140. ഹയാരൂഢാ- കുതിരപ്പുറത്തു കയറിയവള്‍ എന്നു പദാര്‍ത്ഥം. ഭണ്ഡാസുരനോടു യുദ്ധം ചെയ്യാന്‍ ലളിതാദേവി പുറപ്പെട്ടപ്പോള്‍ ദേവിയുടെ അംശഭൂതയായ അശ്വാരൂഢ എന്ന ദേവി കോടിക്കണക്കിന് അശ്വാരൂഢരായ ശക്തികളാല്‍ അകമ്പടി സേവിച്ചതായി ലളിതോപാഖ്യാനം. അശ്വാരൂഢ എന്നതിന്റെ പര്യായമാണു ഹയാരൂഢ.
ഇന്ദ്രിയങ്ങളാണു കുതിരകളെന്നും ഇന്ദ്രിയങ്ങളാകുന്ന കുതിരകളെ പ്രവര്‍ത്തിപ്പിക്കുകയും നയിക്കുകയും ചെയ്യുന്ന മനസ്സാണ് ഹയാരൂഢയായ ദേവിയെന്നും ഈ നാമത്തെ വ്യാഖ്യാനിക്കാം.
141. ഹരിബ്രഹ്മേന്ദ്രസേവിതാ- ഹരി, ബ്രഹ്മാവ്, ഇന്ദ്രന് തുടങ്ങിയ ദേവന്മാരാല് സേവിക്കപ്പെടുന്നവള്‍. ശങ്കരാചാര്യസ്വാമികള്‍ സൗന്ദര്യലഹരിയില്‍ നാടകീയമായ ഒരു സന്ദര്‍ഭമുണ്ടാക്കി ഈ ആശയം അവതരിപ്പിക്കുന്നുണ്ട്.
”കിരീടം വൈരിഞ്ചം പരിഹര പുരഃ കൈടഭഭിദഃ
കഠോരേ കോടീരേ സ്ഖലസി ജഹി ജംഭാരി മുകുടം
പ്രണമ്രേഷ്വതേഷു പ്രസഭമുപയാതസ്യ ഭവനം
ഭവസ്യാഭ്യുത്ഥാനേ തവ പരിജ നോക്തിര്വിജയതേ”
നാടകീയമായ സന്ദര്‍ഭം ഇതാണ്. ദേവി രാജരാജേശ്വരിയായി സര്വലോകാധിപത്യം കുറിക്കുന്ന സിംഹാസനത്തില്‍ ഇരിക്കുന്നു. ബ്രഹ്മാവും വിഷ്ണുവും ഇന്ദ്രനും ദേവിയുടെ മുന്നില്‍ നമസ്കരിച്ചു കിടക്കുന്നു. ഈ സമയത്ത് ശ്രീപരമേശ്വരന് അവിടെ കടന്നുവരുന്നു. എല്ലാ ലോകത്തിന്റെയും അമ്മയും ലോകസിംഹാസനത്തിന് ഈശ്വരിയുമാണെങ്കിലും പാതിവൃത്യധര്മ്മത്തില് നിഷ്ഠയുള്ളവളാകയാല് ദേവി സിംഹാസനത്തില്‍ നിന്നെഴുന്നേറ്റ് ഭര്‍ത്താവിനെ സ്വീകരിക്കാനായി മുന്നോട്ടു നടക്കുന്നു. ഇതുകണ്ട ദേവിയുടെ പരിജനങ്ങള്‍ പരിഭ്രാന്തരാകുന്നു. പരിഭ്രമത്തിനു കാരണം ദേവിയുടെ മുന്നില്‍ നമസ്ക്കകരിച്ചു കിടക്കുന്ന ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും ഇന്ദ്രന്റെയും കിരീടങ്ങളാണ്.
നമസ്കരിച്ചു കിടക്കുന്ന ദേവന്മാര് മഹേശ്വരന് വന്നതും ദേവി എഴുന്നേറ്റതും അറിയുന്നില്ല. അവര്‍ മൂന്നുപേരും കിരീടം ധരിച്ചിട്ടുണ്ട്. ആ കിരീടങ്ങള്‍ക്കു കൂര്‍ത്ത മുനകളുണ്ട്. കടുപ്പമേറിയ രത്നങ്ങള്‍ പതിച്ച കിരീടങ്ങളാണ്. ദേവിയുടെ പാദങ്ങളാണെങ്കില്‍ തളിരുപോലെ മൃദുവും അറിയാതെ ഏതെങ്കിലും കിരീടത്തില്‍ തട്ടി മുറിയരുതല്ലോ. ”ദേവീ ഇതാ ഇന്ദ്രന്റെ കിരീടം. ദേവീ സൂക്ഷിക്കണേ; ഇതാ വിഷ്ണുവിന്റെ കിരീടം; അവിടെ അതാ വിരിഞ്ചന്റെ കിരീടം” എന്നിങ്ങനെ പറഞ്ഞ് അവര്‍ ദേവിയുടെ ഗതിയെ നിയന്ത്രിക്കുന്നു. എല്ലാ ദേവന്മാരും ദേവിയുടെ സേവകരാണെന്ന് ഈ ശ്ലോകം വ്യക്തമാക്കുന്നു. (സൗന്ദര്യലഹരി, ശ്ലോകം. 29).
സൗന്ദര്യലഹരി 25-ാം ശ്ലോകത്തിലും ഈ ആശയം ഭഗവത് പാദര്‍ മറ്റൊരുതരത്തില്‍ അവതരിപ്പിക്കുന്നു.
”ത്രയാണാം ദേവാനാം ത്രിഗുണജനിതാനാം തവശിവേ
ഭവേത് പൂജാ പൂജാ തവ ചരണയോര്‍ യാ വിരചിതാ
തഥാ ഹി ത്വത്പാദോദ്വഹനമണിപീഠസ്യ നികുടേ
സ്ഥിതാ ഹ്യേതേ ശശ്വന്മുഖകുളിതകരോത്തംസമകുടാഃ”
(മംഗള സ്വരൂപിണിയായ അമ്മേ, നിന്തിരുവടിയുടെ പാദങ്ങളില്‍ ചെയ്യപ്പെടുന്ന പൂജ അവിടുത്തെ ത്രിഗുണങ്ങളില്നിന്നു ജനിച്ച വിഷ്ണു, ബ്രഹ്മാവ്, മഹേശ്വരന് എന്നീ മൂന്നു ദേവന്മാര്ക്കും പൂജയായി ഭവിക്കുന്നു. എന്തുകൊണ്ടെന്നാല്‍ നിന്തിരുവടിയുടെ പാദങ്ങളെ വഹിക്കുന്ന മണിപീഠത്തിനു സമീപത്ത് ഇവര്‍ എല്ലായ്പ്പോഴും കൂപ്പിയ കൈകള്‍ അലങ്കാരമായുള്ള കിരീടത്തോടുകൂടി സ്ഥിതിചെയ്യുകയാണല്ലോ. സൗന്ദര്യലഹരി ശ്ലോ: 25). ഈ ശ്ലോകത്തില്‍ ഇന്ദ്രനില്ല. ആ സ്ഥാനത്തു മഹേശ്വരനാണ് തലയ്ക്കുമുകളില്‍ കൂപ്പിപ്പിടിച്ച കൈകളുമായി സ്ഥിതിചെയ്യുന്നത്.
സൗന്ദര്യലഹരി 22-ാം ശ്ലോകത്തില്‍ മുകുന്ദബ്രഹ്മേന്ദ്ര സ്ഫുടമകുട നീരാജിതപദയായി (മുകുന്ദന്, ബ്രഹ്മാവ്, ഇന്ദ്രന് എന്നിവരുടെ സ്ഫുടമകുടങ്ങളാല് നീരാജനം ചെയ്യപ്പെടുന്ന പാദങ്ങള്‍ ഉള്ളവളായി ദേവിയെ സ്തുതിക്കുന്നുണ്ട്.
വിഷ്ണുവും ബ്രഹ്മാവും ഇന്ദ്രനും മറ്റു ദേവന്മാരും ദേവിയെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്ന അനേകം സന്ദര്‍ഭങ്ങള്‍ പുരാണങ്ങളില്‍ കാണാം.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: