പാലസ്തീനെതിരായ മത്സരത്തില്‍ ജപ്പാന്റെ യോഷിതോ എന്‍ഡോ ഗോള്‍ നേടുന്നു
ബ്രിസ്ബെയ്ന്‍: ഏഷ്യാകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ജപ്പാനും കരുത്തരായ ഇറാഖിനും വിജയത്തുടക്കം. ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ ജപ്പാന് മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് പാലസ്തീനെ തകര്‍ത്തുവിട്ടപ്പോള്‍ ഇറാഖ് ഏകപക്ഷീയമായ ഒരു ഗോളിന് ജോര്‍ദാനെ കീഴടക്കി. മൂന്ന് പോയിന്റുമായി ജപ്പാനും ഇറാഖുമാണ് ഗ്രൂപ്പില്‍ ഒന്നും രണ്ടും സ്ഥാനത്ത്.
ചരിത്രത്തിലാദ്യമായി ഏഷ്യാകപ്പില്‍ കളിക്കാനെത്തിയ പാലസ്തീനെതിരെ ന്യൂകാസില്‍ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ജപ്പാന്റെ തികഞ്ഞ ആധിപത്യമായിരുന്നു കണ്ടത്. 73-ാം മിനിറ്റില്‍ അഹമ്മദ് ഹര്‍ബി മഹാജ്നക്ക് രണ്ടാം മഞ്ഞക്കാര്‍ഡും മാച്ചിംഗ് ഓര്‍ഡറും ലഭിച്ചശേഷം പത്തുപേരുമായാണ് പാലസ്തീന കളി പൂര്‍ത്തിയാക്കിയത്. കളിയുടെ എട്ടാം മിനിറ്റില്‍ യാഷിതോ എന്‍ഡോയാണ് സാമുറായികളുടെ ആദ്യ ഗോള്‍ നേടിയത്. 25 വാര അകലെനിന്ന് എന്‍ഡോ പറത്തിയ ഇടംകാലന്‍ ഷോട്ടാണ് പാലസ്തീന് ഗോളി റംസി സലേഹിനെ മറികടന്ന് വലയില്‍ കയറിയത്. പിന്നീട് 25-ാം മിനിറ്റില്‍ ജപ്പാന് ലീഡ് ഉയര്‍ത്തി.
ഷിന്‍ജി കഗാവയുടെ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ ഷിന്‍ജി ഒകസാക്കി പാലസ്തീന് വലയിലെത്തിക്കുകയായിരുന്നു. 44-ാം മിനിറ്റില്‍ ജപ്പാന് ലീഡ് 3-0 ആക്കി ഉയര്‍ത്തി. കഗാവയെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് സാമുറായി പട ലീഡ് ഉയര്‍ത്തിയത്. സൂപ്പര്‍താരം കെയ്സുകി ഹോണ്ട എടുത്ത കിക്കാണ് പാല്സതീന്‍ ഗോളിക്ക് ഒരവസരവും നല്‍കാതെ വലയില്‍ കയറിയത് ഇതോടെ ആദ്യ പകുതിയില്‍ ജപ്പാന് 3-0ന് മുന്നിട്ടുനിന്നു. പിന്നീട് കളിയുടെ 50-ാം മിനിറ്റില്‍ ജപ്പാന് ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. കഗാവ എടുത്ത കോര്‍ണറാണ് മയാ യോഷിത ബുള്ളറ്റ് ഹെഡ്ഡറിലൂടെ പാലസ്തീന് വലയിലെത്തിച്ചത്. തുടര്‍ന്നും നിരവധി അവസരങ്ങള്‍ ജപ്പാന് താരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല.
ഗ്രൂപ്പില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ 2007ലെ ചാമ്പ്യന്മാരായ ഇറാഖ് കഷ്ടിച്ചാണ് ജോര്‍ദാനെ മറികടന്നത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 77-ാം മിനിറ്റില്‍ യാസെര്‍ കാസിമാണ് ഇറാഖിന്റെ വിജയഗോള്‍ നേടിയത്.
ഇന്ന് ഗ്രൂപ്പ് എയില്‍ നടക്കുന്ന മത്സരത്തില്‍ രണ്ടാം വിജയം ലക്ഷ്യമാക്കി ആതിഥേയരായ ഓസ്ട്രേലിയയും കരുത്തരായ ദക്ഷിണ കൊറിയയും ഇറങ്ങും. ദക്ഷിണ കൊറിയക്ക് കുവൈറ്റും ഓസ്ട്രേലിയക്ക് ഒമാനുമാണ് എതിരാളികള്‍. ഇന്ന് വിജയിച്ചാല്‍ ഓസ്ട്രേലിയക്കും ദക്ഷിണ കൊറിയക്കും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം ഉറപ്പിക്കാം.
















