കൊച്ചി: 2017-ല്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിന് മുന്നോടിയായി ഫിഫ റീജിയണല്‍ ഡെവലപ്മെന്റ് ഓഫീസര്‍ ഷാജി പ്രഭാകര്‍ എറണാകുളത്തെ അംബേദ്കര്‍ സ്റ്റേഡിയത്തില്‍ ഇന്നലെ പരിശോധന നടത്തി.
ഫിഫയുടെ മാനദണ്ഡം അനുസരിച്ചു പണിപുരോഗമിക്കുന്ന കൊച്ചി അംബേദ്കര്‍ സ്റ്റേഡിയത്തില്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം. കേരള സര്‍ക്കാര്‍ വളരെ അനുകൂലമായാണു പ്രതികരിക്കുന്നത്. ഇവിടെ നോഡല്‍ ഓഫിസറെ വരെ സര്‍ക്കാര്‍ നിയമിച്ചു കഴിഞ്ഞു. അടുത്ത മാസത്തോടു കൂടി ഓള് ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് അണ്ടര്‍ 17 ലോകകപ്പിനുള്ള വേദികളുടെ അന്തിമ പട്ടിക പ്രഖ്യാപിക്കും.
കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ സീറ്റുകളില്‍ മാത്രമേ പ്രവേശനം നല്കാന് സാധിക്കുവെന്ന് അദ്ദേഹം അറിയിച്ചു. ഗ്യാലറിയില്‍ ആളുകളെ പ്രവേശിപ്പിക്കാനാവില്ല. അവിടെയും സീറ്റുകള്‍ പിടിപ്പിക്കേണ്ടി വരും. ഇതു ഫിഫയുടെ നിയമമാണ്. കാണികള്‍ക്കു മെച്ചപ്പെട്ട സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍, ജിസിഡിഎ ചെയര്മാന് എന്‍. വേണുഗോപാല്‍, ഹൈബി ഈഡന് എംഎല്‍എ, മേയര്‍ ടോണി ചമ്മണി എന്നിവരും ഷാജി പ്രഭാകറിന് ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം അംബേദ്ക്കര്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ഫുട്ബോള്‍ ടര്‍ഫിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ ഫിഫയുടെ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് എറിക് ഹാരിസണ്‍ എത്തിയിരുന്നു. ഇദ്ദേഹം തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അംബേദ്ക്കര്‍ സ്റ്റേഡിയത്തിന്റെ പണി ഏപ്രിലിന് മുമ്പായി പൂര്‍ത്തിയാക്കണമെന്നാണ് ഫിഫ നിര്‍േദശം നല്‍കിയിരിക്കുന്നത്.
















