ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും ശനിദശ. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ സമനില പാലിക്കേണ്ട വന്ന മാഞ്ചസ്റ്റര്‍ യുണെറ്റഡിന് ഇന്നലെ പരാജയമേല്‍ക്കേണ്ടിവന്നു.
ലീഗില്‍ നാലാം സ്ഥാനത്തുള്ള സതാംപ്ടനാണ് മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്ററിനെ എവേ മത്സരത്തില്‍ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സതാംപ്ടന്‍ ഓള്‍ഡ് ട്രഫോര്‍ഡില്‍ യുണൈറ്റഡിനെ കെട്ടുകെട്ടിച്ചത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 69-ാം മിനിറ്റില്‍ ദുസാന്‍ ടാഡിക്കാണ് സതാംപ്ടന്റെ വിജയഗോള്‍ കുറിച്ചത്. എല്‍ജറോ എലിയക്ക് പകരം 63-ാം പകരക്കാരനായാണ് ടാഡിക്ക് ഇറങ്ങിയത്.
27 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഓള്‍ഡ് ട്രഫോര്‍ഡില്‍ വച്ച് സതാംപ്ടണ്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കീഴടക്കുന്നത്. വിജയത്തോടെ സതാംപ്ടണ്‍ 21 കളികളില്‍ നിന്ന് 39 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 37 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പന്ത് കൂടുതല്‍ സമയം കൈവശം വെച്ചത് ഡി മരിയ, വെയ്ന്‍ റൂണി, വാന്‍പെഴ്‌സി, ജുവാന്‍ മാട്ട തുടങ്ങിയവരുള്‍പ്പെട്ടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡായിരുന്നെങ്കിലും ഒരിക്കല്‍ പോലും ലക്ഷ്യത്തിലേക്ക് ഷോട്ട് പായിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കളിയിലുടനീളം അവര്‍ പായിച്ച പത്ത് ഷോട്ടുകളും ലക്ഷ്യത്തിന് അകലേക്കായിരുന്നു. അതേസമയം ഒമ്പത് ഷോട്ടുകള്‍ പായിച്ച സതാംപ്ടണ്‍ ഒരെണ്ണം വലയില്‍ കയറ്റുകയും ചെയ്‌യതു. അപരാജിതരായി 15 മത്സരങ്ങള്‍ പിന്നിട്ടശേഷമാണ് യുണൈറ്റഡിന്റെ തോല്‍വി.
തുടക്കം മുതല്‍ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യപകുതിയില്‍ ഗോള്‍ വിട്ടുനിന്നു. പിന്നീട് കളിയുടെ 69-ാം മിനിറ്റില്‍ മത്സരത്തിലെ നിര്‍ണായക ഗോള്‍ പിറന്നു. ഡുസാന്‍ ടാഡിക്കിന്റെ പാസില്‍ നിന്ന് ഗ്രസിയാനോ പെല്ലെ പായിച്ച ഇടംകാലന്‍ ഷോട്ട് സൈഡ് പോസ്റ്റില്‍ത്തട്ടി തെറിച്ചു. റീബൗണ്ട് പന്ത് പിടിച്ചെടുത്ത ഡുസാന്‍ ടാഡിക്ക് മറ്റൊരു സുന്ദരമായ ഇടംകാലന്‍ ഷോട്ടിലൂടെ മാഞ്ചസ്റ്റര്‍ വലയില്‍ പന്തെത്തിക്കുകയായിരുന്നു. പിന്നീട് സമനിലക്കായി ആഞ്ഞുപൊരുതിയെങ്കിലും സതാംപ്ടണ്‍ പ്രതിരോധം കോട്ടകെട്ടി കാത്തതോടെ യുണൈറ്റഡ് ആക്രമണമെല്ലാം അവയില്‍ത്തട്ടി തകരുകയായിരുന്നു.
















