികച്ചതോടെയാണ് ലോക റെക്കോര്‍ഡ് ഡിവില്ലിയേഴ്സിന്റെ പേരിലായത്. 2014 ജനുവരി ഒന്നിന് ന്യൂസിലാന്റിന്റെ കോറി ആന്ഡേഴ്സണ് 36 പന്തില്‍ നിന്ന് നേടിയ റെക്കോര്‍ഡാണ് ഡിവില്ലിയേഴ്സിന്റെ പ്രകടനത്തിന് മുന്നില്‍ ഒന്നുമല്ലാതായത്.
44 പന്തുകളില്‍ നിന്ന് 16 സിക്സറുകളും 9 ബൗണ്ടറികളുമടക്കം 149 റണ്‍സാണ് ഡിവില്ലിയേഴ്സിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ആന്ഡേഴ്സന് മുന്‍പ് പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിയുടെപേരിലായിരുന്നു ഏകദിനത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി. അഫ്രീദി നേടിയ 37 പന്തിലെ സെഞ്ച്വറി 18 വര്‍ഷം നിലനിന്നുവെങ്കില്‍, ആന്‍ഡേഴ്സന്റെ റെക്കോര്‍ഡിന് ഒരു വര്‍ഷത്തെ ആയുസ്സേ ഉണ്ടായുള്ളൂ.
സിക്സറുകളുടെ എണ്ണത്തിലും ഡിവില്ലിയേഴ്സ് ലോക റെക്കോര്‍ഡിനൊപ്പമെത്തി. 16 സിക്സറുകള്‍ അടിച്ച ഡിവില്ലേഴ്സ് ഇന്ത്യയുടെ രോഹിത് ശര്‍മ്മക്കൊപ്പമാണ് എത്തിയത്. അവസാന ഓവറില്‍ രണ്ട് പന്തുകള്‍ ശേഷിക്കെയാണ് ഡിവില്ലിയേഴ്സ് പുറത്തായത്.
വേഗമേറിയുടെ അര്‍ദ്ധസെഞ്ചുറിയും ഇതോടെ ഡിവില്ലിയേഴ്സിന്റെ പേരിലായി. 16 പന്തില്‍ നിന്നാണ് ഡിവില്ലിയേഴ്സ് അര്‍ദ്ധസെഞ്ചുറി നേടിയത്. ശ്രീലങ്കയുടെ സനത് ജയസൂര്യയുടെ പേരിലായിരുന്നു മുമ്പ് ഈ റെക്കോര്‍ഡ്. സെഞ്ചുറിയിലേക്കുള്ള പിന്നീടത്തെ 50 റണ്‍സിന് 15 പന്തേ വേണ്ടിവന്നുള്ളൂ. പിന്നീടെടുത്ത 49 റണ്‍സിന് വേണ്ടിവന്നത് 13 പന്തും!
സമീപകാല ക്രിക്കറ്റില്‍ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാള്‍ ഡിവില്ലിയേഴ്സാണ്. 177 ഏദിന മത്സരങ്ങളില്‍നിന്ന് 52.39 ശരാശരിയോടെ 7440 റണ്‍സാണ് സമ്പാദ്യം. 19 സെഞ്ചുറികളും 43 അര്‍ദ്ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. ടെസ്റ്റിലും ഡിവില്ലിയേഴ്സിന്റെ റെക്കോര്‍ഡ് മോശമല്ല. 98 ടെസ്റ്റുകളില്‍ നിന്ന് 52.09 ശരാശരിയോടെ 7606 റണ്‍സ്. 21 സെഞ്ച്വറികള്‍, 36 അര്‍ധസെഞ്ച്വറികള്‍.
ഡിവില്ലിയേഴ്സിനെക്കൂടാതെ സെഞ്ചുറികള്‍ നേടിയ ഓപ്പണര്‍മാരായ അംലയുടെയും റൂസോയുടേയും പ്രകടത്തിന്റെ പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്ക ഏകദിനത്തിലെ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ (439/2) കണ്ടെത്തി. അംല പുറത്താകാതെ 142 പന്തില്‍ 153 റണ്‍സും റൂസോ 115 പന്തില്‍ 128 റണ്‍സും നേടി. ജോഹന്നാസ്ബര്ഗില്തന്നെ 2006 ല്‍ ഓസ്ട്രേലിയക്കെതിരെ നേടിയ 438/9 ആയിരുന്നു മുമ്പത്തെ ദക്ഷിണാഫ്രിക്കയുടെ ഉയര്‍ന്ന സ്കോര്‍.
ദക്ഷിണാഫ്രിക്കയുടേത് ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണ്. ഉയര്‍ന്ന സ്കോര്‍ 2006 ല്‍ ശ്രീലങ്ക നെതര്‍ലാന്റ്സിനെതിരെ നേടിയ 9 വിക്കറ്റിന് 443 റണ്‍സാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: