കൊച്ചി: സിസിഎല്‍ അഞ്ചാം എഡിഷന് 10ന് കൊച്ചിയില്‍ തുടക്കം. ഉദ്ഘാടനചടങ്ങുകള്‍ മാത്രമാണ് ആദ്യദിനം നടക്കുക. 11നാണ് മത്സരങ്ങള്‍ ആരംഭിക്കുക. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ 11ന് ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ഉദ്ഘാടന മത്സരത്തില്‍ അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് ചെന്നൈ റൈനോസിനെ നേരിടും. വൈകിട്ട് 7.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ കര്‍ണാടക ബുള്‍ഡോസേഴ്‌സ് തെലുഗു വാരിയേഴ്‌സിനെ നേരിടും.
കഴിഞ്ഞ വര്‍ഷം 36 റണ്‍സിനു കേരള സ്‌ട്രൈക്കേഴ്‌സിനെ പരാജയപ്പെടുത്തി കര്‍ണാടക ബുള്‍ഡോസേഴ്‌സാണ് കപ്പ് നേടിയത്. രണ്ടും മൂന്നും സീസണുകളില്‍ കേരള സ്‌ട്രൈക്കേഴ്‌സ് സെമിയില്‍ എത്തിയിരുന്നു. താരങ്ങളായ ഭാവന, മൈഥിലി എന്നിവരാണ് സൂപ്പര്‍ താരം മോഹന്‍ലാല്‍ നോണ്‍പ്ലെയിങ് ക്യാപ്റ്റനായ ടീമിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍. കഴിഞ്ഞ വര്‍ഷത്തെപ്പോലെത്തന്നെ രാജീവ് പിള്ളയാണ് ടീമിനെ നയിക്കുന്നത്. നിവിന്‍ പോളി, മണികണ്ഠന്‍, റിയാസ് ഖാന്‍, സുരേഷ് നായര്‍, ആസിഫ് അലി, കൃഷ്ണകുമാര്‍, വിവേക് ഗോപന്‍ എന്നിവരാണ് ടീമിലെ ശ്രദ്ധേയ താരങ്ങള്‍.
കൊച്ചി, മുംബൈ, അഹമ്മദാബാദ്, ബാഗ്ലൂര്‍, ഹൈദരാബാദ്, ദല്‍ഹി എന്നിവിടങ്ങളിലാണ് മത്സരം നടക്കുന്നത്. ഹൈദരാബാദിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ 31ന് സെമി ഫൈനലും ഫെബ്രുവരി ഒന്നിന് ഫൈനല്‍ മത്സരങ്ങളും നടക്കും. ബംഗാള്‍ ടൈഗേഴ്‌സ്, ഭോജ്പുരി ധബ്ബാങ്‌സ്, ചെന്നൈ റൈനോസ്, കര്‍ണാടക ബുള്‍ഡോസേഴ്‌സ്, അമ്മ കേരള സ്‌ട്രൈക്കേഴ്‌സ്, മുംബൈ ഹീറോസ്, തെലുഗു വാരിയേഴ്‌സ്, വീര്‍ മറാത്ത എന്നിങ്ങനെ എട്ട് ടീമുകളാണ് ഇത്തവണ കളത്തിലിറങ്ങുന്നത്. എട്ട് ടീമുകളെയും രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്.
















