സിഡ്‌നി: ഇന്ത്യയ്‌ക്കെതിരായ അവസാന ടെസ്റ്റിന് തയ്യാറെടുക്കുന്ന ആസ്‌ട്രേലിയന്‍ ടീമിന് ഇരട്ടപ്രഹരം. പരിക്കേറ്റ പേസര്‍ മിച്ചല്‍ ജോണ്‍സന്‍ സിഡ്‌നി ടെസ്റ്റില്‍ കളിക്കില്ലെന്ന് ഉറപ്പായതിനു പിന്നാലെ വിശ്വസ്തനായ ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍ ശാരീരികമായ അസ്വസ്ഥതകളെ തുടര്‍ന്ന് പരിശീലിക്കാതെ മടങ്ങി.
മെല്‍ബണിലെ മൂന്നാം ടെസ്റ്റിനിടെ പേശിവലിവ് അനുഭവപ്പെട്ട ജോണ്‍സന്‍ ശനിയാഴ്ച പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. ജോണ്‍സന്റെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച ഫിസിയോ അലെക്‌സ് കൗണ്ടോറിസ് താരത്തിന് കളിക്കാന്‍ സാധിക്കില്ലെന്നു സ്ഥിരീകരിച്ചു. ത്രിരാഷ്‌ട്ര ഏകദിന പരമ്പരയ്‌ക്കു മുന്നോടിയായി ജോണ്‍സന്‍ സുഖംപ്രാപിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്നലെ പരിശീലനത്തിനിറങ്ങിയ വാട്‌സന്‍ സുഖമില്ലായെന്നു പറഞ്ഞു കരകയറുകയായിരുന്നു. പാഡണിഞ്ഞ് ബാറ്റിംഗ് പ്രാക്ടീസിനെത്തിയ വാട്‌സന്‍ ഒന്നു രണ്ടു പന്തുകള്‍ നേരിട്ടശേഷം മടങ്ങി.
ടീം ഡോക്ടര്‍ പീറ്റര്‍ ബ്രൂക്‌നറും വാട്‌സനൊപ്പമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പീറ്റര്‍ സിഡിലിനും മിച്ചല്‍ സ്റ്റാര്‍ക്കിനുമൊക്ക പകരക്കാരുടെ റോള്‍ ലഭിക്കാന്‍ സാധ്യത തെളിഞ്ഞു.
















