ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് നേടിയ മഹാവിജയങ്ങളില്‍ അമൂല്യ സംഭാവനകള്‍ നല്‍കിയ പ്രതിഭയാണ് യുവരാജ് സിങ്. പക്ഷേ, 2015ലെ ഏകദിന ലോകകപ്പ് ക്രിക്കറ്റിനുള്ള ടീമില്‍ യുവിക്ക് ഇടം ലഭിക്കുമെന്ന് അദ്ദേഹത്തിന്റെ കടുത്ത ആരാധകര്‍ പോലും ഇപ്പോള്‍ കരുതുന്നില്ല. എന്നാല്‍ അതിനുള്ള സാധ്യതകള്‍ തെളിയുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. തോളിനു പരിക്കേറ്റ രവീന്ദ്ര ജഡേജ ഫിറ്റ്‌നസ് തെളിയിച്ചില്ലെങ്കില്‍ അത് യുവിയുടെ നിനച്ചരിക്കാത്ത തിരിച്ചുവരവ് സാധ്യമായേക്കും.
2007 ട്വന്റി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും ഇന്ത്യയെ കിരീടത്തിലെത്തിക്കുന്നതില്‍ യുവി നല്‍കിയ സംഭാവനകള്‍ ചില്ലറയല്ല. ബാറ്റുകൊണ്ടും പന്തുകൊണ്ടും യുവരാജന്‍ നമുക്ക് സമ്മാനിച്ചതാണ് ആ നേട്ടങ്ങള്‍. എങ്കിലും കാന്‍സര്‍ രോഗത്തില്‍ നിന്നു മുക്തിനേടിയശേഷം കളത്തിലെത്തിയ യുവി പഴയ യുവിയായില്ല.
കഴിഞ്ഞ ട്വന്റി20 ലോകകപ്പിലെ നിരാശപ്പെടുത്തുന്ന പ്രകടനം യുവിയെ സെലക്ടര്‍മാരുടെ കണ്ണിലെ കരാടാക്കി. ആ 33 മൂന്നുകാരനെ മറികടന്ന് യുവാക്കള്‍ ടീമില്‍ സ്ഥിരസ്ഥാനക്കാരായി. പ്രതീക്ഷിച്ചതുപോലെ, വരുന്ന ഏകദിന ലോകകപ്പിനുള്ള 30 അംഗ സാധ്യതാ ടീമിലേക്കും യുവരാജ് പരിഗണിക്കപ്പെട്ടില്ല. എന്നാല്‍ യുവയിലെ പോരാളി സ്വന്തം മികവിനെ രാകി മിനുക്കിക്കൊണ്ടിരുന്നു.
രഞ്ജി ട്രോഫിയില്‍ അടുത്തടുത്ത മൂന്നു സെഞ്ച്വറികളിലൂടെ (130, 136, 182)താന്‍ ഫോമിലാണെന്ന് അടിവരയിട്ടു. ആ സെഞ്ച്വറി പ്രകടനങ്ങളാണ് യുവിയെ സെലക്ടര്‍മാരുടെ ശ്രദ്ധയില്‍ വീണ്ടും കൊണ്ടുവരുന്നത്. പ്രാഥമിക ടീമില്‍ ഇല്ലാത്തയൊരാളെ ഫൈനല്‍ ഇലവനില്‍ ഉള്‍പ്പെടുത്തുന്നതില്‍ ആസ്വാഭാവികമായൊന്നുമില്ല. ഓള്‍ റൗണ്ടര്‍ എന്ന നിലയിലാണ് ജഡേജ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത്. കണക്കുകളും പ്രകടനപരതയും വച്ചുനോക്കിയാല്‍ ജഡേജെയക്കാളും നല്ല ഓള്‍ റൗണ്ടര്‍ യുവിയാണെന്നു പറയേണ്ടിവരും.
വലിയ മത്സരങ്ങള്‍ ജയിക്കാനുള്ള പ്രാപ്തിയും എതിരാളികളില്‍ ഭീതിവിതയ്‌ക്കാനുള്ള ശേഷിയും യുവിയോളം മറ്റാര്‍ക്കുമില്ലതാനും. യുവരാജിലെ മാച്ച് വിന്നറെ എന്നും ഏവരും ആദരിക്കുന്നു. നാളെയാണ് ലോകകപ്പ് ടീം പ്രഖ്യാപിക്കുന്നത്. കായികക്ഷമത വീണ്ടെടുക്കാന്‍ ജഡേജ ആവതു ശ്രമിക്കുന്നുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ അതെത്ര ഫലവത്താകുമെന്നു കണ്ടറിയേണ്ടിരിക്കുന്നു. ജഡേജ ചീഞ്ഞ് യുവരാജിന് വളമാകുമോ?. കാത്തിരുന്നുകാണാം.
















