ഹാമില്ട്ടണ്: ന്യൂസിലാന്റിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ശ്രീലങ്കയുടെ തിരിച്ചുവരവ്. രണ്ടാം മത്സരത്തില്‍ സിംഹളവീരര്‍ ആറു വിക്കറ്റിന് ജയിച്ചു. ഇതോടെ ഏഴു മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിലായി. സ്കോര്‍ ന്യൂസിലാന്റ്- 248 (50 ഓവര്‍). ശ്രീലങ്ക- 4ന് 252 (47.4).
തിലകരത്നെ ദില്‍ഷന്റെ (116) സെഞ്ച്വറിയും സ്പിന്നര്‍മാരുടെ പ്രകടനവും മികച്ച ഫീല്‍ഡിംഗുമാണ് ലങ്കയ്ക്ക് ജയമൊരുക്കിയത്.
ആദ്യം ബാറ്റ് ചെയ്ത കിവി നിരയില്‍ 99 പന്തില്‍ 12 ഫോറുകളും അഞ്ച് സിക്സറുകളുമടക്കം 117 റണ്‍സെടുത്ത നായകന് ബ്രണ്ടന്‍ മക്കല്ലം മാത്രമേ തിളങ്ങിയുള്ളു. റോസ് ടെയ്ലര് (34) ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ച്ചവച്ചു. ബ്ലാക് ക്യാപ്സിന്റെ നാലു ബാറ്റ്സ്മാന്മാര് റണ്ണൗട്ടായി. ഡാനിയേല്‍ വെറ്റോറി (7), കോറി ആന്ഡേഴ്സന് (5), ലൂക്ക് റോഞ്ചി (0), നതാന്‍ മക്കല്ലം (13) എന്നിവര്‍ ആ ഹതഭാഗ്യര്‍. മൂന്നു റണ്ണൗട്ടുകളിലും ലങ്കന്‍ കീപ്പര്‍ കുമാര്‍ സംഗക്കാരയുടെ കൈയുണ്ടായിരുന്നു. ആദം മില്‍നെയെ (19) സ്റ്റംപ് ചെയ്തതും സംഗയുടെ മിടുക്ക്. രംഗന ഹെറാത്തും സചിത്ര സേനാനായകെയും രണ്ടു വിക്കറ്റ് വീതം പങ്കിട്ടു. അജന്ത മെന്‍ഡിസിന് ഒരിരയെ കണ്ടെത്തി.
ഭേദപ്പെട്ട ലക്ഷ്യം പിന്തുടര്‍ന്ന ലങ്കയെ ഒരുഘട്ടത്തില്‍പ്പോലും വെല്ലുവിളിക്കാന്‍ ന്യൂസിലാന്റിന് സാധിച്ചില്ല. അയത്നലളിതമായി ബാറ്റ് വീശിയ ദില്ഷന് കിവി പന്തേറുകാരെ ഹതാശരാക്കി. പതിനേഴ് ഫോറുകള്‍ ആ ബാറ്റില്‍ നിന്ന് പിറന്നു. സംഗക്കാര (38), ക്യാപ്ടന് എയ്ഞ്ചലോ മാത്യൂസ് (39 നോട്ടൗട്ട്) എന്നിവരും ചേര്‍ന്നപ്പോള്‍ ലങ്ക 14 പന്തുകള്‍ ബാക്കിവച്ച് ലക്ഷ്യം മറികടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: