വെല്ലിങ്ടണ്‍: ക്രീസിലെ നിത്യഹരിതനായകനാണ് കുമാര്‍ സംഗക്കാര. വെല്ലിങ്ടണില്‍ അതൊരിക്കല്‍ക്കൂടി വെളിപ്പെട്ടു. കരിയറിലെ 11-ാം ഡബിള്‍ സെഞ്ച്വറിയുമായി സംഗ കത്തിക്കയറിയപ്പോള്‍ ന്യൂസിലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്ക് 135 റണ്‍സിന്റെ ലീഡ്. പതിനെട്ടു ഫോറുകളും മൂന്നു സിക്‌സറുമടക്കം 203 റണ്‍സ് വാരിയ സംഗക്കാരയുടെ മികവില്‍ ലങ്ക ആദ്യ ഇന്നിംഗ്‌സില്‍ 356 എന്ന സ്‌കോര്‍ പടുത്തുയര്‍ത്തി. കിവികളുടെ ഒന്നാം ഇന്നിംഗ്‌സ് 221ല്‍ അവസാനിച്ചിരുന്നു.
5ന് 78 എന്ന നിലയില്‍ രണ്ടാം ദിനം കളിയാരംഭിച്ച ലങ്കയെ സംഗവീര്യം മുന്നോട്ടുനയിച്ചു. തുടക്കത്തില്‍ അല്‍പ്പം അലസതകാട്ടിയ സംഗക്കാര പിന്നീട് ആക്രമണോത്സുക ഷോട്ടുകള്‍ ഉതിര്‍ത്തു. ദിനേശ് ചന്ദിമലുമൊത്ത് (67) 130 റണ്‍സിന്റെ നിര്‍ണായക സഖ്യം പടുത്തുയര്‍ത്തി. പിന്നീട് സുരാംഗ ലാക്മലുമായി (5) ചേര്‍ന്ന് 67 റണ്‍സും സ്വരുക്കൂട്ടി. അതില്‍ 62ഉം സംഗയുടെ വകയായിരുന്നു.
ഇതിനിടെ ഏഷ്യയ്‌ക്കു പുറത്തെ രണ്ടാം ഡബിള്‍ സെഞ്ച്വറിയും സംഗക്കാര എത്തിപ്പിടിച്ചു. ഇരട്ട ശതകങ്ങളുടെ കാര്യത്തില്‍ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍ (12) മാത്രമേ ഈ ലങ്കന്‍ പ്രതിഭയ്‌ക്കു മുന്നിലുള്ളു.
വെല്ലിങ്ടണില്‍ സംഗക്കാര സെഞ്ച്വറി കുറിക്കുന്നതും ഇതു രണ്ടാം തവണ. 2006ലെ 156 ഇതിനു മുന്‍പത്തെ സെഞ്ച്വറി പ്രകടനം. ആതിഥേയര്‍ക്കുവേണ്ടി ട്രന്റ് ബൗള്‍ട്ടും ജയിംസ് നീഷവും ഡഗ് ബ്രേസ്‌വെല്ലും മൂന്നു വിക്കറ്റുകള്‍ വീതം പിഴുതു.
രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ന്യൂസിലാന്റ് വിക്കറ്റ് കളയാതെ 22 റണ്‍സ് നേടിയിട്ടുണ്ട്. ടോം ലതാം (9), ഹാമിഷ് റുതര്‍ഫോര്‍ഡ് (12) എന്നിവര്‍ ക്രീസില്‍.
















