കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ലക്ഷ്യം തെറ്റിവന്ന റോക്കറ്റ് കല്യാണ വീട്ടില്‍ പതിച്ച് 20 പേര്‍ കൊല്ലപ്പെട്ടു. നാല്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദക്ഷിണ അഫ്ഗാനില്‍ ഹെല്‍മണ്ട് പ്രദേശത്താണ് സംഭവം.
സൈന്യവും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് റോക്കറ്റ് ലക്ഷ്യം തെറ്റി കല്യാണ വീട്ടില്‍ പതിച്ചത്. വധുവിനെ സ്വീകരിക്കാനായി വീട്ടുമുറ്റത്തു നിന്നവരാണ് മരണമടഞ്ഞത്. ഇവരില്‍ ഏറെയും കുട്ടികളും സ്ത്രീകളുമാണ്.
ഇതില്‍ വീട്ടുടമയുടെ ഒമ്പത് മക്കളും പെടും. പരിക്കേറ്റവരെ ലഷ്‌കര്‍ ഗാഹിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
അഫ്ഗാനിലെ ദൗത്യം മതിയാക്കി നാറ്റോ സേന പിന്‍വാങ്ങുന്നതിന്റെ അവസാനദിനമായ ബുധനാഴ്ച താലിബാന്‍ കടുത്ത ആക്രമണം അഴിച്ചുവിട്ടിരുന്നു. പുതുവര്‍ഷം മുതല്‍ സഖ്യസേനയിലെ അംഗങ്ങള്‍ അഫ്ഗാന്‍ സേനയെ പരിശീലിപ്പിക്കുന്നതില്‍ മാത്രമാണ് വ്യാപൃതരാവുക.
2001ല്‍ സഖ്യസേന എത്തിയതിനു ശേഷം താലിബാനുമായുള്ള പോരാട്ടത്തില്‍ അഫ്ഗാന്‍ സുരക്ഷാസേനയിലെ 4600 അംഗങ്ങളെയാണ് നഷ്ടമായത്. താലിബാന്‍ വകവരുത്തിയവരില്‍ നാറ്റോ സേനയുടെ 3500 ഭടന്‍മാരും ഉള്‍പ്പെടും. 2014 ല്‍ സഖ്യസേനാംഗങ്ങള്‍ പിന്‍വാങ്ങുമ്പോഴും താലിബാന്റെ പിടിയില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാനായിട്ടില്ലെന്നതാണ് വസ്തുത.
















