ഭഗീരഥന്റെ പ്രയത്‌നഫലമായി ഭൂമിയിലേക്കൊഴുകി, സാക്ഷാല്‍ പരമശിവന്റെ തിരുജഡയിലലങ്കാരമായി പരിലസിച്ച പവിത്ര ഗംഗയുടെ അവസ്ഥയും വിഭിന്നമല്ല. മോക്ഷലബ്ധിയ്‌ക്കായി കാശിനാഥനെ വണങ്ങുവാന്‍ ലോകത്തിന്റെ വിവിധ കോണുകളി ല്‍ നിന്നൊഴുകിയെത്തുന്ന ഭക്തരാല്‍ത്തന്നെയാണ് പുണ്യഗംഗയും മലിനമായത്.
സ്വയംഭൂവായ ശിവലിംഗത്തെ തഴുകി പ്രവഹിക്കുന്ന ഭാരതപ്പുഴയും ഒട്ടനവധി ക്ഷേത്രസങ്കേതങ്ങള്‍ നിലകൊള്ളുന്ന തീരങ്ങളെ സമ്മാനിക്കുന്ന പെരിയാറും ദേവചൈതന്യം കുടികൊള്ളുന്ന അസംഖ്യം കാവുകളും മലകളും മൃതിനാശത്തിരയായെങ്കില്‍ അതിലൊക്കെ പ്രതിസ്ഥാനത്ത് ഭക്തസമൂഹവും ഉണ്ടെന്നതാണ് വസ്തുത. ഭാരതീയ വിശ്വാസപ്രകാരം തീര്‍ത്ഥസ്ഥാനങ്ങളുടെ രക്ഷിതാവായി നിലകൊള്ളുകയെന്നത് ഭക്തന്റെ ധര്‍മ്മമാണ്.
‘തീര്‍ത്ഥസ്ഥാനാനാം രക്ഷ, ഭക്താനാം ധര്‍മഃ’ ഇതില്‍ നിന്നൊഴിഞ്ഞുമാറുവാന്‍ ഭക്തന് സാധ്യമല്ല. പ്രഭാതത്തിലുണരുന്ന ഭക്തന്‍ ഭൂമിദേവിയെ തൊട്ടുവന്ദിക്കുന്നു. സമുദ്രം വസ്ത്രമാക്കിയ ദേവീ, പര്‍വ്വതങ്ങള്‍ സ്തനങ്ങളായിട്ടുള്ളതും, വിഷ്ണുപത്‌നിയുമായ ദേവീ, നമസ്‌ക്കാരം, ഈ പാദസ്പര്‍ശം ക്ഷമിച്ചാലുമെന്നുളള പ്രാര്‍ത്ഥനയോടെയാകണം ഭക്തന്റെ നിത്യകര്‍മ്മാനുഷ്ഠാനങ്ങളെന്ന് ഭാരതീയ വിശ്വാസം പ്രതിപാദിക്കുന്നു.
സ്‌നാനാദികര്‍മ്മങ്ങളിലും ഭക്തന്‍ തീര്‍ത്ഥ സ്ഥാനങ്ങളെ സ്മരിക്കുന്നു. ഗംഗയും, യമുനയും, ഗോദാവരിയും, സരസ്വതിയും, നര്‍മ്മദയും, സിന്ധുവും, കാവേരിയും, സ്‌നാനജലത്തില്‍ ഒത്തുചേര്‍ന്നിരിക്കുന്നുവെന്ന പ്രാര്‍ത്ഥനയോടെയാണ് ഭാരതീയന്റെ സ്‌നാനം.
കൃത്യമായ ആചാര പദ്ധതികളും, സങ്കല്‍പ്പങ്ങളുമുണ്ടായിരുന്നിട്ടും ഭക്തസമൂഹത്തിന് എന്താണ് സംഭവിച്ചത്? ഇന്നു സക്രിയമായി ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയത്തിലേയ്‌ക്കുകൂടി കടന്നുചെന്നിട്ടാകാം ആ പ്രശ്‌നത്തിനുള്ള വിശദീകരണം. വിഷയം ആറന്‍മുളത്തേവരുടെ തീര്‍ത്ഥസ്ഥാനങ്ങള്‍ക്കുനേരെ നടന്നുവരുന്ന ധ്വംസനശ്രമങ്ങളെ സംബന്ധിച്ചുള്ളതാണ്.
ആറന്മുളയുടെ സമൃദ്ധിയും സംശുദ്ധിയും വെളിവാക്കിയിരുന്ന നെല്‍വയലുകളും നൂറിലേറെ കാവുകളും ഇല്ലാതാക്കി ഒരു വിമാനത്താവളം സ്വപ്‌നംകണ്ട വ്യവസായസംഘവും അതിനു സര്‍വ്വസന്നാഹങ്ങളുമൊരുക്കി കാടും, വയലും, തോടും മണ്ണിട്ടുമൂടിയ മുഷ്ടിമിടുക്കുള്ള ഭൂമാഫിയാസംഘങ്ങളും ഇക്കൂട്ടര്‍ക്കൊക്കെ സ്തുതിപാടി ആറന്‍മുളതേവരുടെ കൊടിമരത്തിന്റെ ഉയരം വെട്ടിക്കുറയ്‌ക്കുവാന്‍ തന്ത്രംമെനഞ്ഞ അധികാര – രാഷ്‌ട്രീയ വര്‍ക്ഷവും അവിടെയും മൗനംപാലിച്ച ബഹുഭൂരിപക്ഷംവരുന്ന ഭക്തസമൂഹവും ഈശ്വരചൈതന്യം സ്ഫുരിക്കുന്ന തീര്‍ത്ഥസ്ഥാനങ്ങള്‍ എത്ര ലാഘവത്തോടെയാണ് നശിപ്പിക്കപ്പെടുകയെന്ന് കാട്ടിത്തരുന്ന ബിംബങ്ങളായി നിലകൊള്ളുന്നു.
ആറന്മുളയുടെ കാര്യത്തില്‍ നമുക്കൊക്കെ ആശ്വസിക്കുവാനും പ്രതീക്ഷിക്കുവാനും വകയുണ്ട്. ഭക്തസമൂഹത്തിലെ ഒരു ന്യൂനപക്ഷം അഥവാ യഥാര്‍ത്ഥ ഭക്തര്‍, ആദര്‍ശനിഷ്ഠയുള്ള ഒരു നേതൃത്വം, നിരന്തരം ഈ വിഷയത്തില്‍ ഇടപെടുന്നുവെന്നതാണ് അതിനുള്ളകാരണം.
.. തുടരും
















