മെല്‍ബണ്‍: ടെസ്റ്റ് പരമ്പരയിലെ തോല്‍വിയുടെ ഞെട്ടല്‍ ടീം ഇന്ത്യക്ക് ഇനിയും വിട്ടുമാറിയിട്ടില്ല. ത്രിരാഷ്ട്രപരമ്പരയിലെ ആദ്യ എകദിനത്തിലും ടീം ഇന്ത്യ ഓസ്ട്രേലിയയോട് പരാജയം ഏറ്റുവാങ്ങി. നാല് വിക്കറ്റിനാണ് ഓസ്ട്രേലിയയെ ടീം ഇന്ത്യയെ കീഴടക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 268 റണ്‍സിന്റെ വിജയലക്ഷ്യം ഒരു ഓവറും നാല് വിക്കറ്റും ശേഷിക്കെ ഓസ്ട്രേലിയ മറികടന്നു. സ്കോര്‍ ചുരുക്കത്തില്‍: ഇന്ത്യ 50 ഓവറില്‍ എട്ടിന് 267. ഓസ്ട്രേലിയ 49 ഓവറില്‍ ആറ് വിക്കറ്റിന് 269.
ഇന്ത്യക്ക് വേണ്ടി രോഹിത് ശര്‍മ്മ (138) സെഞ്ചുറി നേടി. ഓസ്ട്രേലിയക്ക് വേണ്ടി ആരോണ്‍ ഫിഞ്ച് 96 റണ്‍സെടുത്തു. 10 ഓവറില്‍ 43 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ പിഴുത ഓസീസ് പേസര്‍ സ്റ്റാര്‍ക്കാണ് മാന്‍ ഓഫ് ദി മാച്ച്. ഒാസ്ട്രേലിയക്ക് വേണ്ടി പേസ് ബൗളര്‍ ഗുരീന്ദര്‍ സന്ധു അരങ്ങേറ്റം കുറിച്ചു. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം വിജയമാണ് ഓസ്ട്രേലിയ നേടുന്നത്.
കഴിഞ്ഞ ദിവസം നടന്ന ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിനെയും കംഗാരുക്കള്‍ പരാജയപ്പെടുത്തിയിരുന്നു. നേരത്തെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ടീം ഇന്ത്യ രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിലാണ് 267 റണ്‍സെടുത്തത്. രോഹിത്തിന് പുറമെ 51 റണ്‍സെടുത്ത സുരേഷ് റെയ്ന മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഒരു ഘട്ടത്തില്‍ മുന്നൂറ് കടക്കുമെന്ന് തോന്നിച്ച ഇന്ത്യന്‍ സ്കോറിനെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഉജ്ജ്വല ബൗളിംഗാണ് 267-ല്‍ ഒതുക്കിയത്.
നേരത്തെ ശിഖര്‍ ധവാനും (2), അജിന്‍ക്യ രഹാനെയും (12), വിരാട് കോഹ്ലിയും (9) പെട്ടെന്ന് പുറത്തായതോടെ ഇന്ത്യ മൂന്നിന് 59 എന്ന നിലയിലേക്ക് തകര്‍ന്നിരുന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ രോഹിത്ത് ശര്‍മ്മയും സുരേഷ് റെയ്നയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 126 റണ്‍സാണ് ടീം ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. സ്കോര്‍ 185-ല്‍ നില്‍ക്കേ 51 റണ്‍സെടുത്ത റെയ്ന മടങ്ങി. എന്നാല്‍ തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ധോണിക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല.
19 റണ്‍സെടുത്ത ധോണിയെ സ്റ്റാര്‍ക്ക് ബൗള്‍ഡാക്കി. തുടര്‍ന്നെത്തിയ അക്ഷര്‍ പട്ടേല്‍ പൂജ്യനായി മടങ്ങുകയും ചെയ്തു. ഇതിനിടെ രോഹിത് കരിയറിലെ ആറാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കി. ഒടുവില്‍ ഇന്ത്യന്‍ സ്കോര്‍ 262-ല്‍ എത്തിയപ്പോള്‍ രോഹിത് ശര്‍മ്മയും മടങ്ങി. 139 പന്തുകളില്‍ നിന്ന് 9 ഫോറും നാല് സിക്സറുമടക്കമാണ് രോഹിത് 138 റണ്‍സെടുത്തത്. ഇന്ത്യന്‍ നിരയില്‍ നാല് പേര് രണ്ടക്കം കടക്കാതെ പുറത്തായി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
24 റണ്‍സെടുത്ത വാര്‍ണറെ ഉമേഷ് യാദവ് റെയ്നയുടെ കൈകളിലെത്തിച്ചതോടെയാണ് ഈ കൂട്ടുകെട്ടിപിരിഞ്ഞത്. പിന്നീട് ഷെയ്ന് വാട്സണ് (41), സ്റ്റീവന്‍ സ്മിത്ത് (47), മാക്സ്വെല് (20), ഹാഡിന് (13 നോട്ടൗട്ട്) എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെ ഓസ്ട്രേലിയ ഒരു ഓവര്‍ ബാക്കിനില്‍ക്കേ 269 റണ്‍സെടുത്ത് വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: