തിരുവനന്തപുരം: കുമാരപുരം ടെന്നീസ് കോംപ്ലക്‌സ് ഇനി മുതല്‍ കായിക കേരളത്തിനു സ്വന്തം. ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം പത്മഭൂഷണ്‍ രാമനാഥന്‍ കൃഷ്ണന്റെ സാന്നിധ്യം കൊണ്ട് പ്രൗഢമായ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ടെന്നീസ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മൂന്ന് പരിശീലന കോര്‍ട്ടുകളും ഒരു പ്രധാന കോര്‍ട്ടും ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയമാണ് ഗെയിംസിനായി ഒരുങ്ങിയത്.
കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.എ വാഹിദ് എംഎല്‍എ, ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ്‍, ഡയറക്ടറേറ്റ് ഓഫ് സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫയേഴ്‌സ് ഡയറക്ടര്‍ പി. പുകഴേന്തി, നാഷണല്‍ ഗെയിംസ് ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.എ. ഹംസ, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍ജിതാ റസല്‍, നാഷണല്‍ ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഗെയിംസ് വേളയില്‍ രാമനാഥന്‍ കൃണന്‍ പ്ലാസ എന്ന പേരിലറിയപ്പെടുന്ന സ്റ്റേഡിയം ഗെയിംസിനു ശേഷം രാമനാഥന്‍ കൃഷ്ണന്‍ ടെന്നീസ് സെന്റര്‍ എന്ന നാമം സ്വീകരിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ഇന്ത്യയിലെ ടെന്നീസ് സ്റ്റേഡിയങ്ങളില്‍ ഭൂരിഭാഗവും ക്ലബ്ബുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കുമാരപുരത്തെ സ്റ്റേഡിയം പൊതുജനങ്ങള്‍ക്കു കൂടി ഉതകുന്ന തരത്തില്‍ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആശങ്കകള്‍ ആവശ്യമില്ലെന്നും ഗെയിംസിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗെയിംസിലെ ടെന്നീസ് മത്സരങ്ങള്‍ക്കായി തയ്യാറായ കുമാരപുരത്തെ സ്റ്റേഡിയത്തിന് തന്റെ പേര് നല്‍കിയതില്‍ അതീവ സന്തുഷ്ടനും ആവേശഭരിതനുമാണെന്ന് ചടങ്ങിലെ മുഖ്യാതിഥിയായ രാമനാഥന്‍ കൃഷ്ന്‍ പറഞ്ഞു.
വരും നാളുകളില്‍ കൂടുതല്‍ ടെന്നീസ് യുവപ്രതിഭകള്‍ കേരളത്തില്‍ നിന്ന് ഉയര്‍ന്നു വരുന്നത് ആകാംക്ഷാപൂര്‍വ്വം ഉറ്റുനോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കായിക ജീവിതത്തിന് പ്രചോദനമായ കേണല്‍ ഗോദവര്‍മ്മ രാജയുടെ ഓര്‍മ്മകളിലൂടെയും അദ്ദേഹം കടന്നു പോയി. കളിക്കളങ്ങളിലെ അതുല്യമായ സംഭാവനകള്‍ മുന്‍നിര്‍ത്തി രാമനാഥന്‍ കൃഷ്ണനെ ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ് ഓണററി മെമ്പര്‍ഷിപ്പ് നല്‍കി ആദരിച്ചു.
















