ന്യൂദല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടന്‍സിക്കു പിന്നാലെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്‌ലിക്ക് മറ്റൊരു പുതുവത്സര സമ്മാനം. ട്വിറ്ററില്‍ കോഹ്‌ലിയുടെ ആരാധകരുടെ എണ്ണം 50 ലക്ഷമായിരിക്കുന്നു. ട്വിറ്ററിലെ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറെ നേരത്തെ കോഹ്‌ലി പിന്തള്ളിയിരുന്നു.
നിലവില്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യന്‍ കായിക താരവും വിരാട് തന്നെ. ഉശിരന്‍ പ്രകടനങ്ങളിലൂടെ റണ്‍സ് വാരുന്ന കോഹ്‌ലി ലക്ഷക്കണിക്കിന് പേര്‍ക്ക് പ്രിയങ്കരനായിക്കഴിഞ്ഞു. ആസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ എതിര്‍ താരങ്ങളുമായി കോഹ്‌ലി പലവട്ടം കൊമ്പുകോര്‍ത്തിരുന്നു. ആ ചൂടന്‍ പെരുമാറ്റത്തെ ചിലരൊക്കെ വിമര്‍ശിക്കുകയും ചെയ്തു. അതൊന്നും താരത്തിന്റെ ആരാധകരുടെ എണ്ണത്തില്‍ കുറവ് വരുത്തിയില്ലെന്ന് കണക്കുകള്‍ തെളിയിക്കുന്നു.
















