142. ലബ്ധകീര്ത്തിഃ – കീര്‍ത്തി ലഭിച്ചവള്‍. കീര്‍ത്തി എന്ന പദത്തിന് അനേകം അര്‍ത്ഥങ്ങളുള്ളവയില്‍ പ്രസിദ്ധി, ശബ്ദം, പ്രകാശം, വിസ്താരം എന്നീ അര്‍ത്ഥങ്ങള്‍ ഇവിടെ സ്വീകരിക്കാം.
ദേവിയുടെ വിഭൂതികളും അവതാരലീലകളും വിവരിക്കുന്ന ലളിതാസഹസ്രനാമത്തില്‍ വാഗ്ദേവതകള് ഉപയോഗിച്ച നാമങ്ങളില്‍ ഒന്ന് ‘ഹരിബ്രഹ്മേന്ദ്രസേവിതാ’ എന്നാണ്. മൂകാംബികാ സഹസ്രനാമവും ഈ നാമം സ്വീകരിക്കുന്നുണ്ട്. (141-ാം നാമം നോക്കുക) മറ്റൊരുനാമം ആബാലഗോപാലവിദിതാ എന്നാണ്. സര്‍വ്വാനുല്ലംഘ്യശാസനാ എന്നുതുടര്ന്നുളള നാമം ദേവദേവന്മാര്‍ സേവിക്കുന്നവളും എല്ലാവരെയും ലംഘിക്കുന്ന അധികാരശക്തിയുള്ളവളുമായ ദേവി കീര്ത്തിയുള്ളവളാണെന്ന് എടുത്തുപറയേണ്ട കാര്യമില്ല.
‘ ആ ബാലഗോപവിദിതാ’ എന്ന നാമത്തിനു പ്രധാന്യം കൂടും. കൊച്ചുകുട്ടികളും കാലിമേച്ചുനടക്കുന്ന ഗോപന്മാരും ദേവിയെ അറിഞ്ഞാരാധിക്കുന്നു. ത്രിമൂര്‍ത്തികള്‍ തൊട്ടു കന്നുകാലിപിള്ളേരും ബാലന്മാരുംവരെ പരന്ന പ്രസിദ്ധി ദേവിക്കുണ്ട്. ദേവീനാമങ്ങളും മന്ത്രങ്ങളും ശബ്ദരൂപത്തില്‍ ലോകമാകെ പരക്കുന്നു. ദേവിയുടെ ചൈതന്യം പ്രകാശമായി വ്യാപിക്കുന്നു. ദേവീകാരുണ്യം പ്രപഞ്ചത്തിന്റെ വിസ്തൃതിയായി ജീവജാലങ്ങളെ ഉള്‍ക്കൊള്ളുന്നു.
143. ലബ്ധഭോഗാഃ – എല്ലാ ഭോഗങ്ങളും ലഭിച്ചവള്‍. ഭുജിക്കപ്പെടുന്നതെല്ലാം ഭോഗമാണ്. എങ്കിലും സുഖാനുഭവം, സമ്പത്ത്, ശരീരം എന്നീ അര്‍ത്ഥങ്ങളാണ് ദേവീപക്ഷത്തില്‍ യോജിക്കുന്നത് ആഗ്രഹങ്ങളും വികാരങ്ങളുമില്ലാത്ത മഹാചൈതന്യത്തില്‍ നാം അനുഭവിക്കുന്ന രീതിയിലുള്ള സുഖദുഃഖങ്ങളില്ല. എങ്കിലും ദേവി ലോകത്തിന്റെ അമ്മയായതുകൊണ്ട് തന്റെ സന്താനങ്ങള്‍ അവര്‍ ആഗ്രഹിക്കുന്നതു നേടി ആനന്ദിക്കുമ്പോള്‍ സന്തോഷമനുഭവിക്കും.
പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ സങ്കല്പംകൊണ്ടു ലീലയായി നിര്‍വഹിക്കുന്ന ദേവിയുടെ സമ്പത്ത് ദേവി സൃഷ്ടിച്ച ലോകവും അതിലുള്ള ജീവികളും വസ്തുക്കളുമാണ്. ദേവിക്കു നാം സങ്കല്പിക്കുന്ന രീതിയില്‍ കൈയും കാലും തലയും വായും വയറുമൊക്കെയുള്ള ശരീരമില്ല. പക്ഷേ ലോകങ്ങളിലുള്ള ജീവിയും ജഡവുമായ എല്ലാം ദേവിയുടെ ശരീരമാണ്. ഭോഗത്തിന്റെ ഏതര്‍ത്ഥം സ്വീകരിച്ചാലും ദേവി ലബ്ധഭോഗയാണ്
ഭക്ഷണം, ആഹാരം എന്ന അര്‍ത്ഥം സ്വീകരിച്ചാല്‍ അതും ദേവിക്കു ചേരും. ഇടയ്ക്കിടെ ലോകങ്ങളെത്തന്നെ ദേവി ആഹാരമാക്കാറുണ്ട്. നാം അതിനെ കല്പാന്തമെന്നോ പ്രളയമെന്നോ ഒക്കെ പറയും. ആ അര്‍ത്ഥത്തിലും ദേവിലബ്ധഭോഗയാണ്.
144. ലബൈ്ധശ്വര്യാഃ – എല്ലാ ഐശ്വര്യവും തികഞ്ഞവള്‍. ഐശ്വര്യമെന്നുകേട്ടാല് സമ്പത്ത്, അധികാരം, യജമാനഭാവം, ഉദ്ദേശിച്ചതൊക്കെ സാധിക്കാനുള്ള കഴിവ് എന്നിവയൊക്കെ മനസ്സില്‍ വരും. വളരെക്കാലത്തെ തപസ്സും യോഗചര്യയും കൊണ്ടു നേടാവുന്ന അണിമ, ഗരിമ തുടങ്ങിയ സിദ്ധികളും ഐശ്വര്യമാണെന്നു പറയാം.
ദേവിയുടെ പക്ഷത്തില്‍ ഇവയൊന്നും ഐശ്വര്യമല്ല. ദേവിയുടെ സ്വാഭാവികമായ വിഭൂതികള്‍ മാത്രമാണ്. ഈ പ്രപഞ്ചവും അതില്‍ ഇപ്പോഴുള്ളതും മേലില്‍ ഉണ്ടാകാവുന്നതും എല്ലാത്തിനും കാരണമായ സര്വേശ്വരീപദത്തെയാണ് ഈ നാമം അര്‍ത്ഥമാക്കുന്നത്.
145. ലതാതനുഃ – വള്ളിച്ചെടിപോലെ ഭംഗിയും നേര്‍മ്മയുമുള്ള ശരീരമുള്ളവള്‍. സുന്ദരി. സുന്ദരിമാരുടെ ശരീരത്തെ വള്ളിയുമായി ഉപമിക്കുന്നതു കവിസങ്കേതം.
146. ഹ്രീംകാരമയിസഹസ്രദളപദ്മവിലാസിനീഃ – ഹ്രീംകാരരൂപമായ സഹസ്രദള പദ്മത്തില്‍ പ്രകാശിക്കുന്നവള്‍. ഈ നാമം കുണ്ഡലിനീയോഗവുമായി ബന്ധപ്പെട്ടതാണ്. മനുഷ്യശരീരത്തില്‍ നട്ടെല്ലിനുള്ളിലുള്ള സുഷുമ്നാനാഡിയില്‍ മൂലാധാരംതൊട്ട് നെറ്റിക്കുപിന്നിലുള്ള ആജ്ഞാചക്രം വരെ ആറ് ആധാരചക്രങ്ങളുണ്ട്. അവയ്ക്കു മുകളിലായി ശിരസ്സില്‍ ആയിരം ഇതളുകളുള്ള സഹസ്രദളപദ്മം. അതില്‍ ഹ്രീംകാര രൂപത്തില്‍ കുണ്ഡലിനീദേവി പ്രകാശിക്കുന്നു.
ആധാരചക്രങ്ങളെയും സഹസ്രാരത്തെയും ഓരോന്നിലുമുള്ള ദേവീരൂപങ്ങളെയും കുറിച്ചു പ്രതിപാദിക്കുന്ന നാമങ്ങള്‍ തുടര്‍ന്നുവരുന്നുണ്ട്. അവയുടെ വ്യാഖ്യാനത്തില്‍ കൂടുതല്‍ വിശദമായ ചര്‍ച്ചയാകാം.
….. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: