കേരള സംഘം വിജയവാഡയില്‍ എത്തിയപ്പോള്‍
മത്സരച്ചൂടിനിടയിലും താരങ്ങള്‍ പഠനത്തിന്റെ തിരക്കിലാണ്. ദേശീയ സ്കൂള്‍ മീറ്റില്‍ കിരീടം ചൂടുക എന്ന ലക്ഷ്യത്തോടെ റാഞ്ചിയിലേക്കുള്ള ആലപ്പി-ധന്‍ബാദ് എക്സ്പ്രസ് കുതിച്ചുപായുമ്പോഴും മുഹമ്മദ് അഫ്സലും നിഖിലും അബ്ദുള്ള അബൂബക്കറും ആതിരയും നീനയും ജിസ്ന മാത്യുവും സ്മൃതിമോളും ഷഹര്‍ബാന സിദ്ദീഖുമെല്ലാം പഠനത്തിന്റെ തിരക്കിലുമാണ്. വിരസമായ യാത്രയില്‍ നിന്നുള്ള രക്ഷപ്പെടലും കൂടിയാണ് താരങ്ങള്‍ക്ക് പുസ്തകത്തിലേക്കു തിരിയല്‍.
ജനാലകള്‍ക്കു പുറമേ ഓടിമറയുന്ന കാഴ്ചകളെക്കാള്‍ കായിക താരങ്ങളുടെ മനസ്സു നിറയെ വരാന്‍ പോകുന്ന പരീക്ഷകളാണ്. കാരണം ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റ് കഴിഞ്ഞു തിരിച്ചെത്തുന്നത് പരീക്ഷയുടെ പരീക്ഷണങ്ങളിലേക്കാണ്. ഫെബ്രുവരി രണ്ടിന് പ്ലസ് വണ്‍ പ്ലസ് ടൂ ക്ലാസുകളിലെ മോഡല്‍ പരീക്ഷകള്‍ ആരംഭിക്കും. മാര്‍ച്ചില്‍ വാര്‍ഷിക പരീക്ഷയും. മൈതാനങ്ങളില്‍ കായിക ശക്തി തെളിയിക്കാന്‍ നഷ്്ടപ്പെടുത്തിയ പഠന ദിനങ്ങളെ യാത്രയുടെ ഇടവേളയില്‍ തിരിച്ചു പിടിക്കുകയാണ് കൗമാര കായിക കേരളം.
60-ാം ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ ധന്‍ബാദ് എക്സ്പ്രസിലെ രണ്ടാം ദിന യാത്ര അങ്ങനെ പഠനത്തിന്റെ ദിനമാക്കി മാറ്റി കായിക താരങ്ങള്‍. ആദ്യദിവസത്തെ പോലെ രാവിലത്തെ ഭക്ഷണം ബ്രഡും പഴവും ചായയും. ഉച്ചയ്ക്കും രാത്രിയും വണ്ടിയിലെ പാന്‍ട്രി കാറില്‍ നിന്നും ഭക്ഷണം. കേരളത്തില്‍ നിന്നു തുടങ്ങിയ ഓട്ടം തമിഴ്നാടും കര്‍ണാടകയും സീമാന്ധ്രയും പിന്നിട്ടു രാത്രിയോടെ അശോക ചക്രവര്‍ത്തിയുടെ സാമ്രാജ്യമായിരുന്ന ഒഡീഷയിലൂടെയായി. ചൂടില്‍ നിന്നും അതി ശൈത്യത്തിലേക്ക്.
കാലാവസ്ഥ മാറിയിട്ടും കുട്ടികള്‍ ഊര്ജസ്വലര് തന്നെ. പതിനെട്ടാം കിരീടം ചൂടുകയെന്ന ദൃഢനിശ്ചയം മുഖങ്ങളില്‍ നിന്നും വായിച്ചെടുക്കാം. ഇന്ന് രാവിലെ ഒന്‍പതോടെ ആദ്യസംഘം റാഞ്ചിയില്‍ വണ്ടിയിറങ്ങും. ബിര്‍സമുണ്ട സ്റ്റേഡിയത്തിലെ ഗെയിംസ് വില്ലേജിലെ താമസ സ്ഥലത്തേക്ക് പ്രത്യേക വാഹനങ്ങള്‍ സംഘാടകര്‍ ക്രമീകരിച്ചിട്ടുണ്ട്.
കേരളത്തിന്റെ രണ്ടാമത്തെ സംഘവും യാത്രയിലാണ്. ഇന്നലെ രാവിലെ 7.15 ഓടെ എറാണാകുളത്ത് നിന്നുമാണ് ആലപ്പുഴ ധന്‍ബാദ് എക്സ്പ്രസില്‍ യാത്ര തിരിച്ചത്. ജിജോ ജോണിന്റെയും വില്‍സണ്‍ മാഷിന്റെയും നേതൃത്വത്തില്‍ പ്രത്യേക കോച്ചിലാണ് സംഘത്തിന്റെ യാത്ര. 70 അംഗ സംഘം നാളെ രാവിലെ ഒന്‍പതോടെ റാഞ്ചിയിലെത്തും.
