ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂളുമായുള്ള രണ്ടര പതിറ്റാണ്ടു നീണ്ട ബന്ധം മിഡ്ഫീല്‍ഡ് ജനറല്‍ സ്റ്റീവന്‍ ജെറാഡ് അവസാനിപ്പിക്കുന്നു. ഈ സീസണോടെ തന്റെ പ്രിയ ക്ലബ്ബ് വിടാന്‍ ജെറാഡ് തീരുമാനിച്ചു. കരാര്‍ പുതുക്കാനുള്ള വാഗ്ദാനം ടീം അധികൃതര്‍ മുന്നോട്ടുവച്ചെങ്കിലും ജെറാഡ് നിരസിച്ചു.
ജെറാഡിന്റെ അവസാന പ്രീമിയര്‍ ലീഗ് സീസണ്‍കൂടിയാവുമിത്. അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗില്‍ മുന്‍ ഇംഗ്ലീഷ് നായകന്‍ ഇനി പന്തു തട്ടുമെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പിനു പിന്നാലെ അന്താരാഷ്‌ട്ര ഫുട്‌ബോളിനോട് ജെറാഡ് വിടപറഞ്ഞിരുന്നു.
ജീവിതത്തിലെ ഏറ്റവും പ്രയാസമുള്ള തീരുമാനം. ഞാനും കുടുംബവും ഏറെനാളായി ഇതേപ്പറ്റിയുള്ള ഉത്കണ്ഠയിലായിരുന്നു, ജെറാഡ് പറഞ്ഞു.
ഇനിയും കളത്തില്‍ തുടരും. പക്ഷേ, ലിവര്‍പൂളിനെതിരെ കളിക്കില്ല. ജീവിതത്തില്‍ വ്യത്യസ്തമായ അനുഭവങ്ങള്‍ വേണമെന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. കരിയര്‍ അവസാനിക്കുമ്പോള്‍ പശ്ചാത്തപിക്കേണ്ടിവരരുതെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടായിരുന്നു, 34 കാരനായ ജെറാഡ് കൂട്ടിച്ചേര്‍ത്തു.
ഒമ്പതാം വയസിലാണ് ജെറാഡ് ലിവര്‍പൂളിന്റെ ഭാഗമായത്. ഇതുവരെ ആകെ 695 മത്സരങ്ങളില്‍ ലിവറിന്റെ ജഴ്‌സിയണിഞ്ഞു. 180 ഗോളുകള്‍ നേടി.
പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ എണ്ണം 494. ലീഗില്‍ 116 തവണ എതിര്‍ വല ചലിപ്പിച്ചു. ചാമ്പ്യന്‍സ് ലീഗ് കിരീടം, രണ്ട് എഫ്എ കപ്പുകള്‍, യുവേഫ കപ്പ്, മൂന്ന് ലീഗ് കപ്പുകള്‍, കമ്യൂണിറ്റി ഷീല്‍ഡ്, രണ്ട് യുവേഫ സൂപ്പര്‍ കപ്പുകള്‍ എന്നിവ ജെറാഡ് ലിവറിന്റെ ഷെല്‍ഫിലെത്തിച്ചിട്ടുണ്ട്.
ടീമിന്റെ ക്യാപ്ടന്‍ സ്ഥാനംവഹിക്കുന്ന ജെറാഡ് പുതിയ പാളയം തേടുമെന്നു ഒക്‌ടോബറില്‍ ഒരഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
