ജീവിതം സേഫാക്കാന്‍ ദേശീയ ജൂനിയര്‍ മീറ്റില്‍ മിന്നണം. ദേശീയ സ്കൂള്‍ മീറ്റില്‍ പൊന്നണിയാനായി കൗമാര കായികകേരളത്തിന്റെ മിന്നും താരങ്ങള്‍ ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ്സില്‍ റാഞ്ചിയിലേക്കുള്ള യാത്രയിലാണ്. എന്നാല്‍ അതിനേക്കാള്‍ വേത്തിലാണ് നിഖിലിന്റെയും അബ്ദുള്ളയുടെയും മറ്റു താരങ്ങളുടെയും മനസ് പറക്കുന്നത്. അവസാന ദേശീയ സ്കൂള്‍ മീറ്റാണ് ഇരുവര്‍ക്കും. ജമ്പിങ് പിറ്റിലും ഷോട്ട്പുട്ടിലും ദേശീയ സ്കൂള്‍ തലത്തില്‍ തന്നെ മികച്ച വിജയം കുറിച്ചവര്‍.
എന്നാല്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ ഇവരുടെ വാക്കുകളില്‍ നിരാശ കലര്‍ന്നിരുന്നു. ദേശീയ സംസ്ഥാന സ്കൂള്‍ മീറ്റുകള്‍ ഉല്‍സവം തന്നെയാണ്. പക്ഷെ, നിഖില്‍ നിഥിനെയും അബ്ദുള്ള അബൂബക്കറിനെയും പോലുള്ള താരങ്ങള്‍ക്ക് ഇപ്പോള്‍ സ്കൂള്‍ മീറ്റുകളിലെ സര്‍ട്ടിഫിക്കറ്റുകളും നേട്ടങ്ങളും കൊണ്ടു വലിയ കാര്യമില്ല. ഗ്ലാമര്‍ മാത്രമേ സ്കൂള്‍ മീറ്റുകള്ക്കുള്ളൂ. ഈ സര്‍ട്ടിഫിക്കറ്റുമായി ജോലി തേടി പോയിട്ടു കിട്ടിയത് നിരാശ മാത്രമാണ്. കായിക താരങ്ങളെ ജോലി നല്കി പ്രോല്‍സാഹിപ്പിക്കുന്ന സര്‍വീസസ്, റെയില്‍വേ, സെന്‍ട്രല്‍ എക്സൈസ്്, ഒഎന്‍ജിസിയും പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സ്കൂള്‍ മീറ്റുകളിലെ മിന്നുന്ന താരങ്ങളെ ആവശ്യമില്ല.
പകരം സംസ്ഥാന-ദേശീയ ജൂനിയര്‍ മീറ്റുകളിലെ വിജയവും സര്‍ട്ടിഫിക്കറ്റുകളും മാത്രമാണ് പരിഗണിക്കുന്നത്. ജൂനിയര്‍ മീറ്റുകളിലെമികച്ച പ്രകടനം മാത്രമാണ് ഇന്റര്‍വ്യൂകളില്‍ നോക്കുന്നത്. സ്കൂള്‍ മീറ്റിന്റെ അവസാന ലാപ്പിലെത്തി വിടപറയാന്‍ തയ്യാറെടുത്തു നില്ക്കുന്ന നിഖിലും അബ്്ദുള്ളയും പോലുള്ള താരങ്ങള്‍ക്കു മുന്നില്‍ ജോലിക്കായി മുട്ടിയ വാതിലുകള്‍ തുറന്നടഞ്ഞത് ജൂനിയര്‍ മീറ്റുകളിലെ മികച്ച പോരാട്ട വിജയം തെളിയിക്കാനാവാതെ വന്നതോടെയാണ്.
സ്കൂള്‍ മീറ്റുകളിലെ മികവ് നോക്കി ജോലി നല്കി കരുതലോടെ കൊണ്ടുപോയ പലതാരങ്ങളും നിരാശപ്പെടുത്തിയതും അബ്ദുള്ളയെയും നിഖിലിനെയും പോലുള്ള താരങ്ങളുടെ വഴിയടച്ചെന്നു പറയാം.
സ്കൂള്‍ മീറ്റുകളില്‍ ട്രിപ്പിള്‍ജമ്പിലും ലോങ്ജമ്പിലും റെക്കോര്‍ഡ് പ്രകടനം നടത്തുന്ന അബ്ദുള്ള അബൂബക്കറുടെ ജോലിയെന്ന സ്വപ്നവും നീണ്ടു പോവുകയാണ്. കുമരംപുത്തൂര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ നിഖില്‍ നിഥിനും ജോലി സ്വപ്നമായി തന്നെ കിടക്കുന്നു. ഇവരുടെ അവസ്ഥ ജൂനിയര്‍ മീറ്റുകളെ അവഗണിക്കുകയും സ്കൂള്‍ മീറ്റുകള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുകയും ചെയ്യുന്ന പരിശീലകര്‍ക്കും കുട്ടികള്‍ക്കുമുള്ള മുന്നറിപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: